Pages

ജർമ്മനിയിലെ കുപ്രസിദ്ധമായ പണപ്പെരുപ്പം.

ജർമ്മനിയിലെ കുപ്രസിദ്ധമായ പണപ്പെരുപ്പം.

അതാത് രാജ്യങ്ങളിലെ കറൻസി ഉപയോഗിച്ച് അവശ്യവസ്തുക്കൾ വാങ്ങുന്നതിനുള്ള ശേഷിയാണ് കറൻസിയുടെ മൂല്യം നിർണ്ണയിക്കുന്നത്. ഏറ്റവും ലളിതമായി നിർവചിച്ചാൽ ഒരു രാജ്യത്തെ ഒരു അവശ്യ വസ്തു ഇന്നേ ദിവസം 100 കറൻസി കൊടുത്ത് വാങ്ങി അടുത്ത വർഷം 110 കറൻസി കൊടുത്താലേ വാങ്ങുവാൻ സാധിക്കുകയുള്ളൂവെങ്കിൽ 10% പണപ്പെരുപ്പം[ Inflation ] ഒരു വർഷത്തിനിടയിൽ സംഭവിച്ചെന്നു പറയാം .
ഒന്നാം മഹായുദ്ധ ശേഷം വിജയികളായ രാജ്യങ്ങൾ ജർമ്മനിയിൽ അടിച്ചേൽപിച്ച ഭീമമായ സാമ്പത്തിക ബാദ്ധ്യത മൂലം ഉണ്ടായ ജർമ്മൻ hyperinflation 1921 ജൂൺ മുതൽ 1924 ജനുവരി വരെ നീണ്ടു നിന്നു.
രാഷ്ട്രീയമായ പലമാറ്റങ്ങൾക്കും, ഹിറ്റ് ലറിന് ഉയർന്നു വരാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുത്തതും ,സാധാരണ ജനങ്ങളുടെ ജീവിതം അസാദ്ധ്യമാം വിധം ദുസ്സഹമാക്കിയതുമൊക്കെ ഈ കാലയളവിലെ സാമ്പത്തിക അവസ്ഥയായിരുന്നു .
ഒന്നാം ലോക മഹായുദ്ധകാലത്ത് Gold Standard [ കറസി – സ്വർണ്ണ വിനിമയം] നിർത്തലാക്കിയ ജർമ്മനി ഭീമമായ കടമെടുത്താണ് യുദ്ധ ത്തിൽ പങ്കെടുത്തത്. യുദ്ധത്തിലെ തോൽവിയും, വേർഴ്സായ്സ് ഉടമ്പടി പ്രകാരം ജേതാക്കളോടുള്ള ഭീമമായ കടവും ജർമ്മനിയെ തകർത്തതോടെ 4.2 മാർക്കിനു പകരം 7.9 മാർക്കിനു ഒരു ഡോളർ എന്ന വിനിമയ നിരക്ക് വന്നു. 1919ൽ ഇത് 48 മാർക്കായി .1921ൽ 90 മാർക്കായി .1921ൽ 2 ബില്യൺ മാർക്കും കയറ്റുമതിയുടെ 26% ഉം ബ്രിട്ടൺ ആവശ്യപ്പെട്ടതോടെ ഒരു ഡോളറിന് 330 മാർക്ക് എന്ന നിലയിലേക്ക് ജർമ്മൻ കറൻസി [ മാർക്ക് ] യുടെ മൂല്യം ഇടിഞ്ഞു.
1922 ജൂണിലെ JP Morgan നിക്ഷേപ ബാങ്കിൻ്റെ കോൺഫൻ സിനു ശേഷം 7400 മാർക്കിന് ഒരു ഡോളർ എന്ന പരിതാപകരമായ അവസ്ഥയിലെത്തി ജർമൻ സാമ്പത്തിക രംഗം.1923 ൽ ജർമ്മനിയുടെ വ്യവസായ വികസിത പ്രദേശമായ Ruhr ബെൽജിയവും ,ഫ്രാൻസും കൈവശമാക്കിയതോടെ കാര്യങ്ങൾ വീണ്ടും മോശമായി .
1923 ൽ 2790 gold mark ന് ഒരു കിലോഗ്രാം സ്വർണ്ണം എന്ന് നിജപ്പെടുത്തിയ ശേഷം ഈ പണപ്പെരുപ്പം നിയന്ത്രണ വിധേയമായി .
വിശപ്പ് ,തൊഴിലില്ലായ്മ ,ദാരിദ്രം ,അക്രമങ്ങൾ ,കൊള്ള എന്നിവ സർവസാധാരണമായിരുന്ന ഇക്കാലയളവിൽ ഒരു കുട്ട നിറയെ കറൻസിയുമായി പോയാലെ ഒരു ബൺ ലഭിക്കുമായിരുന്നുള്ളൂ. മിക്കപ്പോഴും ആക്രമികൾ ആ കുട്ട ആക്രമിച്ച് വിലയില്ലാത്തപണം ഉപേക്ഷിക്കമായിരുന്നു. കാരണം കുട്ടയ്ക്ക് കുട്ടയിൽ ഉള്ള പണത്തേക്കാൾ വില ലഭിക്കുമായിരുന്നു.


ഇത്തരമൊരവസ്ഥയിലാണ് താരതമ്യേന പുതുമുഖമായ ഹിറ്റ്ലർ രക്ഷകനെന്ന പോലെ രാഷ്ട്രീയത്തിലേക്ക്‌ വരുന്നത്. ചാൻസലറായി 1933 മുതൽ ആദ്യ 5-6 വർഷങ്ങളിലെ ചിട്ടയായ ഭരണ പരിഷ്കാരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക – സൈനിക ശക്തിയായി ജർമ്മനിയെ ഉയർത്തി. കഴിവുള്ള ഭരണാധികാരികൾ “ശൂന്യതയിൽ നിന്നും അത്ഭുതങ്ങൾ ” സൃഷ്ടിക്കുന്നവരാണെന്നതിന് ഒരുദാഹരണമാണിത്. ഇത്രയും മോശം അവസ്ഥയല്ലെങ്കിലും 1990 കളിൽ ഇന്ത്യയിലും സാമ്പത്തിക നില വളരെ മോശമായിരുന്നു. ജർമനി 15 വർഷങ്ങൾക്കു ശേഷം super power ആയത് വച്ച് താരതമ്യം ചെയ്താൽ നാം എവിടെയും എത്തിയിട്ടില്ല. തൻ്റെ എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയ സാമ്പത്തിക പരിഷ്കരണത്തിലൂടെ ഹിറ്റ്ലർ 2 വർഷങൾക്കുള്ളിൽ വിമർശകരെ സ്തുതിപാഠകരാക്കി മാറ്റി .ഒരു ഭരണാധികാരിയുടെ കഴിവ് തെളിയിക്കാൻ ദശാബ്ദമോ, ശതാബ്ദമോ വേണമെന്ന് വിശ്വസിക്കുന്നവർക്കുള്ള പാoമാണിത്.
വാൽക്കഷണം: റോമാ സാമ്രാജ്യത്തിൽ പണപ്പെരുപ്പം രൂക്ഷമായി വിനിമയ മൂല്യം കുറഞ്ഞ സമയങ്ങളിലാണ് ചക്രവർത്തിമാർ അട്ടിമറിക്കപ്പെട്ട കയോ ,കൊല്ലപ്പെടുകയോ ചെയ്തിരുന്നതെന്നത് റോമാ സാമ്രാജ്യത്തിൻ്റെ വിശാലതയും, ശക്തിയുമില്ലാത്ത ആധുനിക കാലത്തെ രാജ്യങ്ങളുടെ ഭരണാധികാരികൾക്ക് ചരിത്രം നൽകുന്ന മുന്നറിയിപ്പാണ്.

Equation of life


ഒരു ഗ്രഹത്തിലോ അതിന്റെ സ്വാഭാവിക ഉപഗ്രഹത്തിലോ ജീവന്‍ ഉദ്ഭവിക്കുന്നതിനും വളര്‍ന്നുവികസിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള കഴിവാണ് ഹാബിറ്റബിലിറ്റി. സൗരയൂഥം ജീവനുദ്ഭവിക്കുന്നതിനും വളര്‍ന്നുവികസിക്കുന്നതിനുള്ള അനുകൂലനങ്ങളുള്ള മേഖലയാണ്. ജീവന്റെ നിലനില്‍പിന് ഏറ്റവും ആവശ്യമായിട്ടുള്ളത് സ്ഥിരമായുള്ളൊരു ഊര്‍ജസ്രോതസ്സാണ്. നക്ഷത്രങ്ങളാണ് ഊര്‍ജദായകര്‍. എന്നാല്‍, അതുകൊണ്‍ുമാത്രം ജീവന്‍ ഉദ്ഭവിക്കണമെന്നില്ല. നിരവധി ഭൗതിക, രാസ, ജ്യോതിശാസ്ത്ര സമവാക്യങ്ങള്‍ ഒത്തുചേരേണ്‍ത് അതിനാവശ്യമാണ്. നിലവിലുള്ള ധാരണയനുസരിച്ച് ജലമാണ് ജീവന്റെ അടിസ്ഥാനം. ദ്രാവകരൂപത്തില്‍ ജലം നിലനില്‍ക്കുന്ന മേഖലയില്‍ മാത്രമേ ജീവന് സാധ്യതയുള്ളൂ എന്ന നിഗമനമാണ് ഇപ്പോഴുള്ളത്. നക്ഷത്രങ്ങളില്‍നിന്നു പുറപ്പെടുന്ന ഊര്‍ജമുപയോഗിച്ച് സങ്കീര്‍ണങ്ങളായ ജൈവ തന്മാത്രകള്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ ജലസാന്നിധ്യം അനിവാര്യമാണ്.
പ്രപഞ്ചത്തില്‍ ഏതെങ്കിലുമൊരു ദ്രവ്യപിണ്ഡത്തില്‍ ജീവന്‍ ഉദ്ഭവിച്ചു വികസിക്കണമെങ്കില്‍ നിരവധി സാഹചര്യങ്ങള്‍ ഒത്തുവരണം. ദ്രവ്യരൂപത്തിന്റെ വലിപ്പം, പിണ്ഡം, ഭ്രമണപഥത്തിന്റെ സവിശേഷതകള്‍, അന്തരീക്ഷം, ഉപരിതല ഘടന, ജലസാന്നിധ്യം, ജൈവതന്മാത്രകള്‍ സൃഷ്ടിക്കപ്പെടുന്ന തരത്തിലുള്ള രാസപ്രവര്‍ത്തനശേഷി എന്നിവയെല്ലാം പരിഗണിക്കണം. അതിനുപുറമെ മാതൃനക്ഷത്രത്തിന്റെ പിണ്ഡവും ശോഭയും താപനിലയുമെല്ലാം അനുകൂലമാവുകയും വേണം. ചില സാധ്യതകള്‍ പരിശോധിക്കാം.
1. മാതൃനക്ഷത്രത്തില്‍നിന്ന് ഗ്രഹത്തിലേക്കുള്ള ദൂരം
ജലമാണ് ജീവന്റെ ഗര്‍ഭഗൃഹമെന്ന് കരുതിയാല്‍ ഗ്രഹകുടുംബങ്ങളില്‍ ജലം ദ്രാവകാവസ്ഥയില്‍ നിലനില്‍ക്കുന്ന മേഖലയെ വാസയോഗ്യമായി കണക്കാക്കാം. ഇതൊരു കൃത്യമായ അളവല്ല. നക്ഷത്രത്തിന്റെ വലിപ്പവും ശോഭയും താപനിലയുമെല്ലാം വാസയോഗ്യമേഖല നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. സൗരയൂഥത്തിലെ വാസയോഗ്യമേഖല സൂര്യനില്‍നിന്നും 12 കോടി കിലോമീറ്ററിനും 22 കോടി കിലോമീറ്ററിനും ഇടയിലാണ്. സൂര്യനില്‍നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 15 കോടി കിലോമീറ്ററാണ്. അതിനര്‍ഥം ഭൂമി വാസയോഗ്യമേഖലയിലാണെന്നാണ്.
2. പിണ്ഡം
ഭൗമപിണ്ഡത്തിനടുത്ത് ഭാരമുള്ളതും വലിപ്പമുള്ളതുമായ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലുമാണ് ജീവന്‍ കണ്‍െത്തുന്നതിനുള്ള സാധ്യത കൂടുതലുള്ളത്. ചെറിയ ഗ്രഹങ്ങളില്‍ ജീവന്‍ വളര്‍ന്നുവികസിക്കുന്നതിനുള്ള സാധ്യത കുറവാണ്. അവയുടെ കുറഞ്ഞ ഗുരുത്വബലം അന്തരീക്ഷത്തെ പിടിച്ചുനിര്‍ത്താന്‍ പര്യപ്തമല്ല. സൗരവാതങ്ങളുടെ ആക്രമണം വാതക തന്മാത്രകളുടെ ഗതികോര്‍ജം വര്‍ധിപ്പിക്കുകയും പലായന പ്രവേഗം മറികടന്ന് അവ സ്‌പേസിലേക്ക് രക്ഷപ്പെടുകയും ചെയ്യും. കട്ടിയുള്ള അന്തരീക്ഷമില്ലാത്ത ഗ്രഹങ്ങളില്‍ ജീവന്റെ ഉദ്ഭവത്തിനാവശ്യമായ പ്രാഥമിക ജൈവ-രാസ പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. രണ്ടാമതായി കുറഞ്ഞ പിണ്ഡമുള്ള ഗ്രഹങ്ങളില്‍ അവയുടെ സ്വാഭാവിക ഊര്‍ജോല്പാദന സംവിധാനങ്ങള്‍ പെട്ടെന്നു തന്നെ നിര്‍വീര്യമാകും. ഭൂകമ്പങ്ങളും അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഫലക ചലനങ്ങളുമാണ് സ്വാഭാവിക ഊര്‍ജോല്പാദന രീതികള്‍. ഇവയില്‍ പ്രധാനം ഫലകചലനം തന്നെയാണ്. ഭൂമിയില്‍ ജീവന്‍ വളര്‍ന്നുവികസിക്കുന്നതിന് അനുകൂലനമായതും ഇത്തരം സ്വാഭാവിക ഊര്‍ജസ്രോതസ്സുകളാണ്. വലിയ പിണ്ഡമുള്ള നക്ഷത്രങ്ങള്‍ വാതക ഭീമന്മാരായിരിക്കും. ഖര, ദ്രാവക ഉപരിതലമില്ലാത്തതും വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നതുമായ ഇത്തരം ദ്രവ്യപിണ്ഡങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയില്ല. നക്ഷത്രസാമീപ്യം കൊണ്ടുമാത്രം ഒരു ഗ്രഹം വാസയോഗ്യമാകില്ല.
3. ഗ്രഹ ചലനങ്ങള്‍
മാതൃനക്ഷത്രത്തെ ചുറ്റിയുള്ള ഗ്രഹങ്ങളുടെ ഭ്രമണപഥം പൊതുവെ ദീര്‍ഘവൃത്താകാരമായിരിക്കും . എന്നാല്‍, ഭ്രമണപഥം അതിദീര്‍ഘവൃത്തമായാല്‍ ഗ്രഹത്തിലെ താപനിലയില്‍ വലിയ ഏറ്റക്കുറച്ചിലുകളുണ്‍ാകും. ഇത് ജീവന് ഗുണകരമാവില്ല. ഗ്രഹങ്ങളുടെ സ്വയം ഭ്രമണം വേഗതയിലായിരിക്കണം. ദൈര്‍ഘ്യം കൂടിയ പകലുകളും രാത്രികളും ജീവന് അഭികാമ്യമല്ല. മാത്രവുമല്ല, ഇവ ഏകദേശം തുല്യവുമായിരിക്കണം. വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹത്തില്‍ മാത്രമേ ഒരു ആന്തര ഡൈനമോ പ്രവര്‍ത്തിക്കുകയുള്ളൂ. ഈ ഡൈനമോ സൃഷ്ടിക്കുന്ന കാന്തിക മണ്ഡലമാണ് ഗ്രഹാന്തരീക്ഷത്തെ ഒരുപരിധിവരെ പിടിച്ചുനിര്‍ത്തുന്നതും ജീവന് ഹാനികരമായ വികിരണങ്ങളില്‍നിന്ന് ഗ്രഹത്തെ സംരക്ഷിക്കുന്നതും. അതുപോലെതന്നെ ഗ്രഹത്തിന്റെ ഭ്രമണവക്രത്തിലുണ്ടാകുന്ന സ്ഥാനമാറ്റം ചിലപ്പോഴെങ്കിലും ജീവനെ പ്രതികൂലമായി ബാധിക്കാറുണ്ട്. ഭൂമിയുടെ കാര്യത്തില്‍ ഇത്തരമൊരു പുരസരണം സംഭവിച്ചത് 26,000 വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
4. ജൈവ-രാസ ഘടന
കാര്‍ബണ്‍ അടിസ്ഥാന ഘടകമായുള്ള ജൈവ വ്യവസ്ഥയാണ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടുള്ളത്. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍, നൈട്രജന്‍ എന്നീ മൂലകങ്ങളാണ് ജീവന്റെ ഉദ്ഭവത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. ഏറ്റവുമധികം പ്രതിപ്രവര്‍ത്തന ശേഷിയുള്ളതും ഈ മൂലകങ്ങള്‍ക്കാണ്. അമിനോ ആസിഡുകള്‍ നിര്‍മിക്കപ്പെടുന്നത് ഈ നാലു മൂലകങ്ങള്‍ ചേര്‍ന്നാണ്. പ്രോട്ടീന്‍ തന്മാത്രകളുടെ ബില്‍ഡിംഗ് ബ്ലോക്കുകളാണ് അമിനോ ആസിഡുകള്‍. അതുകൊണ്‍ുതന്നെ ഈ മൂലകങ്ങള്‍ സമൃദ്ധമായുള്ള ഗ്രഹവ്യവസ്ഥകളില്‍ മാത്രമേ ജീവന്‍ ഉദ്ഭവിക്കാനുള്ള സാധ്യതയുള്ളൂവെന്നാണ് നിലവിലുള്ള ഏറ്റവും ശക്തമായ സിദ്ധാന്തം.
മാതൃനക്ഷത്രത്തിന്റെ സാന്നിധ്യം മാത്രമല്ല, അതിന്റെ സവിശേഷതകളും ഒരു ഗ്രഹത്തെ വാസയോഗ്യമാക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്.
5. നക്ഷത്രശോഭ
നക്ഷത്രങ്ങളുടെ ശോഭയിലുണ്‍ാകുന്ന ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. എന്നാല്‍, ഇത്തരം ഏറ്റക്കുറച്ചിലുകള്‍ ക്രമാതീതമായാല്‍ അതു സൃഷ്ടിക്കുന്ന താപവ്യതിയാനവും അതിശക്തമായ കാന്തികക്ഷേത്രവും ഗ്രഹങ്ങളിലെ ജീവന്റെ ഏറ്റവും ലളിതമായ തുടിപ്പുകളെപ്പോലും കരിച്ചുകളയും. ചരനക്ഷത്രങ്ങള്‍ ഉദാഹരണമാണ്. നക്ഷത്രശോഭയുടെ അടിസ്ഥാനത്തില്‍ താരങ്ങളെ പല ഗ്രൂപ്പുകളായി വര്‍ഗീകരിച്ചിട്ടുണ്ട്. ഉപരിതല താപനില 4000 കെല്‍വിനും 7000 കെല്‍വിനും ഇടയിലുള്ള എ, ഏ, ഗ ഗ്രൂപ്പുകളില്‍ പെടുന്ന നക്ഷത്രങ്ങള്‍ക്കു ചുറ്റുമുള്ള ഗ്രഹങ്ങളില്‍ മാത്രമേ ജീവന്‍ നിലനില്‍ക്കുകയുള്ളൂവെന്നാണ് കരുതപ്പെടുന്നത്. ഗ, ങ ശ്രേണികളില്‍പ്പെടുന്ന ചുവന്ന കുള്ളന്‍ നക്ഷത്രങ്ങള്‍ക്കു ചുറ്റുമുള്ള ഗ്രഹങ്ങളിലും ജീവന്‍ കണ്‍െത്താനുള്ള നേരിയ സാധ്യതയുണ്ട്.
6. ലോഹ സാന്നിധ്യം
നക്ഷത്രദ്രവ്യത്തിന്റെ ഭൂരിഭാഗവും ഹൈഡ്രജന്‍, ഹീലിയം എന്നീ മൂലകങ്ങളാണ്. എന്നാല്‍, ചില നക്ഷത്രങ്ങളിലെങ്കിലും ഖനമൂലകങ്ങള്‍ (ലോഹങ്ങള്‍) കൂടുതലായി കാണപ്പെടും. ഇത്തരം നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹരൂപീകരണം നടക്കുന്നത് അപൂര്‍വമാണ്. മാത്രവുമല്ല, അത്തരം ഗ്രഹങ്ങളില്‍ ജീവന്റെ സാധ്യതയുമില്ല. ലോഹസാന്നിധ്യം കുറവുള്ള നക്ഷത്ര കുടുംബങ്ങളിലാണ് ജീവനുദ്ഭവിക്കാനുള്ള സാധ്യതയെന്നാണ് നിലവിലുള്ള പരികല്പന.
7. നക്ഷത്ര പിണ്ഡം
വലിയ നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹരൂപീകരണം നടക്കാനുള്ള സാധ്യത വിരളമാണ്. അടുത്തിടെ നടന്ന ഗവേഷണങ്ങളില്‍ സൗരപിണ്ഡത്തിന്റെ നൂറുമടങ്ങിലധികം ഭാരമുള്ള ഭീമന്‍ നക്ഷത്രങ്ങള്‍ക്കു ചുറ്റും അവയുടെ വാസയോഗ്യമേഖലയില്‍ ബുധനു തുല്യമായ ഗ്രഹങ്ങളെ കണ്‍െത്തിയിട്ടുണ്‍്. വലിയ നക്ഷത്രങ്ങള്‍ക്ക് ആയുസ്സ് വളരെ കുറവാണ്. സൂര്യനെപ്പോലെയുള്ള ഒരു ശരാശരി വലിപ്പമുള്ള നക്ഷത്രത്തിന്റെ ആയുസ്സ് ഏകദേശം 1000 കോടി വര്‍ഷമാണെങ്കില്‍ ഭീമന്‍ നക്ഷത്രങ്ങള്‍ക്ക് അത് ഏതാനും ലക്ഷങ്ങള്‍ മാത്രമേ ഉണ്‍ാകൂ. ഈ കുറഞ്ഞ കാലയളവില്‍ അവയുടെ വാസയോഗ്യമേഖലയിലുള്ള ഗ്രഹങ്ങള്‍ തണുക്കുന്നതിനും അവയില്‍ ജീവനുദ്ഭവിക്കുന്നതിനും ഉള്ള സാധ്യത കുറവാണ്. വലിപ്പക്കുറവുള്ള നക്ഷത്രങ്ങളും ജീവന്‍ നിലനിര്‍ത്തുന്നതിന് അനുയോജ്യമല്ലെന്നാണ് കരുതപ്പെടുന്നത്. സൗരപിണ്ഡത്തിന്റെ 60 ശതമാനത്തിലും കുറവുള്ള നക്ഷത്രങ്ങള്‍ക്ക് ആയുസ്സ് വളരെ കൂടുതലാണെങ്കിലും അവയുടെ കേന്ദ്രത്തില്‍ നടക്കുന്ന ന്യൂക്ലിയര്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ വളരെ സാവധാനത്തിലായിരിക്കും. കുറഞ്ഞ വെളിച്ചവും ചൂടും പുറത്തുവിടുന്ന ഇത്തരം നക്ഷത്രങ്ങള്‍ക്കു ചുറ്റും ഗ്രഹകുടുംബമുണ്ടെങ്കില്‍ തന്നെ അവിടെ ജീവന്‍ വളര്‍ന്നുവികസിക്കാനുള്ള സാധ്യത കുറവാണ്.
8. നക്ഷത്രത്തിന് ഗാലക്‌സിയിലുള്ള സ്ഥാനം
ഗാലക്‌സീകേന്ദ്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങള്‍ വളരെയടുത്തും അതിശക്തമായ വികിരണങ്ങള്‍ ഉത്സര്‍ജിക്കുന്നവയുമായിരിക്കും. ഇത്തരം മേഖലകളില്‍ രൂപമെടുത്തിട്ടുള്ള ഗ്രഹങ്ങളിലും ജീവന് സാധ്യത കുറവാണ്. ഒറ്റ നക്ഷത്രങ്ങളുടെ ഗ്രഹകുടുംബങ്ങളാണ് ജീവന് കൂടുതല്‍ യോഗ്യമായത്. സൂര്യന്റെ കാര്യം പരിഗണിച്ചാല്‍ അത് ഗാലക്‌സീ കേന്ദ്രത്തില്‍നിന്നും 26,000 പ്രകാശവര്‍ഷമകലെയാണുള്ളത്. ഒറിയണ്‍ സ്പര്‍ എന്നറിയപ്പെടുന്ന സര്‍പ്പിള കരത്തിലുള്ള ഒറ്റ നക്ഷത്രമാണ് സൂര്യന്‍. തൊട്ടടുത്ത നക്ഷത്രത്തിലേക്ക് നാലു പ്രകാശവര്‍ഷത്തിലധികം ദൂരമുണ്ട്.
ഗ്രഹരൂപീകരണത്തെപ്പറ്റിയുള്ള പല സിദ്ധാന്തങ്ങളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ഇരട്ട നക്ഷത്രങ്ങള്‍ സൃഷ്ടിക്കുന്ന ശക്തമായ കാന്തികക്ഷേത്രം ഗ്രഹരൂപീകരണത്തിന് തടസ്സംനില്‍ക്കുമെന്നായിരുന്നു അടുത്തകാലം വരെയുള്ള വിശ്വാസം. എന്നാല്‍, കെപഌ സ്‌പേസ്‌ക്രാഫ്റ്റ് ഇരട്ട നക്ഷത്രങ്ങളായ അല്‍ഫാ സെന്റോറി സിസ്റ്റത്തിന് ചുറ്റും ഗ്രഹകുടുംബം കണ്‍െത്തിയതോടെ ആ വിശ്വാസവും തകര്‍ന്നു.
ഭൗമേതര ജീവന്‍
പുറമെ എന്നും ഭൂമിയുമായി ബന്ധമുള്ളത് എന്നും അര്‍ഥമുള്ള രണ്ടു ലാറ്റിന്‍ വാക്കുകളില്‍നിന്നാണ് ‘എക്‌സ്ട്രാ ടെറസ്ട്രിയല്‍’ അഥവാ ‘ഭൗമേതരം’ എന്ന വാക്കിന്റെ ഉദ്ഭവം. ഭൂമിക്കു വെളിയില്‍ ഉദ്ഭവിച്ച ജീവന്‍ എന്നുവേണമെങ്കില്‍ ഭൗമേതര ജീവനെ വിളിക്കാന്‍ കഴിയും. ഏലിയന്‍ എന്ന പേരും പൊതുവെ ഉപയോഗിക്കാറുണ്‍്. ലളിതമായ ഘടനയുള്ള ബാക്ടീരിയ മുതല്‍ മനുഷ്യന്റേതു പോലെയോ അതിലും സങ്കീര്‍ണമായതോ ആയ ശരീരഘടനയുള്ള ജീവികള്‍ വരെ ഭൂമിക്കു വെളിയില്‍ ഉണ്ടാകാം. സൈദ്ധാന്തികമായി നിലനില്‍പ്പുള്ളതാണെങ്കിലും ഇന്നുവരെ ഒരു ഭൗമേതര ജീവന്‍ കണ്‍െത്താന്‍ കഴിഞ്ഞിട്ടില്ല. ഭൗമേതര ജീവന്‍ തിരയുന്ന ശാസ്ത്രശാഖയാണ് എക്‌സോബയോളജി അല്ലെങ്കില്‍ ആസ്‌ട്രോബയോളജി എന്നെല്ലാമറിയപ്പെടുന്നത്. ആസ്‌ട്രോബയോളജി എന്ന പേരിനാണ് കുറേക്കൂടി സാര്‍വത്രിക സ്വഭാവമുള്ളത്. പ്രപഞ്ചത്തിലെ ജീവന്, അതു ഭൂമിയിലാണെങ്കിലും മറ്റേതൊരു ഗ്രഹത്തിലാണെങ്കിലും തുല്യ പ്രാധാന്യം നല്‍കുന്നതുകൊണ്‍ാണിത്. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞര്‍ 2013ല്‍ പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പ്രപഞ്ചത്തില്‍ ജീവന്‍ ഉദ്ഭവിച്ചത് 970 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് പറയുന്നുണ്ട്. അതിനര്‍ഥം ഭൂമിയും സൂര്യനുമെല്ലാം രൂപംകൊള്ളുന്നതിനും 500 കോടി വര്‍ഷംമുമ്പ് പ്രപഞ്ചത്തില്‍ ജീവന്റെ തുടിപ്പുകള്‍ നാമ്പെടുത്തിരുന്നുവെന്നാണ്. ഭൗമേതര ജീവന്‍ യാഥാര്‍ഥ്യമെന്ന് കരുതുന്നവര്‍ തന്നെയാണ് ശാസ്ത്രജ്ഞരില്‍ ഭൂരിഭാഗവും. എന്നാല്‍, നേരിട്ടുള്ള ഒരു തെളിവിന്റെ അഭാവമാണ് അതേക്കുറിച്ചൊരു ശാസ്ത്രീയ നിഗമനം രൂപീകരിക്കുന്നതില്‍ തടസ്സമായി നില്‍ക്കുന്നത്.
പശ്ചാത്തലം
ബാക്ടീരിയകളെപ്പോലെയുള്ള സൂക്ഷ്മജീവികള്‍ സൗരയൂഥത്തില്‍ എല്ലായിടത്തും കാണപ്പെടാനുള്ള സാധ്യതയുണ്‍്. അതുപോലെ തന്നെയാണ് പ്രപഞ്ചത്തില്‍ എല്ലായിടത്തും അവയെ കണ്‍െത്താനുള്ള സാധ്യതയും ദൃശ്യപ്രപഞ്ചത്തിന്റെ അതിവിശാലതയില്‍ ഈ പരികല്പനയ്ക്ക് ഉറച്ച നിലനില്‍പാണുള്ളത്. കാള്‍ സാഗനെയും സ്റ്റീഫന്‍ ഹോക്കിംഗിനെയും പോലെയുള്ള ശാസ്ത്രജ്ഞര്‍ ഭൗമജീവന് യാതൊരു പ്രത്യേകതയും കാണുന്നില്ലെന്നു മാത്രമല്ല, ഭൗമേതര ജീവന്‍ നിലനില്‍ക്കുന്നുണ്‍െന്ന് കരുതുന്നവരുമാണ്. കോപ്പര്‍നിക്കസിന്റെ സിദ്ധാന്തങ്ങളാണ് ഇവരുടെ വാദത്തിന്റെ അടിസ്ഥാനം. പ്രപഞ്ചത്തില്‍ സൂര്യനും ഭൂമിക്കും ഒരു സവിശേഷ സ്ഥാനവുമില്ലെന്നും ഭൗമജീവന് ഒരു അദ്വിതീയതയും അവകാശപ്പെടാനുമാവില്ലെന്നും കോപ്പര്‍നിക്കസ് വിശ്വസിച്ചിരുന്നു. പ്രപഞ്ചത്തിന്റെ പല ഭാഗത്തും ഭൂമിയില്‍ ജീവന്‍ ഉദ്ഭവിച്ച സമയത്തോ അതിനു മുമ്പോ അതിനു ശേഷമോ ജീവന്‍ രൂപപ്പെട്ടിരിക്കും. ഇതു വെറും ഊഹമൊന്നുമല്ല. ജീവന്‍ രൂപമെടുക്കുന്നതിന് അടിസ്ഥാനമായി ആവശ്യമുള്ള ജൈവ തന്മാത്രകളെ സൂര്യനു ചുറ്റുമുള്ള ധൂളീപടലമായ പ്രോട്ടോപ്ലാനറ്ററി ഡിസ്‌കില്‍ ഗ്രഹരൂപീകരണത്തിനു മുന്‍പുതന്നെ കണ്‍െത്താന്‍ കഴിയുമെന്ന് കംപ്യൂട്ടര്‍ മാതൃകയുപയോഗിച്ചുള്ള പഠനം തെളിയിച്ചിട്ടുണ്ട്. അതിനര്‍ഥം സൂര്യനെപ്പോലെതന്നെ ഗ്രഹകുടുംബമുള്ള മറ്റ് നക്ഷത്രങ്ങള്‍ക്കു ചുറ്റും ഇതുപോലെ തന്നെ ജൈവതന്മാത്രകള്‍ രൂപംകൊിരിക്കുമെന്നാണ്. സൗരകുടുംബത്തിന്റെ കാര്യം പരിഗണിച്ചാല്‍ തന്നെ ഭൗമജീവനു വെളിയില്‍ ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളിലും വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപയിലും ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റനിലും എന്‍സിലാഡസിലും ജീവന്‍ ഉദ്ഭവിക്കാനുള്ള സാധ്യതയുണ്ട്. 2011ല്‍ നാസയിലെ ശാസ്ത്രജ്ഞര്‍ പുറത്തിറക്കിയ ന്യൂസ് ലെറ്ററില്‍ സൗരയൂഥത്തില്‍, ഭൂമിക്കു വെളിയില്‍ ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനും ഏറ്റവും അനുയോജ്യമായ സാഹചര്യമുള്ളത് ശനിയുടെ ഉപഗ്രഹമായ എന്‍സിലാഡസിലാണ് എന്ന കണ്‍െത്തല്‍ നടത്തിയിരുന്നു. 1950കളില്‍ തന്നെ ‘വാസയോഗ്യമേഖല’ എന്നൊരു പരികല്പന എക്‌സോ ബയോളജിസ്റ്റുകള്‍ വച്ചുപുലര്‍ത്തിയിരുന്നു. ഒരു നക്ഷത്രത്തിനു ചുറ്റുമുള്ള ഗ്രഹകുടുംബത്തില്‍ ജലം ദ്രാവകാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന മേഖലയാണിത്. ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനും ഏറ്റവുമധികം സാധ്യതയുള്ള മേഖലകൂടിയാണിത്. 2013 വരെയുള്ള കാലത്ത് ശതകോടിക്കണക്കിന് വാസയോഗ്യ ഗ്രഹങ്ങളുടെ സ്ഥിതിവിവരക്കണക്ക് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിട്ടുണ്‍െങ്കിലും ഉപകരണങ്ങളുടെ സഹായത്തോടെ കണ്ടെത്തിയിട്ടുള്ളത് വളരെ കുറഞ്ഞ എണ്ണം മാത്രമാണ്. നാസയുടെ കെപഌ സ്‌പേസ്‌ക്രാഫ്റ്റും സെറ്റി ശാസ്ത്രജ്ഞരും നാസയുടെ ചൊവ്വാ പര്യവേഷണ വാഹനം ക്യൂരിയോസിറ്റിയുമെല്ലാം തിരഞ്ഞുകൊണ്‍ിരിക്കുന്നത് ഭൗമേതര ജീവന്‍ തന്നെയാണ്.
ഭൂമിയിലെ എല്ലാ ജീവരൂപങ്ങളുടെയും ആധാരം 26 രാസമൂലകങ്ങളാണ്. എന്നിരുന്നാലും ഭൗമജീവന്റെ 95 ശതമാനവും കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയാണ് ആ മൂലകങ്ങള്‍. ഇഒചഛജട എന്ന് ഈ മൂലകങ്ങളെ ചുരുക്കി വിളിക്കാറുണ്‍്. ഭൗമജീവന്റെ അടിസ്ഥാനം ഈ ആറു മൂലകങ്ങളാണ്. ബാക്കിയുള്ള മൂലകങ്ങളെല്ലാം വളരെ നിസ്സാരമായ തോതില്‍ മാത്രമേ ജീവന് ആവശ്യമുള്ളൂ. ജൈവ-രാസ പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് ഭൗമജീവന് ജലം എന്ന മാധ്യമം ആവശ്യമാണ്. ജലത്തിന്റെ സാന്നിധ്യവും ഭൂമിയിലേതുപോലെയുള്ള താപനിലയുമുള്ള ഒരു ഗ്രഹത്തില്‍ കാര്‍ബണും മറ്റു മൂലകങ്ങളുമുണ്‍െങ്കില്‍ അവയുടെ പ്രതിപ്രവര്‍ത്തനഫലമായി ജൈവതന്മാത്രകള്‍ ഉദ്ഭവിക്കുന്നതില്‍ തടസ്സമൊന്നിമില്ല. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ എന്നീ മൂലകങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ ജീവന് അടിസ്ഥാനമായി വേണ്ട രാസ ഊര്‍ജം പ്രദാനംചെയ്യും. ജീവന്റെ അടിസ്ഥാനശിലകളായ റൈബോസും സെല്ലുലോസും ഡി.എന്‍.എയും ആര്‍.എന്‍.എയും രൂപീകരിക്കപ്പെടുന്നതും കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നാണ്. സസ്യങ്ങള്‍ അവയ്ക്കാവശ്യമായ ഊര്‍ജം സമ്പാദിക്കുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയിലൂടെ സസ്യങ്ങള്‍ ആഹാരം പാകംചെയ്യുമ്പോള്‍ സൂര്യപ്രകാശം രാസ ഊര്‍ജമായി പരിവര്‍ത്തനം ചെയ്ത് ഫലങ്ങളിലും കാണ്ഡത്തിലും ഇലകളിലും വേരുകളിലുമെല്ലാം സംഭരിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്. ഭൗമജീവന്‍, അത് ജന്തുജീവനാണെങ്കിലും സസ്യജീവനാണെങ്കിലും അടിസ്ഥാനം കാര്‍ബണ്‍ ആണ്. പിന്നീട് ജലവും. ജലത്തിന്റെ പി.എച്ച്. മൂല്യം ന്യൂട്രല്‍ (പി.എച്ച്:7) ആയതുകൊണ്‍് ലോഹ, അലോഹ അയോണുകള്‍ ഒരുപോലെ ജലത്തില്‍ ലയിച്ചുചേരുകയും ജൈവതന്മാത്രകളുടെ ഉദ്ഭവത്തിന് ഉത്‌പ്രേരകമാവുകയും ചെയ്യും. കാര്‍ബണ്‍ ഭൗമജീവന്റെ ആധാരശിലയായതിനും ഒരു കാരണമുണ്‍്. ഈ മൂലകത്തിന് അലോഹങ്ങളുമായി സഹസംയോജക രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനുള്ള സാമര്‍ഥ്യം കാരണം നൈട്രജന്‍, ഓക്‌സിജന്‍, ഹൈഡ്രജന്‍ തുടങ്ങിയ മൂലകങ്ങളുമായി എളുപ്പത്തില്‍ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് കഴിയും. കാര്‍ബണ്‍ഡയോക്‌സൈഡും ജലവും സൗരോര്‍ജത്തെ സംഭരിച്ചുവയ്ക്കുന്ന അറകളാണ്. അന്നജമായും പഞ്ചസാരകളായും സൗരോര്‍ജം സംഭരിച്ചുവയ്ക്കുകയും പിന്നീട് ഓക്‌സീകരണം വഴി ഇങ്ങനെ സംഭരിച്ചുവച്ചിരിക്കുന്ന ബയോ കെമിക്കല്‍ എനര്‍ജി മറ്റ് ജൈവ-രാസപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള ഇന്ധനമായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. കാര്‍ബണും ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നുണ്ടാകുന്ന ഓര്‍ഗാനിക് ആസിഡുകളും , നൈട്രജനും ഹൈഡ്രജനും ചേര്‍ന്ന് രൂപംകൊള്ളുന്ന അമിന്‍ ബേസുകളും തമ്മില്‍ പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെ രൂപംകൊള്ളുന്ന പോളിമറുകളും പ്രോട്ടീനുകളും അമിനോ ആസിഡുകള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കും. ഈ അമിനോ അമ്ലങ്ങള്‍ ഫോസ്‌ഫേറ്റുകളുമായി കൂടിച്ചേരുന്നതുവഴി ജനിതക സന്ദേശങ്ങള്‍ സംഭരിച്ചുവയ്ക്കുന്ന ഡി-ഓക്‌സീ റൈബോ ന്യൂക്ലിക് ആസിഡുകളുടെ (ഡി.എന്‍.എ.)യും ജീവകോശങ്ങളുടെ ഊര്‍ജസ്രോതസ്സായ അഡിനോസിന്‍ ട്രൈ ഫോസ്‌ഫേറ്റ് (എ.ടി.പി.) തന്മാത്രകളുടെയും സൃഷ്ടിക്കു കാരണമാകുന്നു.
ജലം ആധാരമാക്കിയുള്ള ജീവനെക്കുറിച്ച് മാത്രമാണ് മുകളില്‍ വിവരിച്ചത്. എന്നാല്‍, ജീവന്റെ ആധാരം ജലവും കാര്‍ബണും ഫോസ്ഫറസുമൊന്നുമാകണമെന്നില്ല. ജലത്തിന് പകരം അമോണിയയുടെ സാധ്യതകള്‍ ശാസ്ത്രലോകം ചര്‍ച്ചചെയ്യുന്നുണ്‍്. അദ്ഭുതപ്പെടാന്‍ തുടങ്ങിക്കോളൂ. നക്ഷത്രങ്ങളില്‍ ജീവനുാകുമോ? തിളച്ചുമറിയുന്ന നക്ഷത്രദ്രവ്യത്തില്‍ (പ്ലാസ്മ) ജീവനുണ്‍ാകാനുള്ള സാധ്യത ശാസ്ത്രജ്ഞര്‍ സംശയിക്കുന്നുണ്‍്. ന്യൂട്രോണ്‍ താരങ്ങളെന്ന അതിസാന്ദ്രമായ മൃതനക്ഷത്രത്തിന്റെ ഉപരിതലത്തിലും ജീവനെ കെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, അത്തരം നക്ഷത്രജീവനുമായി ബന്ധപ്പെടാന്‍ കഴിയുന്ന സാങ്കേതികവിദ്യ നിലവിലില്ലാത്തത് വലിയൊരു പരിമിതിയായി അവശേഷിക്കുകയാണ്.
ജീവന്‍ സൗരയൂഥത്തില്‍
ഭൂമിക്കു പുറമെ സൗരകുടുംബാംഗങ്ങളായ ചില ഗ്രഹങ്ങളിലും അവയുടെ ഉപഗ്രഹങ്ങളിലും ചില ഛിന്നഗ്രഹങ്ങളിലും ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള അനുകൂലനങ്ങള്‍ ഉണ്ട്. ഇത്തരം അന്യഗ്രഹങ്ങളിലെയും ഉപഗ്രഹങ്ങളിലെയും ജീവന്‍ ഗ്രഹോപരിതലത്തിനടിയിലുള്ള സമുദ്രങ്ങളില്‍ ആയിരിക്കുന്നതിനുള്ള സാധ്യത വളരെ ഉയര്‍ന്നതാണ്. എന്നാല്‍, ഇത്തരം വാസയോഗ്യമേഖലകളിലെ അന്തരീക്ഷഘടനയും ഗുരുത്വാകര്‍ഷണബലവും ഗ്രഹോപരിതലത്തിന്റെ സവിശേഷതയുമെല്ലാം ഭൂമിയില്‍നിന്ന് വളരെ വ്യത്യസ്തമായതുകൊണ്ട് അത്തരം മേഖലകളിലെ ജീവനെ ഭൗമജീവനുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമൊന്നുമില്ല. സൂക്ഷ്മജീവികളുടെ സാന്നിധ്യം മാത്രമാണ് ഈ ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലുമെല്ലാം പ്രതീക്ഷിക്കുന്നത്. ലളിതമായ ഒരുദാഹരണം ശ്രദ്ധിക്കുക. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനെ പരിഗണിക്കാം. ചന്ദ്രനില്‍ ജീവന്‍ ഉദ്ഭവിച്ചുവെന്നും അതിലിപ്പോഴും നിലനില്‍ക്കുന്നുവെന്നും കരുതുക. ഇനി ചാന്ദ്രജീവനെ ഭൗമജീവനുമായി താരതമ്യം ചെയ്തുനോക്കാം.
ചന്ദ്രന്റെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ ഇല്ല. ഓക്‌സിജനത്രയും ചന്ദ്രധൂളിയിലാണുള്ളത്. അപ്പോള്‍ ചാന്ദ്രജീവിയുടെ നാസാരന്ധ്രങ്ങള്‍ പാദങ്ങളിലാവാതെ തരമില്ല. മനുഷ്യന്റെ പോലൊരു മൂക്ക് ആവശ്യമില്ലെന്നര്‍ഥം. അന്തരീക്ഷ വാതകങ്ങളുടെ അഭാവം കാരണം ചന്ദ്രനില്‍ സൂര്യകിരണങ്ങള്‍ ഒരു കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്നതിനു സമമായിരിക്കും. അങ്ങനെവരുമ്പോള്‍ ഒരു ചാന്ദ്രജീവിയുടെ കണ്ണുകള്‍ തലയ്ക്കു മുകളിലോ കക്ഷങ്ങളിലോ ആയിരിക്കും. വായുമണ്ഡലമില്ലാത്തതുകൊണ്‍് ശബ്ദതരംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയില്ല. അതുകൊണ്‍ുതന്നെ ചാന്ദ്രജീവിക്ക് ചെവികളുടെ ആവശ്യമില്ല. പാമ്പുകളെപ്പോലെ ത്വക്കിലൂടെ ശബ്ദമറിയുന്ന ശരീരഘടനയായിരിക്കും ചാന്ദ്രജീവിക്കുണ്‍ാവുക. ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തിന്റെ ആറിലൊന്നു മാത്രം ഗുരുത്വബലമുള്ള ചാന്ദ്രജീവന്‍, അതൊരു ചാന്ദ്രമനുഷ്യനാണെങ്കില്‍ ഒന്‍പത് അടിയിലേറെ ഉയരമുള്ള ദീര്‍ഘകായനായിരിക്കും. തടിയന്മാരെ കാണാനുണ്ടാവില്ല. ഇപ്പറഞ്ഞതെല്ലാം ജന്തുജീവനെക്കുറിച്ചാണെങ്കില്‍ സസ്യജീവന്‍ അതിലുമേറെ വിചിത്രമായിരിക്കും.
ഭൂമിക്കു വെളിയില്‍ സൗരകുടുംബാംഗങ്ങളായ ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങളിലും വ്യാഴം, ശനി എന്നീ വാതകഭീമന്‍ ഗ്രഹങ്ങളുടെ നിരവധി ഉപഗ്രഹങ്ങളിലും ചില ഛിന്നഗ്രഹങ്ങളിലും ധൂമകേതുക്കളിലും ജീവന്‍ ഉദ്ഭവിക്കുന്നതിനും ഇപ്പോഴും നിലനില്‍ക്കുന്നതിനും അനുകൂലനങ്ങളുണ്‍്. ഭൂമിയില്‍ ജീവന്‍ ഉദ്ഭവിച്ച സമയത്തുതന്നെ ഈ ദ്രവ്യരൂപങ്ങളിലും ജീവന്‍ ഉദ്ഭവിച്ചിരിക്കാം. എന്നാല്‍, ജീവന്‍ വളര്‍ന്നുവികസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഭൂമിയില്‍നിന്നു വിഭിന്നമായതിനാല്‍ അത്തരം പ്രദേശങ്ങളിലെ ജീവന്‍ ഭൗമജീവനുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമൊന്നുമില്ല. സൗരയൂഥത്തില്‍ തന്നെയുള്ള ഭൗമേതര ജീവന്റെ സാധ്യതകള്‍ ഒന്നു പരിശോധിക്കാം.
ശുക്രന്‍
സൗരയൂഥത്തില്‍ ഏറ്റവും തീക്ഷ്ണമായ കാലാവസ്ഥയുള്ള ഗ്രഹം ശുക്രനാണ്. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ കട്ടിയുള്ള ആവരണം ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ പ്രയോഗിക്കുന്ന ഹരിതഗൃഹപ്രഭാവം കാരണം ഗ്രഹത്തിന്റെ ശരാശരി താപനില 400 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. രാത്രിയും പകലുമെന്ന ഭേദമില്ലാതെതന്നെ. തുടര്‍ച്ചയായുള്ള ഇടിമിന്നലുകളും അമ്ലമഴയും ഗ്രഹത്തെ നരകതുല്യമാക്കുകയാണ്. എന്നാല്‍, ഗ്രഹോപരിതലത്തില്‍നിന്നും 50 കിലോമീറ്റര്‍ ഉയരത്തിലുള്ള മേഘപാളികളില്‍ ജീവന്‍, അതിന്റെ സൂക്ഷ്മരൂപത്തില്‍ ഉണ്‍ാകാനുള്ള സാധ്യത വളരെ അധികമാണ്. ഗ്രഹാന്തരീക്ഷത്തിന്റെ രാസഘടനയിലുള്ള അനിശ്ചിതത്വം സൂചിപ്പിക്കുന്നത് ജൈവതന്മാത്രകളുടെ സാന്നിധ്യമാണ്. ഈ പരികല്പന മുന്നോട്ടുവച്ചത് കാള്‍സാഗന്‍, ഡേവിഡ് ഗ്രിന്‍സ്പൂണ്‍, ജഫ്രി ലാന്‍ഡിസ്, ഡിര്‍ക്ക് ഷൂള്‍സ് എന്നീ മഹാരഥന്മാരാണ്.
ചൊവ്വ
സൂര്യന്റെ വാസയോഗ്യമേഖലയില്‍ സ്ഥിതിചെയ്യുന്ന ഗ്രഹമെന്ന പ്രത്യേകത ചൊവ്വയെ ഭൂമിയുടെ അടുത്ത ബന്ധുവാക്കുന്നുണ്ട്. ഇപ്പോള്‍ ചൊവ്വയില്‍ പര്യവേഷണം നടത്തിക്കൊണ്‍ിരിക്കുന്ന ക്യൂരിയോസിറ്റി റോവര്‍ ഗ്രഹത്തില്‍ പണ്‍ുണ്‍ായിരുന്ന ജലസാന്നിധ്യത്തിന്റെ സൂചനകള്‍ ഭൂമിയിലേക്കയക്കുന്നുണ്ട്. ഗ്രഹോപരിതലത്തില്‍ കെണ്ടത്തിയ ഉരുളന്‍ കല്ലുകള്‍ ഒരുകാലത്തുണ്ടായിരുന്ന നദിയുടെ അവശിഷ്ടങ്ങളാണ്. ഗ്രഹോപരിതലത്തിന് ഒരുകിലോമീറ്ററെങ്കിലും കീഴെ വലിയ സമുദ്രങ്ങള്‍ ഉണ്‍ാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വളരെ നേര്‍ത്തതെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്ന ഗ്രഹാന്തരീക്ഷത്തിലുള്ള മീഥേയ്ന്‍ സാന്നിധ്യം സൂചിപ്പിക്കുന്നത് ഭൗമേതര ജീവന്റെ സാധ്യത തന്നെയാണ്. 2006ല്‍ നാസയുടെ മാര്‍സ് ഗ്ലോബല്‍ സര്‍വെയര്‍ ദൗത്യമാണ് ചൊവ്വയിലെ ജലസാന്നിധ്യത്തെക്കുറിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയത്. പിന്നീട് നാസയുടെ തന്നെ ഫിനിക്‌സ് മാര്‍സ് ലാന്‍ഡറും ഗ്രഹത്തിലെ ജലസാന്നിധ്യത്തിന്റെ സൂചനകള്‍ നല്‍കി. എന്നാല്‍, ഭൗമജീവന്‍ പോലൊന്ന് ചൊവ്വയിലുണ്ടാ
കാമെന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നുമില്ല. മണ്ണിനടയില്‍ സൂക്ഷ്മജീവനോ അതിന്റെ ഫോസിലുകളോ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. 2012 ജൂണില്‍ ചൊവ്വയുടെ അന്തരീക്ഷത്തിലെ ഹൈഡ്രജന്റെയും മീഥേയ്‌നിന്റെയും സാന്ദ്രത പരിശോധിച്ച ശാസ്ത്രസംഘം അവിടെ ജീവന്‍ നിലനിന്നിരുന്നുവെന്ന് ഉറപ്പിച്ചുപറയുന്നുണ്ട്. ഇപ്പോഴും ജീവന്‍ നിലനില്‍ക്കുന്നതിനുള്ള സാധ്യതയും വളരെ വലുതാണ്.
വ്യാഴം
1960കളിലും 70കളിലും കാള്‍ സാഗനും സംഘവും വ്യാഴത്തിന്റെ അന്തരീക്ഷത്തില്‍ സ്ഥൂല ശരീരമുള്ള ജീവികള്‍ ഉണ്ടായിരിക്കുന്നതിനുള്ള സാധ്യത മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, ഈ പരികല്പനയ്ക്ക് അധികം നിലനില്‍പുണ്ടായിരുന്നില്ല. എന്നാല്‍, വ്യാഴത്തിന്റെ ചില ഉപഗ്രഹങ്ങളില്‍ ഖര ഉപരിതലവും സമുദ്രസാന്നിധ്യവും ജീവന്‍ നിലനില്‍ക്കുന്നതിനുള്ള അനുകൂലനങ്ങളും ഉണ്ട്. സമുദ്രങ്ങള്‍ ഭൂരിഭാഗവും ഇത്തരം ഉപഗ്രഹങ്ങളുടെ ഉപരിതലത്തിന് കീഴെയായിരിക്കും സ്ഥിതിചെയ്യുന്നത്. യൂറോപ, ഗാനിമിഡെ, കലിസ്റ്റോ എന്നീ ഗലീലിയന്‍ ഉപഗ്രഹങ്ങളില്‍ ജീവനുദ്ഭവിക്കാനുള്ള സാഹചര്യം നിലവിലുണ്ട്. ഇവയില്‍ തന്നെ യൂറോപയിലെ സമുദ്രങ്ങള്‍ ജീവന്റെ ഗര്‍ഭഗൃഹമാണെന്നു തന്നെയാണ് വിശ്വസിക്കപ്പെടുന്നത്.
യൂറോപ
വ്യാഴത്തിന്റെ നാലു വലിയ ഉപഗ്രഹങ്ങളില്‍ ഒന്നായ യൂറോപയുടെ ഉപരിതലത്തിലുള്ള കട്ടികൂടിയ ഹിമാവരണത്തിനടിയില്‍ ദ്രാവകാവസ്ഥയില്‍ ജലം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. സമുദ്രാന്തര്‍ഭാഗത്തു നടക്കുന്ന താപ രാസപ്രവര്‍ത്തനങ്ങള്‍ സ്ഥൂല ശരീരഘടനയുള്ള ജീവികളുടെ നിലനില്‍പിന് സഹായകരമാണ്. 2011ലാണ് യൂറോപയിലെ ജീവന്റെ സാധ്യതകള്‍ ശക്തമായി രംഗത്തെത്തുന്നത്. ബഹിരാകാശ ദൂരദര്‍ശിനികള്‍ യൂറോപയിലെ വിശാലമായ തടാകങ്ങളുടെ തെളിവുകള്‍ അവതരിപ്പിച്ചത് 2011ലായിരുന്നു.
ശനി
വാതകഭീമനായ ശനിയില്‍ ജീവന്‍ ഉദ്ഭവിക്കുന്നതിനും നിലനില്‍ക്കുന്നതിനുമുള്ള അനുകൂലനങ്ങള്‍ നിലനില്‍ക്കുന്നില്ലെങ്കിലും ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റനിലും എന്‍സിലാഡസിലും സ്ഥിതി അങ്ങനെയല്ല. ജീവന്‍ വളര്‍ന്നു വികസിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഖരോപരിതലമുള്ള ഈ ഉപഗ്രഹങ്ങളിലുണ്ട്.
ടൈറ്റന്‍
സൗരകുടുംബത്തിലെ രണ്‍ാമത്തെ വലിയ ഉപഗ്രഹവും ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹവുമായ ടൈറ്റനാണ് ഏറ്റവും വ്യക്തമായ അന്തരീക്ഷമുള്ള ഉപഗ്രഹം. ഹൈഡ്രോകാര്‍ബണുകളുടെ, വിശേഷിച്ചും മീഥേയ്ന്‍ സംയുക്തങ്ങളുടെ സമുദ്രങ്ങളുണ്‍് ടൈറ്റനില്‍. കസീനി-ഹൈഗന്‍സ് ദൈത്യമാണ് ഈ രഹസ്യം പുറത്തുകൊണ്‍ുവന്നത്. സൗരയൂഥത്തില്‍ ഭൂമിക്കുവെളിയില്‍, ഉപരിതലത്തില്‍ ദ്രാവകം നിലനില്‍ക്കുന്ന ഏക ഗോളവും ടൈറ്റനാണ്. ജലം ആധാരമായുള്ള ജീവനല്ലാതെ അസറ്റലിന്‍, ഈഥേയ്ന്‍, മീഥേയ്ന്‍ എന്നിവ അടിസ്ഥാനമായുള്ള സൂക്ഷ്മജീവികള്‍ ടൈറ്റനിലെ സമുദ്രത്തില്‍ ഉണ്ടാകാനുള്ള സാധ്യത വളരെയധികമാണ്. ഉപഗ്രഹചിത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ടൈറ്റനിലെ മീഥേയ്ന്‍ നദികള്‍ ഭൂമിയിലെ നൈല്‍ നദിയോട് സമാനമാണെന്നാണ്.
എന്‍സിലാഡസ്
ശനിയുടെ വലയങ്ങളില്‍ നിരീക്ഷണം നടത്തിക്കൊണ്‍ിരിക്കുന്ന ബഹിരാകാശപേടകം കസീനി 2011ല്‍ പുറത്തുവിട്ട ചിത്രങ്ങളില്‍ ശനിയുടെ ഉപഗ്രഹമായ എന്‍സിലാഡസില്‍നിന്നും ഗ്രഹോപരിതലത്തിലേക്ക് ജലം ധാരയായി പ്രവഹിക്കുന്ന ചിത്രങ്ങളും ഉണ്‍ായിരുന്നു. ശനി ഗ്രഹത്തിന്റെ ശക്തമായ വേലബലം കാരണമാണ് ഉപഗ്രഹത്തില്‍ അന്തര്‍ഭാഗത്തുള്ള ജലം പുറത്തേയ്ക്കു വ്യാപിക്കുന്നത്. എന്‍സിലാഡസിന്റെ താപനിലയും സാന്ദ്രതയും ഉപരിതലത്തിനു കീഴെ ജീവന്‍ നിലനില്‍ക്കുന്നതിന് അനുകൂലമായ സാഹചര്യം പ്രദാനംചെയ്യുന്നു.
ധൂമകേതുക്കള്‍
ഭൂമിയില്‍ ജീവന്‍ ഉദ്ഭവിക്കാന്‍ കാരണം ഒരു ധൂമകേതുവിന്റെ ആക്രമണമാണെന്നതാണ് ഇന്ന് നിലവിലുള്ള ഏറ്റവും പ്രബലമായ വാദം. സൗരയൂഥത്തിന്റെ അതിര്‍ത്തികളിലുള്ള കുയ്പര്‍ ബെല്‍റ്റില്‍നിന്നും ഊര്‍ട്ട് മേഘങ്ങളില്‍നിന്നും സൂര്യന്റെ ഗുരുത്വാകര്‍ഷണ ഫലമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ദ്രവ്യശകലങ്ങളാണ് ധൂമകേതുക്കള്‍. വാല്‍നക്ഷത്രങ്ങളെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ചെളിപുരണ്ട ഹിമക്കട്ടകള്‍ ജീവന്റെ ഈറ്റില്ലമാണ്. സര്‍വേയര്‍-3 ബഹിരാകാശപേടകം ധൂമകേതുക്കളെക്കുറിച്ച് സമഗ്രമായ പഠനം നടത്തിയിട്ടുണ്ട്.

past present future


നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ തന്നെ തത്വചിന്തകരുടെയും ഭൗതിക ശാസ്ത്രജ്ഞരുടെയും ഉറക്കം കെടുത്തിയിരുന്ന പ്രതിഭാസമാണ് കാലവും അതിന്റെ സ്വഭാവവും. കാലത്തിന്റെ സ്വതന്ത്രമായ നിലനില്‍പ്പും മുന്നോട്ടു മാത്രമുള്ള പ്രയാണവും തൃപ്തികരമായി വിവരിക്കുന്നതിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. മറ്റു ഭൗതിക പ്രതിഭാസങ്ങള്‍ പോലെ തന്നെ കാലത്തെയും ഇന്ന് ഭൗതികശാസ്ത്രത്തിന്റെ ഭാഷയില്‍ വിശദീകരിക്കാന്‍ കഴിയുമെന്നു തന്നെയാണ് സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. സ്ഥലമാനങ്ങള്‍ പോലെ തന്നെ കാലവും അളക്കാന്‍ കഴിയുന്നതും അവ പരസ്പരം പൂരകങ്ങളും ആപേക്ഷികവുമാണെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. ഭൗതിക ശാസ്ത്രത്തിന്റെ ചിറകില്‍ കാലത്തിലൂടെ അതിന്റെ തുടക്കത്തിലേക്ക് ഒരു സമയസഞ്ചാരം നടത്താം.
‘എന്താണ് സമയം? ആരും ചോദിച്ചില്ലെങ്കില്‍ അതെന്താണന്ന് എനിക്കറിയാം. എന്നാല്‍ ആരെങ്കിലും ചോദിച്ചാല്‍ അതെന്താണെന്നു വിവരിക്കാന്‍ എനിക്കാവില്ല’ എന്നാണ് തിയോളജിസ്റ്റായ സെന്റ് അഗസ്റ്റിന്‍ സമയത്തെക്കുറിച്ച് പറഞ്ഞത്. ഈശ്വരസങ്കല്‍പ്പം അവതരിപ്പിക്കുന്നതുപോലെ തന്നെയാണ് അദ്ദേഹം കാലത്തെയും അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്താണ് സമയമെന്നല്ല, എന്തല്ല സമയമെന്നു പറയുവാനാണ് അദ്ദേഹം കൂടുതലും ശ്രദ്ധിച്ചത്. ദൈവസങ്കല്‍പ്പം അവതരിപ്പിക്കുമ്പോഴും എന്തല്ല എന്നു പറയാനാണല്ലോ തിയോളജിസ്റ്റുകള്‍ ധൃതികാണിക്കുന്നത്. രൂപമില്ല, ഗുണമില്ല എന്നൊക്കെ പറയുമെങ്കിലും എന്താണുള്ളതെന്നു പറഞ്ഞാല്‍ അതു പലപ്പോഴും യുക്തിക്കുനിരക്കുന്നതായിരിക്കില്ലെന്ന് മറ്റാരേക്കാളും തിയോളജിസ്റ്റുകള്‍ക്കറിയാമെന്നതുകൊണ്ടു തന്നെ അത്തരം സാഹസങ്ങള്‍ക്കൊന്നും മുതിരാറുമില്ല. ഭൂതകാലത്തെ ഓര്‍മ്മിക്കുന്നതിനും വര്‍ത്തമാനത്തെ നിരീക്ഷിക്കുന്നതിനും ഭാവിയെ പ്രതീക്ഷിക്കുന്നതിനും മനുഷ്യമനസ്സുപയോഗിക്കുന്ന മാര്‍ഗ്ഗമാണ് കാലമെന്ന ഒത്തു തീര്‍പ്പിലെത്തിച്ചേരുകയാണ് ഒടുവില്‍ സെന്റ് അഗസ്റ്റിന്‍. മനസ്സിന്റെ ഊതിവീര്‍പ്പിക്കപ്പെട്ട ഒരവസ്ഥയാണ് കാലമെന്ന് വേണമെങ്കില്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞവസാനിപ്പിക്കാം. ഗ്രീക്ക് തത്ത്വചിന്തയും അഗസ്റ്റിനെ സ്വാധീനിച്ചിരുന്നു. പ്രപഞ്ചത്തിന് അനന്തമായ ഭൂത കാലം മാത്രമേയുള്ളൂ, അതിനൊരു തുടക്കമില്ല എന്നുകരുതിയിരുന്ന പ്രാചീന ദര്‍ശനത്തിന് ഗ്രീക്ക് ‘ദൈവശാസ്ത്രജ്ഞര്‍’ സംഭാവന ചെയ്ത സാന്ത്വമായ ഭൂതകാലവും അനാദിയായ സ്രഷ്ടാവിന്റെ സൃഷ്ടിയായ പ്രപഞ്ചത്തിന് ഒരു തുടക്കവുമുണ്ടെന്ന പരികല്‍പ്പനയും അഗസ്റ്റിനെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത്. പ്രപഞ്ചം സൃഷ്ടിച്ച ദൈവം-അതിന്റെ വലിപ്പമെന്താണെന്ന് അഗസ്റ്റിന് അറിയുമായിരുന്നോ എന്തോ – കാലവും സൃഷ്ടിച്ചു. എന്നാല്‍ ദൈവമാകട്ടെ കാലാതീതനുമാണ്. എന്നാല്‍ കാലത്തിനതീതനായ ദൈവം കാലത്തിന് അധീനമായ പ്രപഞ്ചത്തില്‍ ഇടപെടുമ്പോള്‍ ഭൗതിക നിയമങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് സ്ഥാപിക്കാന്‍ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിരുന്നു. ചിന്തിക്കുകയും, പദ്ധതികള്‍ തയ്യാറാക്കുയും, സ്‌നേഹിക്കുകയും, പ്രതികാരം ചെയ്യുകയുമെല്ലാം കാലികമായ പ്രവര്‍ത്തനങ്ങളാവുമ്പോള്‍ സ്രഷ്ടാവിന് കാലാതീതനായി തുടരാന്‍ കഴിയാതെ വരും. അങ്ങനെ വരുമ്പോള്‍ ഒരേസമയം കാലാതീതനും,കാലാധീനനുമായ – ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ അകപ്പെട്ടതുപോലൊരു സ്രഷ്ടാവിനെ പ്രതിഷ്ഠിക്കേണ്ടതായി വരും. ഭാവനകള്‍ക്ക് കടിഞ്ഞാണിടുന്നത് കാവ്യനീതിയല്ലെങ്കിലും കാലമെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ ദൈവശാസ്ത്രസിദ്ധാന്തങ്ങളെന്ന ഇത്തരം മലക്കം മറിച്ചിലുകള്‍ക്ക് കഴിയില്ല.
ഗ്രീക്കുഭാഷയില്‍ സമയത്തെ സൂചിപ്പിക്കാന്‍ ക്രോണോസ് , കെയ്‌റോസ് എന്നീ രണ്ടുവാക്കുകള്‍ ഉപയോഗിക്കുന്നുണ്ട്. എണ്ണല്‍ സംഖ്യകളാണ് ക്രോണോസ് അഥവാ ക്രോണോളജിക്കള്‍. സമയം ശരിയായ അവസരം അല്ലെങ്കില്‍ ഭാഗ്യനിമിഷം എന്നൊക്കെയാണ് കെയ്‌റോസ് എന്ന വാക്കിന്റെ അര്‍ത്ഥം. ഇത് ദൈവിക സമയമാണ്. ഇത് ഗുണാത്മകവുമാണ്. രണ്ട് വ്യത്യസ്ത വീക്ഷണങ്ങൡലാണ് ഗ്രീക്ക് ദാര്‍ശനികര്‍ കാലത്തെ വിവരിക്കാന്‍ ശ്രമിക്കുന്നത്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഘടകമാണ്. കാലമെന്ന സങ്കല്‍പ്പമാണ് അതിലൊന്ന്. സംഭവങ്ങള്‍ ക്രമമായി അരങ്ങേറുന്നത് കാലത്തിലാണ്. എന്നാല്‍ സംഭവങ്ങളെ ക്രമപ്പെടുത്തുന്നതിനും താരതമ്യം ചെയ്യുന്നതിനുമായി ജന്തു മസ്തിഷ്‌ക്കം ഉപയോഗിക്കുന്ന ഒരു ‘ടൂള്‍’ മാത്രമാണ് കാലമെന്നും ഇത് ആത്യന്തിക സത്യമൊന്നുമല്ല എന്നുമുള്ള ചിന്താധാരയാണ് ഇതിനു വിപരീതമായുള്ളത്. സമയബോധം മനുഷ്യമസ്തിഷ്‌ക്കത്തിന്റെ മിഥ്യാധാരണ മാത്രമാണെന്നാണ് തത്വചിന്തകനായ ഇമ്മാനുവല്‍ കാന്റ് പറയുന്നത്. ഹൈന്ദവതത്വചിന്തയില്‍ പ്രപഞ്ചം ചാക്രികവും കാലത്തിലൂടെ സഞ്ചരിക്കുന്നതുമാണ്. സൃഷ്ടി-സ്ഥിതി-സംഹാരം, വീണ്ടും സൃഷ്ടി എന്നിങ്ങനെ ഒരിക്കലും അവസാനിക്കാത്ത ചാക്രിക പ്രവാഹത്തില്‍ ഇതിലൊന്നും ഇടപെടാതെ സ്വതന്ത്രമായി നില്‍ക്കുന്നത് ഒന്നുമാത്രം. അതിനെയാണ് കാലമെന്നു വിളിക്കുന്നത്. മുന്‍പുണ്ടായിരുന്നതും പിന്നീടുണ്ടാകുന്നതും തമ്മിലുള്ള വ്യത്യാസങ്ങളുടെ എണ്ണമാണ് കാലമെന്നാണ് അരിസ്റ്റോട്ടിലിന്റെ അഭിപ്രായം.
കാലമെന്നത് അനുഭവസിദ്ധമായ ഒരു പ്രതിഭാസമല്ല.കാലത്തിനതീതമായി ചരിക്കുന്നതിനോ അതിനപ്പുറം അനുഭവിക്കുന്നതിനോ സാധിക്കില്ല.കാലത്തെപ്പോലെ തന്നെ സ്ഥലത്തെയും വസ്തുനിഷ്ഠമായി അനുഭവിക്കുന്നതിനോ അവതരിപ്പിക്കുന്നതിനോ സാധിക്കില്ല. മൗലീക പ്രകൃതിയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് കാലം. കാലത്തിലാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്.എന്താണോ സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് അതിനെ സ്ഥലമെന്നും സംഭവങ്ങള്‍ക്കിടയിലുള്ള ദൂരത്തെ കാലമെന്നും വിളിക്കാം. ഈ അര്‍ത്ഥത്തില്‍ കാലമെന്നത് പ്രവഹിക്കുന്ന ഒരു പ്രതിഭാസമല്ലെന്നു കാണാന്‍ കഴിയും. പ്രതിഭാസങ്ങള്‍ കാലത്തിലാണ് പ്രവഹിക്കുന്നത്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സംഭവങ്ങളുടെ ഒരു സംഭരണിയാണ് കാലമെന്നു കാണാന്‍ കഴിയും. ജന്തുമസ്തിഷ്‌ക്കത്തിലുള്ള ഒരു കൂട്ടം കലകളാണ് സ്‌ട്രൈറ്റം . നാഡീകോശങ്ങളുടെ ഈ വിന്യാസത്തിലാണ് സമയബോധത്തിന്റെ ഇരിപ്പിടം. ജീവിതാനുഭവങ്ങളുടെ ഓരോ നിമിഷവും ഈ കലകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയുടെ ജനനം മുതല്‍സമാഹരിക്കപ്പടുന്ന വിവരങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ അടുക്കി വയ്ക്കുന്ന ബോധമണ്ഡലത്തിന്റെ ടൈം മെഷീന്‍ ആണ് സ്‌ട്രൈറ്റമെന്ന് സാമാന്യമായി പറയാന്‍ കഴിയും. എന്നാല്‍ ഈ കലകള്‍ വ്യക്തിയുടെ ബോധത്തില്‍ കാലപ്രവാഹമെന്ന ഒരു മിഥ്യാധാരണ സൃഷ്ടിക്കുന്നുമുണ്ട്.സമയവും അതിന്റെ മുന്നോട്ടുമാത്രമുള്ള പ്രയാണവും ഈ കലകള്‍ നിര്‍മ്മിക്കുന്ന സങ്കല്‍പ്പം മാത്രമാണ്. വ്യക്തിയുടെ ബോധമണ്ഡലത്തില്‍ എന്താണോ സംഭവിക്കുന്നത്,അതിനെ മാത്രം ആശ്രയിച്ചാണ് സമയം അളക്കപ്പെടുന്നത്.ബോധപൂര്‍വം ഏര്‍പ്പടുന്ന പ്രവര്‍ത്തനങ്ങളില്‍ മാത്രമേ സമയം അളക്കാന്‍ സാധിക്കുകയുള്ളൂ.ജന്തുമസ്തിഷ്‌കത്തിലെ ഫ്രോണ്‍ടല്‍ കോര്‍ട്ടക്‌സില്‍ വച്ച് നിര്‍ധാരണം ചെയ്യപ്പെട്ന്ന വൈദ്യുത സിഗ്നലുകള്‍ ഇത്തരം ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളുടേതു മാത്രമാണ്. അതുകൊണ്ടുതന്നെ സമയബോധമെന്നത് ജന്തുമസ്തിഷ്്കത്തിലെ ചില കോശങ്ങളുടെ സൃഷ്ടിയാണെന്നു സമ്മതിേക്കണ്ടി വരും. 1960 ല്‍ ഫ്രഞ്ച് ജിയോളജിസ്റ്റായ മൈക്കല്‍ റെസഫര്‍ സമയബോധമളക്കുന്നതിന് കൗതുകകരമായ ഒരു പരീക്ഷണം നടത്തി.അറുപത് ദിവസം അദ്ദേഹം ഒരു ഇരുണ്ട മുറിയില്‍ ഒറ്റയ്ക്കു താമസിച്ചു.ഈ കാലയളവിനുള്ളില്‍ റെസഫര്‍ ക്‌ളോക്കോ വാച്ചോ ഉപയോഗിച്ചിരുന്നില്ല.അതിശയകരമായ വസ്തുത എന്താണെന്നു വെച്ചാല്‍ ഈ കാലയളവിനുള്ളില്‍ അദ്ദേഹത്തിനുണ്ടായ സമയ ബോധം വളരെ വിചിത്രമാണെന്നതായിരുന്നു. ദിവസങ്ങള്‍ ചെല്ലുംതോറും അദ്ദേഹത്തിന്റെ സമയബോധം ക്രമേണ കുറഞ്ഞുവരുകയും ഒടുവില്‍ ഏറെക്കുറെ നഷ്ടമാവുകയും ടെയ്തു. വാലിയവും കഫേനും പോലെയുള്ള ഔഷധങ്ങളും മദ്യവും ബ്രൗണ്‍ഷുഗര്‍,കൊക്കെയ്ന്‍ പോലെയുള്ള മയക്കുമരുന്നുകളും വ്യക്തികളുടെ സമയബോധത്തെ വഴിതിരിച്ചു വിടാറുണ്ട്. ബാഹ്യമായ ഇടപെടലുകളും ഔഷധങ്ങളും രാസവസ്തുക്കളുമെല്ലാം ഒരു വ്യക്തിയുടെ സമയബോധത്തെ സ്വാധീനിക്കുമെന്നു വരുമ്പോള്‍ സമയമെന്നത് ആത്യന്തികവും പ്രാപഞ്ചികവുമായ യാഥാര്‍ത്ഥ്യമായി കാണാന്‍ കഴിയില്ല. കാലത്തിന്റെ മുന്നോട്ടു മാത്രമുള്ള പ്രയാണമെന്ന ബോധമുണ്ടാവുന്നത് ജന്തുമസ്തിഷ്‌ക്കത്തില്‍ സംഭവിക്കുന്ന നിരവധി അനുബന്ധ ജൈവ – രാസപ്രവര്‍ത്തനങ്ങളുടെ ഉപോല്‍പ്പന്നമായാണ്. അനുഭവങ്ങളെ അടുക്കിവക്കാന്‍ മസ്തിഷ്‌ക്കം സ്വീകരിക്കുന്ന തന്ത്രമാണ് കാലഗണന. അതിന്റെ ക്രമം മുന്നോട്ടു മാത്രമുള്ള അസ്ത്രത്തിന്റെ സഞ്ചാരദിശയുമാണ്. കാലത്തില്‍ പിന്നിലേക്കുള്ള യാത്ര ജന്തുബോധത്തിന് അംഗീകരിക്കാനും കഴിയില്ല.
കാലത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എല്ലാ സംസ്‌ക്കാരങ്ങളിലും നിലനില്‍ക്കുന്നുണ്ട്. ബി.സി. 350ല്‍ അരിസ്റ്റോട്ടില്‍ രചിച്ച ‘ഫിസിക്‌സ്’ എന്ന ഗ്രന്ഥത്തില്‍ കാലവുമായുള്ള വലിയൊരു മല്ലയുദ്ധം തന്നെ നടത്തുന്നുണ്ട്. ആദ്യം അല്ലെങ്കില്‍ ഒന്നാമത്തേത് എന്നാല്‍ എന്താണെന്നായിരുന്നു അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെടുത്തിയിരുന്ന പ്രഹേളിക. അരിസ്റ്റോട്ടിലിന്റെ ചോദ്യത്തിന് ഇന്നും തൃപ്തികരമായ ഉത്തരം ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അരിസ്റ്റോട്ടിലിന്റെ കാലഘട്ടം മുതല്‍ ഇന്നുവരെയുള്ള ചരിത്രം പരിശോധിച്ചു നോക്കിയാലും കാലത്തിന് മാറ്റമെന്ന സാമാന്യവല്‍ക്കരിച്ച ഒരു നിഗമനത്തിലെത്തിച്ചേരാനേ കഴിഞ്ഞിട്ടുള്ളൂ. കാലത്തില്‍ ഒന്ന് മറ്റൊന്നായി മാറുന്നു. അത്രമാത്രം ഗ്രീക്ക് തത്വചിന്തകര്‍ക്ക് കാലത്തേക്കുറിച്ച് മറ്റൊരു ധാരണകൂടിയുണ്ടായിരുന്നു. അത് പ്രാപഞ്ചിക ഘടികാരമെന്ന സങ്കല്‍പ്പത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. ഈ സങ്കല്‍പ്പമനുസരിച്ച് സമയം ചാക്രികമാണ്. ആധുനിക ഭൗതികശാസ്ത്രവും ഈ പരികല്‍പ്പനയെ ഗൗരവമായിത്തന്നെയാണ് സമീപിക്കുന്നത്. താഴെവീണുചിതറുന്ന സ്ഫടികപാത്രവും പൊട്ടിയമുട്ടയുമൊന്നും ആദ്യാവസ്ഥയിലെത്തുന്നില്ലെന്നും ക്‌ളോക്കിന്റെ ചാവി അയയുകയല്ലാതെ മുറുകുന്നില്ലെന്ന് പറയുമ്പോഴും കാലപ്രവാഹം സ്വാധീനിക്കാത്ത സൂക്ഷമപ്രപഞ്ചവും ഭൗതിക ലോകത്തിന്റെ ഭാഗമാണെന്ന കാര്യം വിസ്മരിച്ചു കൂടാ. ഒരേസമയം ഒന്നിലേറെ തലങ്ങളില്‍ നിലനില്‍ക്കുന്ന സൂക്ഷമകണികകളും പ്രപഞ്ചത്തിന്റെ വേഗപരിധി മറികടക്കുന്ന ഫോട്ടോണുകളും കാലപ്രവാഹത്തെ ചോദ്യം ചെയ്യുന്നുണ്ട്.
ഭൂതം, വര്‍ത്തമാനം, ഭാവി, തുടര്‍ച്ച, കാര്യകാരണബന്ധം എന്നിവയൊന്നും ആത്യന്തിക പ്രപഞ്ചങ്ങളല്ല. അവ അങ്ങനെയാണെന്നുള്ള മിഥ്യാധാരണ ഉണ്ടാകുന്നത് ചില മസ്തിഷ്‌ക കലകളുടെ സാധാരണ പ്രവര്‍ത്തനങ്ങളുടെ ഉപോല്‍പ്പന്നമായി മാത്രമാണ്. തത്വചിന്തകരെ മാത്രമല്ല, ഭൗതികശാസ്ത്രജ്ഞരെയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ട് കാലവും അതിന്റെ മുന്നോട്ടുമാത്രമുള്ള പ്രയാണവും. ആധുനിക കാലഘട്ടത്തിലെ പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞന്‍ ഐസക്ക് ന്യൂട്ടനാണ് കാലമെന്ന മാന്ത്രികനെ വരുതിയിലാക്കാന്‍ ശ്രമിച്ചവരില്‍ പ്രമുഖന്‍. കാലത്തെ വിവരിക്കുമ്പോള്‍ അതിനൊരു അതീത ഭൗതിക പരിവേഷം ചാര്‍ത്തിക്കൊടുക്കാന്‍ ന്യൂട്ടന്റെ ക്രിസ്തുമത വിശ്വാസം അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയിരുന്നു. കാലം കേവലവും സ്വതന്ത്രമാണെന്നും പ്രപഞ്ചത്തില്‍ അതിന്റെ പ്രവാഹം അനുസ്യൂതമാണെന്നും അതു തടയുന്നതിനോ, അതിനെ സ്വാധീനിക്കുന്നതിനോ ഒരു തരത്തിലുള്ള ഇടപെടലുകള്‍ കൊണ്ടും സാധിക്കില്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ‘പ്രിന്‍സിപ്പിയ മാത്തമാറ്റിക്ക’ എന്ന സങ്കീര്‍ണ്ണമായ ഗണിതശാസ്ത്രഗ്രന്ഥകര്‍ത്താവില്‍ നിന്നുതന്നെയാണ് ദാനിയല്‍ പ്രവാചകന്റെ ദര്‍ശനങ്ങളെക്കുറിച്ചുള്ള പഠനങ്ങളുമുണ്ടായതെന്ന വൈരുദ്ധ്യം ന്യൂട്ടന്റെ പ്രതിഭയെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. തന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തമാണ് ഈ ദര്‍ശനങ്ങളുടെ പുസ്തകമെന്ന് ന്യൂട്ടന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മതവിശ്വാസത്തിന്റെ ആഴങ്ങള്‍ തുറന്നുകാണിക്കാന്‍ പര്യാപ്തമായിരുന്നെങ്കിലും സമയം കേവലമാണെന്ന വാദം ന്യൂട്ടന്റെ സമകാലികരായ പല ഭൗതികശാസ്ത്രജ്ഞരും അംഗീകരിച്ചിരുന്നില്ല. ഇക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു ലെബ്‌നിസ് . ന്യൂട്ടനെപ്പോലെ മതവിശ്വാസമെന്ന ബാധ്യത ലെബ്‌നിസിനുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ന്യൂട്ടന്റെ ചിന്താധാരയില്‍ ലെബ്‌നിസിന് അല്പം പോലും താല്‍പര്യം തോന്നിയില്ല. സമയം മനുഷ്യനിര്‍മ്മിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. പ്രാപഞ്ചിക പ്രതിഭാസങ്ങളെ പരസ്പരം കാര്യകാരണ സഹിതം ബന്ധിപ്പിക്കുന്നത് മനുഷ്യമസ്തിഷ്‌ക്കത്തിന്റെ ഭാവന മാത്രമാണെന്ന് ലെബ്‌നിസ് ഉറച്ചു വിശ്വസിച്ചിരുന്നു. മനുഷ്യനിര്‍മ്മിതമായ ക്‌ളോക്കിന്റെ പെന്‍ഡുലത്തിന്റെ ദോലനത്തിനനുസരിച്ച പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ അളക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തെളിയിക്കാനാണ് ലെബ്‌നിസ് ശ്രമിച്ചത്. നിലനില്‍ക്കുന്ന എന്തോ ഒന്ന് അളക്കപ്പെടുന്നു എന്ന തോന്നലുണ്ടാക്കുക മാത്രമാണ് ഘടികാരം ചെയ്യുന്നത്.മനുഷ്യ മസ്തിഷ്്കത്തിന്റെ ഭാവനയ്ക്കനുസരിച്ച് പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് കാര്യകാരണബന്ധം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടി സൃഷ്ടിച്ചതും സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിച്ച് അവയ്ക്ക് ഒരു അര്‍ത്ഥതലം നല്‍കുന്നതിനു വേണ്ടി രൂപപ്പെടുത്തിയതും യഥാര്‍ത്ഥത്തില്‍ നിലനില്‍പപ്പില്ലാത്തതുമായ മിഥ്യാധാരണ മാത്രമാണ് സമയമെന്നാണ് ലെബ്‌നിസ് പറയുന്നത്. സ്ഥലമാനങ്ങളില്‍ മുകളില്‍ -താഴെ,ഇടത്-വലത്,മുന്നില്‍-പിന്നില്‍, എന്നെല്ലാം പറയുന്നപോലെ അര്‍ത്ഥശൂന്യമാണ് സമയത്തിന്റെ കേവല മൂല്യവും.
കാലത്തിനുണ്ടായിരുന്ന ഒരു ‘കാല്‍പനിക പരിവേഷം’ അസ്തമിച്ചതും ഇളക്കം തട്ടാത്ത പ്രപഞ്ച സത്യമാണതെന്ന ധാരണയ്ക്ക് അറുതി വന്നതും ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ പ്രതിഭയുടെ മുന്നിലാണ്.നീളം വീതി ആഴം എന്നിങ്ങനെയുള്ള സ്ഥലമാനങ്ങളോടു ചേര്‍ത്തുവായിക്കേണ്ട പ്രപഞ്ചത്തിന്റെ അളവുകോലാണ് കാലമെന്നും സ്ഥലത്തില്‍ നിന്ന് വേറിട്ടൊരുനിലനില്‍പ്പ് കാലത്തിനില്ലെന്നുമാണ് ഐന്‍സ്‌റ്റൈന്‍ തെളിയിച്ചത്. പിന്നീട് ഉപകരണങ്ങളുടെ സഹായത്തോടെ പരീക്ഷിച്ച് ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നതും ചരിത്രം. അസാധരണ സിദ്ധാന്തങ്ങള്‍ക്ക് അസാധരണ തെളിവുകള്‍ വേണം. ആപേക്ഷികതാ പ്രമാണങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് ഇത്തരം അസാധാരണമായ തെളിവുകളുടെ അടിത്തറയിലാണ്.
ഭൗതിക നിയമങ്ങള്‍ പ്രപഞ്ചത്തിലെല്ലായിടത്തും ഒരുപോലെ ബാധകമാണെങ്കിലും നിരീക്ഷകന്റെ സ്ഥാനത്തിനും സഞ്ചാരവേഗതയ്ക്കും ആപേക്ഷികമായിരിക്കും അവയെന്നാണ് ആപേക്ഷികതാ സിദ്ധാന്തങ്ങള്‍ പറയുന്നത്. കേവലമായത് ഒന്നുമാത്രമേ ഉള്ളൂ – പ്രകാശവേഗത. നിരീക്ഷകന്റെ സ്ഥാനത്തിനും സഞ്ചാരവേഗതയ്ക്കും ആപേക്ഷികമായല്ല പ്രകാശം സഞ്ചരിക്കുന്നത്. പ്രപഞ്ചത്തിന്റെ വേഗപരിധിയാണ് പ്രകാശപ്രവേഗം. മണിക്കൂറില്‍ 100 കി.മീ. വേഗതയില്‍ മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു കാറിന്റെ ഹെഡ്‌ലൈറ്റില്‍ നിന്ന് പുറപ്പെടുന്ന പ്രകാശത്തിന്റെ വേഗതയും 30.കി.മീ. വേഗതയില്‍ പിന്നിലേക്കുസഞ്ചരിച്ചുകൊണ്ടിരിക്കുന്ന വാഹനത്തിന്റെ ഹെഡ്‌ലൈറ്റില്‍ നിന്നുള്ള പ്രകാശത്തിന്റെ വേഗതയും ഒന്നുതന്നെയായിരിക്കും. ഈ രണ്ടവസ്ഥകളിലും പ്രകാശപ്രവേഗം ‘ര’ തന്നയായിരിക്കും (ര+100 അല്ലെങ്കില്‍ ര30 ആയിരിക്കില്ല) പ്രാകാശപ്രവേഗം നിരീക്ഷന്റെ സ്ഥാനത്തിനോ പ്രകാശസ്രോതസ്സുകളുടെ ആപേക്ഷിക സഞ്ചാരത്തിനോ അനുസരിച്ച് വ്യത്യാസപ്പെടുന്നില്ല എന്നര്‍ത്ഥം. പ്രകാശത്തിന്റെ ഈ സ്വഭാവം പ്രപഞ്ചത്തിലെ എല്ലാ അളവുകളിലും മാറ്റം വരുത്താന്‍ പര്യാപ്തമാണ്. സ്ഥലമാനങ്ങള്‍ മാത്രമല്ല കാലവും പ്രകാശത്തിന്റെ പാതയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ സ്ഥലവും കാലവും – അവയെ സ്ഥലകാലങ്ങള്‍ എന്നാണ് ആപേക്ഷികതയില്‍ പറയുന്നത് – നിരീക്ഷകന്റെ സഞ്ചാരവേഗതയ്ക്ക് ആപേക്ഷികമായിരിക്കും.
കാലപ്രവാഹത്തെ ഒരു സമയസഞ്ചാരിയുടെ വേഗതയുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണെന്നു നോക്കാം. നിങ്ങളുടെ ഓഫീസിലെ ചുമര്‍ ക്‌ളോക്ക് കാണിക്കുന്ന സമയത്തെക്കാള്‍ സാവധാനത്തിലാണ് ഓടിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ കാറിലെ ക്‌ളോക്ക് സഞ്ചരിക്കുന്നത് എന്നു പറയുമ്പാള്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. കാറിന്റെ വേഗത പ്രകാശവേഗതയുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമായതുകൊണ്ട് കാറിനുള്ളിലെ ക്‌ളോക്കിന്റെ മന്ദഗമനം അളക്കാന്‍ കഴിയുന്നതിലും (നിങ്ങളുടെ കാര്‍ ഒരുമണിക്കൂര്‍ കൊണ്ട് 100 കി.മീ. സഞ്ചരിക്കുമ്പോള്‍ പ്രകാശം 100കോടി കി.മീ.അധികം പിന്നിട്ടിരിക്കും ) കുറവായിരിക്കും. ഒരു റോക്കറ്റിലുള്ള ക്‌ളോക്ക് പരിഗണിച്ചാല്‍ അതിന്റെ സഞ്ചാരം കാറിലുള്ള ക്‌ളോക്കിനേക്കാള്‍ സാവധാനത്തിലായിരിക്കും. റോക്കറ്റിന്റെ വേഗത കാറിനേക്കാള്‍ കൂടുതലായതുതന്നെ കാരണം. ഇനി റോക്കറ്റിന്റെ വേഗത ക്രമമായി വര്‍ദ്ധിപ്പിച്ച് പ്രകാശ വേഗതയുടെ അടുത്തെത്തി എന്നിരിക്കട്ടെ, അപ്പോള്‍ ക്‌ളോക്കിലെ സമയം ഇഴഞ്ഞുനീങ്ങുന്നതയാണ് ഒരു ബാഹ്യനിരീക്ഷകന് അനുഭവപ്പെടുന്നത്. റോക്കറ്റിന്റെ വേഗത പ്രകാശവേഗതയ്ക്ക് തുല്യമായാലോ? അപ്പോള്‍ സമയം നിശ്ചലമാകും. കാലപ്രവാഹമുണ്ടാകില്ല! കാലപ്രവാഹം സഞ്ചാരവേഗതയ്ക്ക് ആപേക്ഷികമാണെന്ന് കാണാന്‍ കഴിയും. ഇനി റോക്കറ്റിന്റെ വേഗത പ്രകാശപ്രവേഗത്തെ മറികടന്നുവെന്നിരിക്കട്ടെ. പിന്നീടുള്ള യാത്ര ഭൂതകാലത്തിലേക്കാണ്. സമയം പിന്നിലേക്ക് സഞ്ചരിക്കാനാരംഭിക്കും! സമയസഞ്ചാരിക്ക് അയാളുടെ മുതുമുത്തച്ഛന്‍മാരെയൊക്കെ സന്ദര്‍ശിക്കാന്‍ കഴിയും. എന്നാല്‍ അവിടെയൊരു സൈദ്ധാന്തിക പ്രശ്‌നമുണ്ട്. സമയസഞ്ചാരി അയാളുടെ മുത്തച്ഛനെ കാണുമ്പോള്‍ കൈയിലുള്ള തോക്കെടുത്ത് മുത്തച്ഛന് നേരെ നിറയൊഴിച്ചു എന്നു കരുതുക. മുത്തച്ഛന്‍ കൊല്ലപ്പെട്ടുകഴിഞ്ഞാല്‍ പിന്നെയെങ്ങനെയാണ് സമയസഞ്ചാരി ജനിക്കുന്നത്? . സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞരുടെ ഉറക്കം നഷ്ടപ്പെടുത്തിയ ചിന്താ പരീക്ഷണമായിരുന്നു ഇത്. സമയസഞ്ചാരിക്ക് കാലത്തില്‍ പിന്നിലേക്ക് സഞ്ചരിക്കുമ്പോള്‍ സംഭവങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയില്‍ കവിഞ്ഞ് ഒന്നും ഇക്കാര്യത്തില്‍ ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നതില്‍ അര്‍ത്ഥമൊന്നുമില്ലെന്നാണ് ആപേക്ഷികത പറയുന്നത്. കാരണം പ്രപഞ്ചത്തിന്റെ വേഗപരിധി പ്രകാശപ്രവേഗമാണ്. അതില്‍കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഒന്നിനുമാവില്ല. സമയസഞ്ചാരിയുടെ വേഗത പ്രകാശപ്രവേഗത്തോട് അടുക്കുംതോറും സഞ്ചാരിയുടെ വലിപ്പം കുറയുകയും പിണ്ഡം വര്‍ദ്ധിക്കുകയും ചെയ്യും. പ്രകാശപ്രവേഗത്തിലെത്തുമ്പോള്‍ സമയസഞ്ചാരിയുടെ വലിപ്പം പൂജ്യമാവുകയും പിണ്ഡം അനന്തമാവുകയും ചെയ്യും. അതിനപ്പുറമുള്ള ഒരു സമയസഞ്ചാരം ആപേക്ഷികത അനുവദിക്കുന്നില്ല. വേഗത വര്‍ദ്ധിക്കുന്നതനുസരിച്ച് കാലപ്രവാഹം മന്ദീഭവിക്കുന്നത് ഇന്ന് പരീക്ഷണശാലകളില്‍ വെച്ച് തെളിയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സബ് -ആറ്റമിക കണികകള്‍ പ്രകാശവേഗതയോടടുത്ത് വായിച്ചപ്പോള്‍ അവയുടെ ആയുസ്സ് വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരട്ടകളുടെ പ്രഹേളികയെന്ന് വിളിക്കുന്ന ചിന്താപരീക്ഷണത്തില്‍ സമയത്തിന്റെ മെല്ലെ പോക്ക് ഐന്‍സ്റ്റൈന്‍ വിവരിക്കുന്നത് ശ്രദ്ധിക്കുക. പ്രകാശപ്രവേഗത്തിന്റെ (3,00,000 കി.മീ./സെക്കന്റ്) 90 ശതമാനം വേഗതയില്‍ സഞ്ചരിക്കുന്ന ഒരു റോക്കറ്റില്‍ ഇരട്ടകളില്‍ ഒരാള്‍ മാത്രം യാത്ര ആരംഭിച്ചുവെന്നു കരുതുക ഭൂമിയിലുള്ള ഇരട്ടകളില്‍ ഒരാളെ ആധാരമാക്കി 10 വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ അപരന്‍ റോക്കറ്റ് യാത്ര അവസാനിപ്പിച്ച് തിരിച്ചെത്തുമ്പോള്‍ അവര്‍ തമ്മില്‍ 5 വയസ്സിന്റെ പ്രായവ്യത്യാസമുണ്ടാകും. വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇരട്ടകളിലൊരുവന്റെ ജൈവഘടികാരം സാവധാനത്തിലാവുകയും അതുകൊണ്ട് ഭൂമിയിലുള്ളയാള്‍ക്ക് പ്രായമാകുന്ന തോതില്‍ സഞ്ചാരിക്ക് പ്രായമാകാതിരിക്കുകയുമാണ് ഇവിടെ സംഭവിച്ചത്. ഇവിടെ സ്ഥലമാനങ്ങളിലൂടെയുള്ള വേഗതയ്ക്ക് ആപേക്ഷികമാവുകയാണ് കാലപ്രവാഹം.
ന്യൂട്ടണ്‍ നിര്‍മ്മിച്ച കേവല സമയത്തെ സ്ഥലമാനങ്ങളോടു ചേര്‍ത്തുമാത്രം വായിക്കാന്‍ കഴിയുന്ന,പ്രപഞ്ചത്തിന്റെ അളവുകോലാക്കിയതും സ്ഥാനമാനങ്ങള്‍ പോലെ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണെനന്ന് തെളിയിച്ചതും ഐന്‍സ്റ്റൈനാണ്.അതോടുകൂടി കാലത്തിന്റെ അതീത ഭൗതീക മുഖംമൂടി അഴിഞ്ഞുവീണെന്നു പറയാം.സമയ സഞ്ചാരിയെ സംബന്ധിച്ചിടത്തോളം സ്ഥലപരിമാണങ്ങളില്‍ നിന്ന് കാലത്തിനുള്ള ഒരേയൊരു വ്യത്യാസം സ്ഥലമാനങ്ങളിലൂടെയുള്ള സഞ്ചാരം ബോധപൂര്‍വമാണെങ്കില്‍ കാലത്തിലൂടെയുള്ള സഞ്ചാരം അങ്ങനെയല്ല എന്നുള്ളതാണ്. നെയ്ത്തുശാലയിലെ തുണിയുടെ ഊടും പാവും പോലെ പരസ്പരം വേര്‍പെടുത്താനാവാത്ത വിധം സ്ഥലകാലങ്ങള്‍ പ്രപഞ്ച തിരശ്ശീലയില്‍ വിന്യസിക്കപ്പെട്ടിരിക്കുകയാണ്. കാലഗണനയില്ലാതെ ദ്രവ്യമോ,ദ്രവ്യസാന്നിധ്യത്തിലല്ലാതെ കാലമോ അളക്കാന്‍-ചിന്തിക്കാന്‍ പോലും -സാധ്യമല്ല. നെയ്ത്തുശാലയിലെ തുണിപോലെ തന്നെ വളയ്ക്കാനും തിരിക്കാനും വലിച്ചുനീട്ടാനും ചുരുക്കാനും കീറിക്കളയുന്നതിനും കഴിയുന്നതാണ് സ്ഥലകാലങ്ങളും. അതിന്റെ സ്വഭാവത്തിനനുസരിച്ചും പരസ്പരം ആപേക്ഷികമായുമാണ് പ്രപഞ്ചത്തിലെ ദ്രവ്യ-ഊര്‍ജവിന്യാസവും. അപേക്ഷികമല്ലാത്തതൊന്നും സ്ഥലകാലങ്ങളില്‍ നിലനില്‍ക്കില്ല, എന്തിനേറെ പ്രകാശത്തിന്റെ വേഗത പോലും മറ്റെന്തിനോടും അപേക്ഷികമാണെന്നും തിരുത്തി വായിക്കുന്നതിനും കഴിയും. ആപേക്ഷികതയുടെ കൃത്യതയും സ്ഥൂലപ്രപഞ്ചത്തിലുള്ള അതിന്റെ അപ്രമാദിത്വവും ആണ് ആ ഗണിത സിദ്ധാന്തത്തെ പ്രായോഗിക തലത്തില്‍ ഗ്‌ളോബല്‍ പൊസിഷനിംഗിലേക്കും,ഉപഗ്രഹ വിക്ഷേപത്തിലേക്കും സാറ്റലൈറ്റ് ഫോണുകളുടെ സാധ്യതയിലേക്കും ആധുനികലോകത്തെ നയിച്ചത്. പ്രപഞ്ചോല്പത്തി പരിണാമങ്ങള്‍ വിവരിക്കുന്നതിനും പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്കു തുണയാകുന്നതും ആപേക്ഷികതാ സിദ്ധാന്തങ്ങള്‍ തന്നെയാണ്. എങ്കിലും ആപേക്ഷികത അണിയിച്ചൊരുക്കിയ സ്ഥലകാലങ്ങളുടെ ചതുര്‍മാന തിരക്കഥയിലും കാലത്തിന്റെ തുടക്കം തൃപ്തികരമായി വിശദീകരിക്കാന്‍ കഴിയുന്നില്ല.
പിണ്ഡമുള്ള ഏതു ദ്രവ്യരൂപവും അത് സ്ഥിതി ചെയ്യുന്ന സ്ഥലകാലങ്ങളില്‍ വക്രതയുണ്ടാക്കുന്നുണ്ട്. പിമ്ഡം വര്‍ധിക്കുന്നതിനനുസരിച്ച് ഈ വക്രതയും വര്‍ധിച്ചുകൊണ്ടിരിക്കും. സ്ഥലകാലങ്ങളില്‍ ദ്രവ്യമുണ്ടാകുന്ന വക്രതയാണ് ദ്രവ്യത്തിന്റെ ഗുരുത്വബലമായി അനുഭവപ്പെടുന്നത്. സ്ഥലകാല വക്രതയുടെ ഏറ്റവും സങ്കീര്‍ണ്ണമായ അവസ്ഥയാണ്് തമോദ്വാരങ്ങള്‍ . തമോദ്വാരങ്ങളുടെ സീമയാണ് സംഭവചക്രവാളം . സ്ഥലകാല വക്രത അനന്തമാകുന്ന സംഭവചക്രവാളത്തിനുള്ളില്‍ സമയം നിശ്ചലമാണ്. സംഭവചക്രവാളത്തിനുള്ളിലേക്കു പ്രവേശിക്കുന്ന ദ്രവ്യവും ഊര്‍ജ്ജവുമെല്ലാം വ്യാപ്തം പൂജ്യമായ ഒരു ബിന്ദുവില്‍ ഒതുങ്ങും. ഈ വൈചിത്ര്യത്തില്‍ നിന്നുള്ള പലായന പ്രവേഗം പ്രകാശവേഗതയെ കവച്ചു വയ്ക്കുന്നതുകൊണ്ട് അവിടെ നിന്നുള്ള ഒരു വിവരവും, പ്രകാശം പോലും പുറത്തെത്തുന്നില്ല. സംഭവചക്രവാളത്തിനുള്ളിലെ വൈചിത്ര്യം ഒരിക്കലും നഗ്നമാക്കപ്പെടില്ല . ദൃശ്യപ്രപഞ്ചത്തില്‍ നിന്നു മറയ്ക്കപ്പെട്ടിരിക്കുന്ന സംഭവ ചക്രവാളത്തിനുള്ളിലേക്കു പ്രവേശിക്കുന്ന ഒരു സമയ സഞ്ചാരിയെ നിരീക്ഷിക്കുന്ന ബാഹ്യനിരീക്ഷകന് മതിഭ്രമമുണ്ടാക്കുന്ന സംഭവങ്ങളായിരിക്കും പിന്നീട് അരങ്ങേറുന്നത്. സമയ സഞ്ചാരിയുടെ സഞ്ചാര വേഗത കുറഞ്ഞ് വന്ന് ഒടുവില്‍ അയാള്‍ നിശ്ചലാവസ്ഥയിലാകും. നിരീക്ഷകന് ആപേക്ഷികമായി സമയസഞ്ചാരിയുടെ സമയപ്രവാഹം നിശ്ചലമായിരിക്കുകയാണ്. സമയ സഞ്ചാരി സംഭവചക്രവാളത്തിന്റെ സീമ മറികടക്കുന്നത് ബാഹ്യനിരീക്ഷകന് കാണാന്‍ കഴിയില്ല. കാരണം അയാളെ സംബന്ധിച്ചിടത്തോളം സമയം പ്രവഹിക്കുന്നില്ല. എന്നാല്‍ സമയ സഞ്ചാരിക്ക് സംഭവങ്ങള്‍ ഇങ്ങനെയല്ല അനുഭവപ്പെടുന്നത്. അത്യന്തം സങ്കീര്‍ണ്ണമായ ഗുരുത്വബലപ്രഭാവം സമയസഞ്ചാരിയുടെ ശരീരത്തെ വലിച്ചുകീറിക്കളയും. തമോദ്വാരങ്ങളുടെ നഗ്നത ദൃശ്യ പ്രപഞ്ചത്തില്‍ നിന്ന് മറയ്ക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എന്താണതിനുള്ളില്‍ സംഭവിക്കുന്നതെന്നു തൃപ്തികരമായി വിശദീകരിക്കുന്നതിന് സാമാന്യ ആപേക്ഷികതയ്ക്ക് കഴിയില്ലെന്നു മാത്രമല്ല, തമോദ്വാരങ്ങളുടെ സ്വഭാവം വിവരിക്കുന്നതില്‍ ക്വാണ്ടം ഗുരുത്വപ്രഭാവങ്ങള്‍ക്ക് സംഭവചക്രവാളത്തിനടുത്ത് പ്രാധാന്യമുണ്ടെന്നും തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ ആപേക്ഷികതയിലെ ഗുരുത്വാകര്‍ഷണ പ്രമാണങ്ങളും ക്വാണ്ടം ഭൗതികവും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമ്പൂര്‍ണ്ണ പ്രപഞ്ചസിദ്ധാന്തത്തിന് മാത്രമേ തമോദ്വാരങ്ങളുടെ ഭൗതികം കൃത്യമായി അവതരിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരം പ്രപഞ്ച സിദ്ധാന്തങ്ങളെല്ലാം തന്നെ ശൈശവ ദിശയിലാണിപ്പോഴുള്ളത്. പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങളെ (വിദ്യുത്കാന്തിക ബലം,ശക്ത-ക്ഷീണ ന്യൂക്‌ളിയാര്‍ ബലങ്ങള്‍ഗുരുത്വാകര്‍ഷണ ബലം) സംയോജിപ്പിക്കുന്നത് അത്ര എളുപ്പമല്ലാത്തതു തന്നെയാണ് ഇത്തരം സര്‍വതിന്റെയും സമ്പൂര്‍ണ്ണ സിദ്ധാന്തം രൂപപ്പെടുത്തുന്നതിനുള്ള പ്രധാന കടമ്പ.
തമോദ്വാരങ്ങളില്‍ സംഹാരം മാത്രമല്ല, സൃഷ്ടിയും നടക്കുന്നുണ്ട്്. തമോദ്വാരങ്ങളുടെ കേന്ദ്രമായ വൈചിത്ര്യം മറ്റു പ്രപഞ്ചങ്ങളുടെ തുടക്കമാകുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. തമോദ്വാരങ്ങളില്‍ അകപ്പെടുന്ന ദ്രവ്യവും ഈര്‍ജ്ജവുമെല്ലാം വൈചിത്ര്യത്തില്‍ വെച്ച് നഷ്ടപ്പെടുകയാണ്്. തിരിച്ചുവരാന്‍ കഴിയാത്ത ഈ മേഖലയില്‍ വച്ച് നഷ്ടപ്പെടുന്ന ദ്രവ്യോര്‍ജ്ജങ്ങള്‍ മറ്റൊരു പ്രപഞ്ചത്തിലെ സ്ഥലകാലങ്ങളിലേക്ക് പമ്പു ചെയ്യപ്പെടുകയുമാവാം. അങ്ങനെ വരുമ്പോള്‍ സമാന്തര പ്രപഞ്ചങ്ങളും ചാക്രിക കാലവുമെല്ലാം ഇനിയുമധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഒരുപക്ഷേ ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങള്‍ക്ക് കാലമെന്ന യാഗാശ്വത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്നുതന്നെയാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. റോജര്‍ പെന്റോസിനെപ്പോലെ, സ്റ്റീഫന്‍ ഹോക്കിംഗിനെപ്പോലെയുള്ള സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞര്‍ ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങളുടെ ആരാധകരാണ്.
സ്ഥലം കേവലമല്ലാത്തുപോലെ കാലവും കേവലമല്ല. ഒന്നു കേവലവും മറ്റേത് ആപേക്ഷികവുമാണെന്ന് പറയുമ്പോള്‍ സ്ഥലകാലങ്ങള്‍ യഥാര്‍ത്ഥമല്ലെന്നു പറയേണ്ടതായി വരും. അത്തരമൊരു സാഹസത്തിന് ഇപ്പോള്‍ ആരും ശ്രമിക്കുമെന്ന് കരുതാനാവില്ല. സ്ഥലകാലങ്ങള്‍ ആപേക്ഷികമാവുമ്പോള്‍ കേവലമായ ഒരു ഈശ്വരസങ്കല്‍പ്പവും പ്രപഞ്ച സ്രഷ്ടാവുമൊന്നും നിലനില്‍ക്കില്ല. ഭൂതം,ഭാവി, വര്‍ത്തമാനം എന്നെല്ലാം പറയുന്നത് ജന്തു മസ്തിഷ്‌ക്കത്തിന്റെ മിഥ്യാ ദര്‍ശനങ്ങള്‍ മാത്രമാണ്. ഇവിടെ സഞ്ചരിക്കുന്നത് സമയമല്ല.സംഭവങ്ങള്‍ കാലത്തില്‍ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. തികച്ചും സ്വതന്ത്രമായ പ്രതിഭാസങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ജന്തുമസ്തിഷ്‌ക്കത്തിന്റെ വെമ്പല്‍ മാത്രമാണ് കാലഗണന. കാര്യകാരണ ബോധമെല്ലാം മസ്തിഷ്‌ക്കത്തിന്റെ ഉല്‍പ്പന്നമാണ്. അല്ലെങ്കില്‍ തന്നെ വര്‍ത്തമാനവും ഭാവിയുമെല്ലാം ആര്‍ക്കെങ്കിലും അനുഭവിക്കാന്‍ കഴിയുമോ? സംഭവങ്ങള്‍ നടക്കുന്ന ഒരു കാലം മാത്രമേയുള്ളൂ. അത് നിരീക്ഷകന്റെ സ്ഥാനത്തിനും സഞ്ചാരവേഗതയ്ക്കും ആപേക്ഷികവുമായിരിക്കും. നിരീക്ഷകന്റെ സാന്നിധ്യമില്ലെങ്കില്‍ സ്ഥലകാലങ്ങളുമില്ല, കാലപ്രവാഹവുമില്ല. കാരണം മറ്റെന്തെങ്കിലുമൊന്നിനോട് ആപേക്ഷികമായല്ലാതെ അവയെ അളക്കാന്‍ കഴിയില്ല തന്നെ.

Quantum mechanics in daily life


സൂക്ഷ്മ പ്രപഞ്ചത്തിന്റെ പ്രകൃതത്തെ കുറിച്ച്പഠിക്കുന്ന ശാസ്ത്രശാഖയാണ് ക്വാണ്ടം മെക്കാനിക്‌സ്. അതിബുദ്ധിമാന്‍മാരായ ഭൗതികശാസ്ത്രജ്ഞരാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വെറും അക്കാദമിക താല്‍പ്പര്യത്തിനപ്പുറം ക്വാണ്ടം ഭൗതികത്തിന് നിത്യജീവതത്തില്‍ പ്രധാന്യമില്ലെന്ന് വാദിക്കുന്നവരുമുണ്ട്. പക്ഷെ ഈ വാദം ശരിയല്ല. ക്വാണ്ടം ഭൗതികം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ക്വാണ്ടംമെക്കാനിക്‌സ് നിത്യജീവതത്തില്‍ ഇടപെടുന്ന ചില മേഖലകള്‍ പരിശോധിക്കാം.
1) ക്വാണ്ടം ക്ലോക്കുകള്‍:-
നിങ്ങളുടെ കൈയ്യില്‍ കെട്ടിയിരിക്കുന്ന വാച്ചില്‍ ഏതാനും സെക്കന്റുകളുടെ വ്യത്യാസമുണ്ടെങ്കില്‍, ചിലപ്പോള്‍ മിനിട്ടുകളുടെ വ്യത്യാസമുണ്ടെങ്കില്‍ തന്നെ ആരും കാര്യമാക്കാറില്ല. സെക്കന്റുകളുടെ കൃത്യതയില്‍ ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ഇല്ലാത്തതുതന്നെ കാര്യം. എന്നാല്‍ വാര്‍ത്താവിനിമയ രംഗത്തും പ്രതിരോധ സംവിധാനങ്ങളിലും രാഷ്ട്രങ്ങളുടെ സമയമേഖല ക്രമീകരിക്കുന്നതിനും മറ്റും കുറെകൂടി കൃത്യതയുള്ള ക്ലോക്കുകളാണ് ഉപയോഗിക്കുന്നത്. അണുഘടികാരങ്ങള്‍ എന്നറിയപ്പെടുന്ന അത്തരം ക്ലോക്കുകള്‍ക്ക് രണ്ട് കോടി വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സെക്കന്റിന്റെ വ്യത്യാസംമാത്രമെ ഉണ്ടാകാറുള്ളു. സീഷിയം ആറ്റത്തിന്റെ സ്പന്ദനത്തെ ആധാരമാക്കിയാണ് ആറ്റമിക് ക്ലോക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആറ്റമിക് ക്ലോക്കുകളുടെ കൃത്യത പോരാതെ വരുന്ന ചില മേഖലകളുണ്ട് എന്ന് പറയുമ്പോള്‍ അതിലൊട്ടും അതിശയോക്തിയില്ല. കൃത്രിമ ഉപഗ്രഹങ്ങളുടെ ഗതിനിര്‍ണയത്തിലും ഛിന്ന ഗ്രഹങ്ങളുടെ വേഗതയും നക്ഷത്ര സമൂഹങ്ങളുടെ പലായനവുമെല്ലാം അളക്കുന്നത് അണുഘടികാരങ്ങളെക്കാള്‍ സൂക്ഷ്മതയുള്ള ക്ലോക്കുകള്‍ ആവശ്യമാണ്. സീഷിയം ആറ്റത്തിന്റെ കമ്പനങ്ങള്‍ അളക്കുന്നതിലെ അനിശ്ചിതത്വം പരമാവധി കുറക്കാന്‍ കഴിഞ്ഞാല്‍ അണുഘടികാരങ്ങള്‍ അണുവിട തെറ്റാതെ കൃത്യസമയം പാലിക്കും. എത്രകോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും. ജര്‍മനിയിലെ രണ്ട് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ ക്വാണ്ടം ക്ലോക്കുകളുടെ ഗവേഷണത്തിലാണ്. അധികം താമസിയാതെ ക്വാണ്ടംക്ലോക്കുകള്‍ യാഥാര്‍ഥ്യമാകും.
2) ടെലിപോര്‍ട്ടേഷന്‍:
സയന്‍സ് ഫിക്ഷന്‍ സിനിമകളിലും ടെലിവിഷന്‍ ഷോകളിലുംമാത്രം കണ്ടുപരിചയമുള്ള ടെലിപോര്‍ട്ടേഷന്‍ യാഥാര്‍ഥ്യമാവുകയാണ്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ക്വാണ്ടം എന്‍ടാങ്കിള്‍മെന്റ് എന്ന സങ്കേതമുപയോഗിച്ച് ഒരു ആറ്റത്തിന്റെ സവിശേഷതകള്‍ ഒരു മീറ്റര്‍ അകലത്തില്‍ ടെലിപോര്‍ട്ട് ചെയ്യുന്നതില്‍ വിജയിച്ചു.ഇത് വലിയൊരു കുതിച്ചുചാട്ടം തന്നെയാണ്. വസ്തുക്കള്‍ക്ക് പകരം വിവരങ്ങള്‍ ടെലിപോര്‍ട്ട് ചെയ്യുന്നതിനാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പ്രഥമ പരിഗണന നല്‍കുന്നത്. വാര്‍ത്താവിനിമയ രംഗത്താണ് ഇതിന്റെ നേട്ടം ഏറ്റുവുമധികം ഉണ്ടാകാന്‍ പോകുന്നത്.
3) ലേസറുകള്‍:
ഒരു കൗതുകത്തിനപ്പുറം ലേസറുകള്‍ക്ക് പ്രായോഗിക ഉപയോഗങ്ങള്‍ ഒന്നും തന്നെയില്ലെന്നായിരുന്നു അടുത്തകാലം വരെ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ലേസറുകള്‍ ഉപയോഗിക്കാത്ത മേഖലയില്ലെന്നുതന്നെ പറയാം. സിഡിപ്ലെയറുകള്‍ മുതല്‍ മിസൈലുകള്‍ വരെ, കളിപ്പാട്ടങ്ങള്‍ മുതല്‍ യുദ്ധോപകരണങ്ങള്‍വരെ ലേസറുകള്‍ ഉപയോഗിക്കാത്ത മേഖലകളില്ല. ക്വാണ്ടം ഭൗതികമറിയാതെ ലേസറുകള്‍ നിര്‍മിക്കാന്‍ കഴിയില്ല. ഇലക്‌ട്രോണുകളുടെ ഊര്‍ജ്ജനില വര്‍ധിപ്പിക്കുമ്പോള്‍ അവ ഉത്സര്‍ജ്ജിക്കുന്ന തീവ്രത കൂടിയ ഫോട്ടോണുകളാണ് ലേസറുകള്‍. ക്ലാസിക്കല്‍ ഭൗതികത്തിന്റെ ഭാഷക്കപ്പുറം ഊര്‍ജ്ജത്തിന്റെ ചെറിയ പാക്കറ്റുകളായാണ് വികിരണങ്ങള്‍ സഞ്ചരിക്കുന്നത്. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിക്കുന്നതിനും ക്വാണ്ടം മെക്കാനിക്ക്‌സ് തന്നെ വേണം.
4) ക്വാണ്ടം കംപ്യൂട്ടറുകള്‍:
കംപ്യൂട്ടറുകളുടെ തുടക്കവും ഇപ്പോഴത്തെ അവസ്ഥയുംതമ്മില്‍ ഒന്നു് താരതമ്യം ചെയ്തുനോക്കു. ടണ്‍ കണക്കിന് ഭാരമുള്ള ഉപകരണങ്ങള്‍ ഒരു വലിയ ഹാളില്‍ നിറച്ചുവെച്ചിരുന്നതാണ് ആദ്യത്തെ കംപ്യൂട്ടറെങ്കില്‍ ഇപ്പോഴോ? സിലിക്കണ്‍ചിപ്പുകള്‍ഇന്ന് വലിപ്പക്കുറവിന്റെ പാതയിലാണുള്ളത്. 2020 ആകുമ്പോഴേക്കും ചിപ്പുകള്‍ അവയുടെ വലിപ്പക്കുറവിന്റെ ഭൗതിക നിര്‍വചനത്തിന്റെ അങ്ങേയറ്റത്തെത്തിയിരിക്കും. അതിനപ്പുറം അവക്ക് ബാധകമാകുന്നത് ക്വാണ്ടം ഭൗതികത്തിലെ നിയമങ്ങളായിരിക്കും. ക്വാണ്ടം കംപ്യൂട്ടറുകള്‍ വികസനത്തിന്റെ പാതയിലാണ്. ‘പാരലല്‍ പ്രൊസസിംഗ്’ എന്ന സങ്കേതമുപയോഗിച്ചാണ് ക്വാണ്ടം കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. നിരവധി പ്രവര്‍ത്തനങ്ങള്‍ ഒരേസമയം ചെയ്യാന്‍ ക്വാണ്ടം കംപ്യൂട്ടറുകള്‍ക്ക് കഴിയും. സാധാരണ കംപ്യൂട്ടര്‍ ബിറ്റുകള്‍ക്ക് പകരം ക്യൂബിറ്റുകളാണ് ക്വാണ്ടം കംപ്യൂട്ടറുകളിലുള്ളത്. എന്നാല്‍ ക്യൂബിറ്റുകള്‍ സൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ല. ഇന്ന് ഒരു പക്ഷെ ഏറ്റവുമധികം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ക്വാണ്ടം കംപ്യൂട്ടിംഗ് മേഖലയിലായിരിക്കും.
5) നക്ഷത്രാന്തര വാര്‍ത്താവിനിമയം
സെല്‍ഫോണും ഇന്റര്‍നെറ്റുമെല്ലാം വാര്‍ത്താവിനിമയ രംഗത്തുണ്ടാക്കിയ കുതിച്ചുചാട്ടം നിസാരമല്ല. ഭൂമിയിലെവിടെ നിന്നും ക്ഷണനേരത്തില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് ഈ സംവിധാനങ്ങള്‍ക്ക് കഴിയും. എന്നാല്‍ ഭാവിയില്‍ ഗ്രഹാന്തര യാത്രകള്‍ നടത്തുന്ന മനുഷ്യന് ഈ വേഗത മതിയാവാതെ വരും. ഗ്യാലക്‌സികള്‍ക്കപ്പുറത്ത് നിന്നുള്ള സന്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും തിരിച്ചയക്കുന്നതിനും വിദ്യുത് കാന്തിക തരംഗങ്ങളുടെ ക്ലിപ്ത പ്രവേഗം മതിയാവില്ല. ഇവിടെയും ക്വാണ്ടം ഭൗതിക സഹായത്തിനെത്തും. പ്രപഞ്ചത്തിലെവിടെയുമുള്ള രണ്ട് വസ്തുക്കളെ എന്‍ടാങ്കില്‍ ചെയ്തുകഴിഞ്ഞാല്‍ ഒരു വസ്തുവിലുണ്ടാകുന്ന മാറ്റം അതേ സമയം തന്നെ മറ്റേ വസ്തുവിലുമുണ്ടാകും. ചെറിയ ദൂരങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചുകഴിഞ്ഞ എന്‍ടാങ്കില്‍മെന്റ് വലിയ ദൂരങ്ങളിലും വിജയിപ്പിക്കാന്‍ കഴിഞ്ഞാല്‍ പ്രപഞ്ചത്തിലെവിടെയുമുള്ള നാഗരികതയുമായി ആപേക്ഷികതയുടെ അതിരുകളില്ലാതെ സംവദിക്കാന്‍ കഴിയും.
6) ട്രാന്‍സിസ്റ്ററുകള്‍
1945ല്‍ യുഎസ് ആര്‍മി നിര്‍മിച്ച ഈനിയക് വാക്വം ട്യുബ് കംപ്യൂട്ടറിന്റെ ഭാരം 27 ടണ്‍ ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ?. ഒരു ചെറിയ വീടിന്റെ വലിപ്പമുള്ള കംപ്യൂട്ടറിന്റെ നിര്‍മാണ ചെലവ് അക്കാലത്ത് അഞ്ച് ലക്ഷംഡോളറായിരുന്നു. പിന്നീട് ട്രാന്‍സിസ്റ്റുകള്‍ വന്നതോടുകൂടിയാണ് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഭാരവും വലിപ്പവും കുറഞ്ഞത്. ട്രാന്‍സിസ്റ്റുറകള്‍ ഒരേസമയം ആംപ്ലിഫയറും ഇലക്ട്രാണിക് സിഗ്‌നലുകളുടെ സ്വിച്ചുമായി പ്രവര്‍ത്തിക്കും. അര്‍ധചാലകങ്ങളാണ് ട്രാന്‍സിസ്റ്റുകളുടെ ആധാരം. ക്വാണ്ടം മെക്കാനിക്‌സ് ഇല്ലെങ്കില്‍ അര്‍ധചാലകങ്ങളും ട്രാന്‍സിസ്റ്ററുകളും യാഥാര്‍ഥ്യമാകില്ലായിരുന്നു. 1954ല്‍ യുഎസ് മിലിട്ടറിയാണ് ആദ്യമായി ട്രാന്‍സിസ്റ്റര്‍ ആധാരമായി പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ നിര്‍മിച്ചത്. മൂന്ന് ഘന അടി മാത്രമായിരുന്നു ആദ്യ ട്രാന്‍സിസ്റ്റര്‍-ബേസ്ഡ് കംപ്യൂട്ടറിന്റെ വലിപ്പം. ട്രാന്‍സിസ്റ്ററുകളില്‍ നിന്ന് മൈക്രോ പ്രൊസസറുകളിലേക്കുള്ള ത്വരിത പ്രയാണത്തിന് ചുക്കാന്‍ പിടിച്ചതും ക്വാണ്ടം ഭൗതികമാണ്.
7) ക്വാണ്ടം തെര്‍മോമീറ്ററുകള്‍:
നഴ്‌സിന്റെ കയ്യിലുള്ള തെര്‍മോമീറ്റര്‍ കണ്ടിട്ടില്ലേ? പനിയളക്കുന്നതിനുള്ള ഉപകരണം. കെമിസ്ട്രി ലാബിലെ തെര്‍മോമീറ്ററും കണ്ടിരിക്കും. എന്നാല്‍ ഈ തെര്‍മോമീറ്ററുകള്‍ ഉപയോഗിച്ച് ഒരു വസ്തുവിന്റെ ഊഷ്മാവ് അത്ര കൃത്യമായി കണ്ടുപിടിക്കാനൊന്നും കഴിയില്ല. യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ തെര്‍മോ മീറ്ററുപയോഗിച്ചാല്‍ ഒരു വസ്തുവിന്റെ താപ നിലയിലുള്ള വളരെ സൂക്ഷ്മമായ ഏറ്റക്കുറച്ചിലുകള്‍ പോലും കണ്ടെത്താന്‍ കഴിയും. ക്വാണ്ടം ടണലിങ് എന്ന സവിശേഷത സമര്‍ഥമായി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈതെര്‍മോമീറ്റര്‍ ആസ്‌ട്രോഫിസിക്‌സ് വിദ്യാര്‍ഥികള്‍ക്കും തെര്‍മോഡൈനമിക്‌സ് പഠിതാക്കള്‍ക്കുംവളരെ ഉപകാരപ്രദമാണ്. നാളെ ഒരു പക്ഷെ നിങ്ങളുടെ പട്ടണത്തിലെ മെഡിക്കല്‍ ഷോപ്പില്‍നിന്നും ക്വാണ്ടം തെര്‍മോമീറ്ററുകള്‍ വാങ്ങാന്‍ കഴിയും.
8) ക്വാണ്ടംബാറ്ററികള്‍:
ബാറ്ററികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഓര്‍മയില്‍ ആദ്യമെത്തുന്നത് റീ ചാര്‍ജിങ് എന്ന വാക്കായിരിക്കും. താപഗതികത്തിലെ നിയമങ്ങള്‍ക്കനുസരിച്ചാണ് സാധാരണ ബാറ്ററികളുടെ പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ അവ ഉല്‍പ്പാദിപ്പിക്കുന്ന ഊര്‍ജ്ജം നിയന്ത്രിതവും പെട്ടെന്ന് അവസാനിക്കുന്നതുമായിരിക്കും. എന്നാല്‍ ക്വാണ്ടം എന്‍ടാങ്കില്‍മെന്റ് പ്രയോജനപ്പെടുത്തി നിര്‍മിക്കുന്ന ബാറ്ററികള്‍ പിന്നീടൊരിക്കലും റീ ചാര്‍ജ് ചെയ്യേണ്ടിവരില്ല. ഈ മേഖലയിലുള്ള ഗവേഷണങ്ങള്‍ പുരോഗതിയുടെ പാതയിലാണ്.

Intelligent design


ഭൂമിയിലെ ജീവി വര്‍ഗ്ഗങ്ങളുടെ ഉല്‍പ്പത്തി ജീവപരിണാമം വഴിയാണ് സംഭവിച്ചത് എന്നാണ് ശാസ്ത്രം പഠിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ ഇല്ലാത്ത ഒന്നില്‍ നിന്നും മറ്റൊന്നിനെ സൃഷ്ടിക്കാന്‍ കഴിയില്ലെന്ന കേവലയുക്തി ദൈനംദിന ജീവതത്തില്‍ ആവോളം ഉപയോഗിക്കുമ്പോഴും ഭൂമിയും ഭൗമജീവനും സൃഷ്ടിച്ചത് ഒരു ‘ഇന്റലിജന്റ് ഡിസൈനര്‍’ ആണെന്ന് വിശ്വസിക്കാനാണ് ഭൂരിപക്ഷം ആളുകളും ശ്രമിക്കുന്നത്. പരിണാമം ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ്. പരിണാമ സിദ്ധാന്തവും അങ്ങനെ തന്നെ. പരിണാമ സിദ്ധാന്തങ്ങളും പഠിച്ച് പ്രകൃതി നിര്‍ധാരണത്തിന്റെ നൂലാമാലകളിലേക്കൊന്നും പോകണ്ട ഇതിനെല്ലാം പിന്നില്‍ ഒരു ഇന്റലിജന്റ് ഡിസൈനറുടെ കൈകളുണ്ടെന്ന എളുപ്പ വഴി സ്വീകരിക്കാന്‍. കുരങ്ങില്‍ നിന്നാണ് മനുഷ്യന്‍ ഉണ്ടായതെങ്കില്‍ ഇപ്പോഴത്തെ കുരങ്ങന്‍മാരൊന്നും മനുഷ്യനാകാത്തതെന്താണ് എന്നൊരു വിഡ്ഢിചോദ്യവുമാകാം. പരിണാമ പ്രക്രിയയിലെ ‘മിസിംഗ് ലിംങ്ക്’ തപ്പിപ്പിടിക്കാന്‍ പരിണാമ സിദ്ധാന്തമെന്നൊക്കെ അരിച്ച് പെറുക്കുന്ന ശുഷ്‌കാന്തി ഒരു ഇന്റലിജന്റ് ഡിസൈനറുടെ കളിമണ്‍ സിദ്ധാന്തത്തിന് മുന്‍പില്‍ കടപുഴകി വീഴും. എന്നാല്‍ പരിണാമത്തെ പൂര്‍ണ്ണമായി തളളികളയാന്‍ മനസ്സുവരാത്ത ചിലരെങ്കിലും പരിണാമത്തിന് പിന്നിലും ഒരു അദ്യശ്യകരത്തിന്റെ സാന്നിധ്യം കാണാന്‍ ശ്രമിക്കുന്നുണ്ട്.
സ്യഷ്ടിവാദികള്‍ പതുക്കെയെങ്കിലും പരിണാമം അംഗീകരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പരിണാമത്തിന് അവര്‍ കൊടുക്കുന്ന വ്യാഖ്യാനം വിചിത്രമാണെങ്കിലും പരിണാമത്തെ എതിര്‍ക്കുന്നത് ബുദ്ധിശൂന്യതയാണെന്ന് മനസ്സിലാക്കുന്നതുകൊണ്ടാണിത്. ഇന്റലിജന്റ് ഡിസൈനിംഗിന്റെ വക്താക്കള്‍ പരിണാമം അംഗീകരിച്ചു തുടങ്ങിയപ്പോള്‍ ശാസ്ത്രലോകം ഇന്റലിജന്റ് ഡിസൈനിംഗിലേക്കാണ് ഇപ്പോള്‍ നോക്കുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്റലിജന്റ് ഡിസൈനിംഗിന്റേതാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ജീവികളില്‍, വിശേഷിച്ചും മനുഷ്യനില്‍ ഇനി പരിണാമത്തിന് പ്രസക്തിയില്ല, മറിച്ച് ഡിസൈന്‍ ചെയ്ത ജീവികളായിരിക്കും ഭാവിയിലുണ്ടാകാന്‍ പോകുന്നത്. അതൊരുപക്ഷേ ഹോമോസാപിയന്‍സ് എന്ന ആധുനിക മനുഷ്യന്റെ അന്ത്യവുമായിരിക്കും.
400 കോടി വര്‍ഷങ്ങള്‍ക്കുമുമ്പാണ് പരിണാമത്തിലൂടെ ജീവന്റെ മുകുളങ്ങള്‍ ഭൂമിയില്‍ വിരിയാനാരംഭിച്ചത്. പ്രക്യതിനിര്‍ധാരണമാണ് പരിണാമത്തിന്റെ അടിസ്ഥാനശില. പ്രക്യതിനിര്‍ധാരണം വഴി ജീവിവര്‍ഗം പരിണമിക്കുന്നതിന് പ്രക്യതിക്ക് അതീതമായ ഒരു ഡിസൈനിംഗ് വൈദഗ്ധ്യമൊന്നും ആവശ്യമില്ല. അതുതന്നെയാണ് പരിണാമ സിദ്ധാന്തത്തിന്റെ സൗന്ദര്യവും. സൂക്ഷ്മ ജീവികളില്‍ തുടങ്ങി സങ്കീര്‍ണഘടനയുള്ള സസ്തനികളില്‍ വരെയെത്തി നില്‍ക്കുന്ന പരിണാമത്തില്‍ മസ്തിഷ്‌ക്കമോ ബോധമോ ഇല്ലാത്ത മൈക്രാ ഓര്‍ഗനിസങ്ങള്‍ക്കു വരെ പങ്കുണ്ടെങ്കില്‍ ഇന്റലിജന്റ് ഡിസൈന്‍ എന്നു പറയുന്ന സ്യഷ്ടിവാദത്തിന് ഒരു പങ്കും ഇല്ല എന്നതാണ് വാസ്തവം. ജീവി വര്‍ഗ്ഗങ്ങളില്‍ ഇത്തരം ഒരു ഡിസൈനിംഗ് നടത്തണമെങ്കില്‍ അതിന് ശേഷിയുള്ളത് മസ്തിഷ്‌ക്ക വളര്‍ച്ച കൂടുതലുള്ള ഹോമോസാപിയന്‍സിന് മാത്രമാണ്. ഒരു ജിറാഫിനോ, സിബ്രയ്‌ക്കോ ഡിസൈന്‍ ചെയ്ത സസ്യങ്ങളെ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു കടവയും സിംഹവും ഡിസൈന്‍ ചെയ്ത കാട്ടു പോത്തിനെയോ മാനിനെയോ ഉല്‍പാദിപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വേഗത്തില്‍ ഓടാന്‍ കഴിയാത്തതും തടിച്ചുകൊഴുത്തതുമായ മാനും കാട്ടുപോത്തുമെല്ലാം സൃഷ്ടിക്കപ്പെടുമായിരുന്നു. നിയാണ്ടര്‍താല്‍ മനുഷ്യനു പോലും ഡിസൈനര്‍ സ്പീഷീസുകളെ ഉല്‍പാദിപ്പിക്കാനാവില്ലായിരുന്നു.
ഏകദേശം 10,000 വര്‍ഷങ്ങള്‍ക്കു മുമ്പ് കാര്‍ഷിക വിപ്ലവത്തിന്റെ കാലഘട്ടത്തിലായിരിക്കണം ആദ്യത്തെ ഡിസൈനര്‍ ജീവി പിറന്നത.് വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയാത്ത തടിച്ചുകൊഴുത്ത കോഴിയായിരിക്കണം ഇത്തരത്തിലുണ്ടായ ആദ്യജീവി. കാര്‍ഷികവ്യത്തിയിലേക്കു തിരിഞ്ഞ ഹോമോസാപിയന്‍സിന്, വേട്ടയാടി മാംസാഹാരം സമ്പാദിക്കുന്നതിനുള്ള സമയ കുറവ് ഇത്തരം ജീവികളുടെ സ്യഷ്ടിക്ക് കാരണമായിട്ടുണ്ടാകും. തടിച്ച പിടകോഴിയും സാവധാനത്തില്‍ സഞ്ചരിക്കുന്ന പൂവന്‍കോഴിയും തമ്മിലുള്ള മേറ്റിംഗിലൂടെ ഉണ്ടാകുന്ന കുഞ്ഞുങ്ങളില്‍ ചിലതെങ്കിലും ഈ രണ്ടു സവിശേഷതകളും ഒത്തുചേരുന്ന പുതിയ തലമുറയായിരിക്കും. ഇങ്ങനെയുണ്ടാകുന്ന തടിച്ചതും വേഗത കുറഞ്ഞതുമായ കോഴികളെ വീണ്ടും മേറ്റിംഗ് നടത്തിയാല്‍ അത്തരം കോഴികള്‍ ഉല്‍പാദിപ്പിക്കപ്പെടാനുള്ള സാധ്യത പലമടങ്ങ് വര്‍ധിക്കും. തീര്‍ച്ചയായും ഇതൊരു ഇന്റലിജന്റ് ഡിസൈനിംഗ് തന്നെയാണ്. എന്നാല്‍ ഇവിടെ ഡിസൈനര്‍ മനുഷ്യനാണെന്നു മാത്രം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഇന്റലിജന്റ് ഡിസൈനിംഗ് വളരെയധികം വ്യാപകമായിക്കഴിഞ്ഞു. ബ്രസീലിയന്‍ ബയോ-ആര്‍ട്ടിസ്റ്റ് ആയ എഡ്വേര്‍ഡോ കാക് 2000 ല്‍ സ്യഷ്ടിച്ച അല്‍ബ എന്ന പ്രകാശിക്കുന്ന മുയല്‍ ഇന്റലിജന്റ് ഡിസൈനിംഗിന്റെ തിളങ്ങുന്ന പ്രതിഛായയാണ് പ്രകടമാക്കുന്നത്. വെള്ളമുയലിന്റെ ഡി.എന്‍.എയില്‍ ഗ്രീന്‍ ഫ്‌ളൂറസെന്റ് ജെല്ലിഫിഷ് ഡി.എന്‍.എ ഇംപ്ലാന്റേഷന്‍ നടത്തിയാണ് ഫ്രഞ്ച് ശാസ്ത്രജ്ഞരുടെ സഹായത്തോടെ ഫ്‌ളൂറസെന്റ് മുയലിനെ സ്യഷ്ടിച്ചത്. പ്രകൃതി നിര്‍ധാരണം വഴിയുള്ള ജീവ പരിണാമത്തിന് അല്‍ബയുടെ അസ്തിത്വം അംഗീകരിക്കാന്‍ കഴിയില്ല. അവള്‍ ഒരു ഇന്റലിജന്റ് ഡിസൈനറുടെ സ്യഷ്ടിയാണ്. ഭൗമജീവന്റെ 4 ബില്യണ്‍ വര്‍ഷത്തെ ചരിത്രത്തില്‍ ഒരു പുതിയ വിപ്ലവത്തിനാണ് അല്‍ബ നാന്ദികുറിച്ചത്. ജീവപരിണാമത്തെ അപ്രസക്തമാക്കുകയാണ് ഈ മുയല്‍. ഡിസൈന്‍ ചെയ്യപ്പെട്ട ജീവിവര്‍ഗങ്ങളുടെ ആവിര്‍ഭാവത്തിനാണ് അല്‍ബ തുടക്കം കുറിച്ചത്. ഭാവികാലം അല്‍ബയേപ്പോലെ ഡിസൈന്‍ ചെയ്യപ്പെട്ട ജീവിവര്‍ഗങ്ങളുടേതായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ മനുഷ്യവര്‍ഗത്തിന്റെ വര്‍ത്തമാന ചരിത്രം തന്നെ പുനര്‍നിര്‍ണയിക്കേണ്ടിവരും.
ലളിതഘടനയുള്ള ജീവികളില്‍ നിന്ന് സങ്കീര്‍ണ ഘടനയുള്ള ജീവികളിലേക്ക് എന്ന ഡാര്‍വിനിയന്‍ പരിണാമ സിദ്ധാന്തത്തെ ആധുനിക മനുഷ്യന്‍ ഇന്റലിജന്റ് ഡിസൈനിംഗിലൂടെ അപ്രസക്തമാക്കുന്നതിന് മൂന്ന് സാധ്യതകളാണ് കാണുന്നത്. ബയോളജിക്കല്‍ എഞ്ചിനിയറിംഗ്, സൈബോര്‍ഗ് എഞ്ചിനിയറിംഗ്, ഇന്‍-ഓര്‍ഗാനിക് എഞ്ചിനിയറിംഗ് എന്നീ സാധ്യതകളാണ് ശാസത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവ എന്താണെന്ന് പരിശോധിക്കാം.
ബയോളജിക്കല്‍ എഞ്ചിനിയറിംഗ്
ഒരു ജീവിയുടെ ആകൃതിയിലും ജൈവപ്രകൃതിയിലും സ്വഭാവത്തില്‍ തന്നെയും മാറ്റങ്ങളുണ്ടാക്കാന്‍ വേണ്ടി അതിന്റെ ജീനുകളില്‍ നടത്തുന്ന മോഡിഫിക്കേഷനാണ് ബയോളജിക്കല്‍ എഞ്ചിനിയറിംഗ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കാര്‍ഷിക വിപ്ലവത്തിന്റെ തുടക്കത്തില്‍ തന്നെ മനുഷ്യര്‍ കാളകളെ വന്ധ്യംകരിച്ച് നിലമുഴുകുന്നതിന് ഉപയോഗിച്ചിരുന്നു. ഇങ്ങനെ വന്ധ്യംകരിക്കപ്പെട്ട കാളകള്‍ ആക്രമണോത്സുകത കുറഞ്ഞവയും ജോലി ചെയ്യുന്നതിനുളള യന്ത്രങ്ങള്‍ മാത്രമായി തീരുന്നതുമാണ് അനുഭവം. മനുഷ്യരെ തന്നെ ഇത്തരം വന്ധ്യംകരണത്തിന് വിധേയമാക്കിയിട്ടുണ്ട്. പാട്ടുകാരുടെ സ്വരം കിളിനാദമായി നിലനിര്‍ത്തുന്നതിനായി കുട്ടിക്കാലത്തുതന്നെ ഷണ്ഡീകരിക്കപ്പെട്ട ഗായകര്‍ എല്ലാ സംസ്‌ക്കാരങ്ങളിലുണ്ടായിരുന്നു. രാജകൊട്ടാരങ്ങളിലെ അന്തപ്പുരത്തിന് കാവല്‍ നില്‍ക്കുന്ന പടയാളികളും ഇത്തരം നിര്‍ബന്ധിത ഷണ്ഡീകരണത്തിന് വിധേയരായവര്‍ ആയിരുന്നു.
സ്ഥൂല ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളായിരുന്നു ആദ്യകാലത്തെ ബയോളജിക്കല്‍ എഞ്ചിനിയറിംഗ് എങ്കില്‍ ഇന്നത് സൂക്ഷ്മകോശങ്ങളിലെത്തിനില്‍ക്കുന്നു. ആറ്റമികതലത്തില്‍ നടക്കുന്ന ഇത്തരം വ്യതിയാനങ്ങള്‍കൊണ്ട് ഭാവനാതീതമായ സാധ്യതകളാണ് തുറന്നുകാണുന്നത്. ഇന്ന് ഒരു വ്യക്തിയെ ഷണഡീകരിക്കുന്നതിന് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് കൊണ്ട് സാധിക്കും. 1996 ല്‍ നടത്തിയ ഒരു പരീക്ഷണം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഒരു ചുണ്ടെലിയുടെ മുതുകില്‍ പശുവിന്റെ തരുണാസ്ഥിയില്‍ നിന്നെടുത്ത കോശങ്ങള്‍ ഇംപ്ലാന്റ് ചെയ്യുകയും മനുഷ്യകര്‍ണത്തിനു സമാനമായ ഒരു ഭാഗം വളര്‍ത്തിയെടുക്കുകയും ചെയ്തു. ഈ ഭാഗത്തിന്റെ വളര്‍ച്ച നിയന്ത്രിക്കുന്നതിനും ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. മനുഷ്യകര്‍ണം മാറ്റിവയ്‌ക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഇങ്ങനെ കൃത്രിമമായി വികസിപ്പിച്ചെടുത്ത ചെവികള്‍ ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ അതൊരു കൃത്രിമച്ചെവിയായി സ്വീകര്‍ത്താവിന് അനുഭവപ്പെടുകയുമില്ല.
ജെനിറ്റിക് എന്‍ഞ്ചിനിയറിംഗിന്റെ പുരോഗതി കുടുതല്‍ അതിശയകരമായ കണ്ടെത്തലുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഈ മേഖലയിലുണ്ടാകുന്ന മുന്നേറ്റത്തിന് രാഷ്ടീയവും മതപരവുമായ ചില കടമ്പകള്‍ മറികടക്കേണ്ടിവരുന്നുണ്ട്. സാമൂഹിക മൂല്യങ്ങളുടെ ലംഘനങ്ങളിലേക്കാണ് ജെനിറ്റിക് എഞ്ചിനിയറിംഗ് വിരല്‍ ചൂണ്ടുന്നത് എന്നാണ് ഏകദൈവവിശ്വാസികളായ ചില മതങ്ങളുടെ നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. സൃഷ്ടിക്കുവാനുളള ദൈവത്തിന്റെ മാത്രം അവകാശത്തിലേക്ക് മനുഷ്യന്‍ കടന്നുകയറാന്‍ പാടില്ല എന്നാണവരുടെ വാദം. എന്നാല്‍ എത്രയോ കാലമായി ഇങ്ങനെ ജനിതക വൃതിയാനം വരുത്തി അത്യുത്പാദനശേഷിയും പ്രതിരോധശേഷിയും നേടിയെടുത്ത കാര്‍ഷിക വിളകളാണ് നാം ഉപയോഗിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൊണ്ടാണ് ജന്തുക്കളില്‍ – അത് മനുഷ്യനിലായാലും – ജെനിറ്റിക് എഞ്ചിനിയറിംഗിനെ എതിര്‍ക്കുന്നത്. ദൈവം സൃഷ്ടിച്ച നെല്ലും ഗോതമ്പും പച്ചക്കറിയുമൊന്നുമല്ല ഇന്ന് മനുഷ്യന്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. മനുഷ്യന്‍ തന്നെ ഡിസൈനറായി നിര്‍മ്മിച്ചെടുത്തവയാണവ. ജന്തുക്കളുടെ രോഗപ്രതിരോധ ശേഷിയും പ്രത്യുത്പാദന ശേഷിയുമെല്ലാം ജെനിറ്റിക് എഞ്ചിനിയറിംഗിലൂടെ മാറ്റം വരുത്താന്‍ കഴിയും. ജന്തു ജീവന് സസ്യ ജീവനേക്കാള്‍ പ്രാധാന്യമുളളതുകൊണ്ടോ, മനുഷ്യജീവന് അതിലുമേറെ പ്രാധാന്യമുളളതുകൊണ്ടോ എന്തോ മനുഷ്യനില്‍ നടത്തുന്ന ജെനിറ്റിക് എഞ്ചിനിയറിംഗിനെ ഭൂരിഭാഗം മതവിശ്വാസികളും എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നിരീശ്വരവാദികളും യുക്തിവാദികളും ജെനിറ്റിക് എഞ്ചിനിയറിംഗിനെ എതിര്‍ക്കുന്നില്ല എന്നാണ് കാണാന്‍ കഴിയുന്നത്. മിണ്ടാപ്രാണികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ഇത്തരം പരീക്ഷണങ്ങള്‍ക്കായി ജീവികളെ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുളളവരാണ്. ഇത്തരം പരീക്ഷണങ്ങള്‍ ജീവികളുടെ സ്വാഭാവിക ലൈംഗിക ചോദനകള്‍ തടസ്സപ്പെടുത്തുമെന്നും അത് അവയുടെ അവകാശങ്ങള്‍ക്ക് മേലുളള കടന്നു കയറ്റമായിരിക്കുമെന്നാണ് അവരുടെ വാദം. ജെനിറ്റിക് എഞ്ചിനിയറിംഗ് സൂപ്പര്‍ മനുഷ്യരുടെ സൃഷ്ടിക്ക് കാരണമാകുമെന്നും അവര്‍ ദുര്‍ബല ജനവിഭാഗങ്ങളെ അടിമകളാക്കുകയോ ഉന്മൂലനം ചെയ്യുകയോ ചെയ്തുകളയുമെന്നാണ് ചില മനുഷ്യാവകാശ സംഘടനകളെങ്കിലും ഭയപ്പെടുന്നത്. ഭയമില്ലാത്ത പടയാളികളും പ്രതികരണ ശേഷിയില്ലാത്ത തൊഴിലാളികളും ജെനിറ്റിക് എഞ്ചിനിയറിംഗിന്റെ ദുരന്തമുഖമാണ് ഭാവിയില്‍ കാണിച്ചുതരികയാണെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.
മനുഷ്യനില്‍ ജെനിറ്റിക് എഞ്ചിനിയറിംഗിന്റെ സാധ്യതകള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടില്ലെങ്കിലും രാഷ്ട്രീയവും മതവുമൊന്നുമില്ലാത്ത ജന്തുക്കളിലും സസ്യങ്ങളിലും വലിയ തോതില്‍ ഗവേഷണങ്ങള്‍ നടന്ന് വരുന്നുണ്ട്. മനുഷ്യ മലത്തില്‍ കാണപ്പെടുന്ന ഇ-കോളി ബാക്ടീരിയയില്‍ നടത്തിയ ജെനിറ്റിക് എഞ്ചിനിയറിംഗിലൂടെ ബയോ – ഫ്യൂവല്‍ നിര്‍മ്മിക്കാന്‍ സാധിച്ചിട്ടുണ്ട്. വിവിധ തരം കുമിളുകളില്‍ നടത്തുന്ന എഞ്ചിനിയറിംഗ് വഴി ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും അതിലൂടെ പ്രമേഹ ചികിത്സാ ചിലവ് കുറയ്ക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ഒരു തരം അരിട്ടിക്ക് മത്സ്യത്തിന്റെ ജീന്‍ ഉരുളക്കിഴങ്ങ് ചെടിയില്‍ പ്രവേശിപ്പിക്കുന്നതിലൂടെ ഈര്‍പ്പത്തെ ഉരുളക്കിഴങ്ങിന് ജീവിക്കാനുളള ശേഷി വര്‍ധിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്. സസ്തനികളിലും ജെനിറ്റിക് എഞ്ചിനിയറിംഗിന് വിജയകരമായി പ്രയോഗവല്‍ക്കരിക്കുന്നുണ്ട്. പശുക്കളിലുണ്ടാകുന്ന അകിടുവീക്കം ജെനിറ്റിക് എഞ്ചിനിയറിംഗിലൂടെ തരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പാലുല്‍പ്പാദനശേഷി കൂടുതലുളള ജെനിറ്റിക് എഞ്ചിനിയറിംഗിനു വിധേയമായ പശുക്കളുടെ പാലിലുള്ള ലൈസോസ്റ്റാഫിന്‍ എന്ന രാസവസ്തുവിന് അകിടുവീക്കത്തിന് കാരണമായ ബാക്ടീരിയക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ കഴിയും. പന്നികളിലും ജെനിറ്റിക് എഞ്ചിനിയറിംഗ് നടത്തുന്നുണ്ട്. പന്നിയിറച്ചിയിലെ കൊഴുപ്പിലുളള ഹാനീകരമായ ഒമേഗ-6 കൊളസ്‌ട്രോള്‍ ആരോഗ്യകരമായ ഒമേഗ-3 കൊളസ്‌ട്രോളായി പരിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു തരം വിരയില്‍ നിന്നെടുത്ത ജെനറ്റിക്ക് മെറ്റീരിയല്‍ ഉപയോഗിച്ചാണ് പന്നികളില്‍ എഞ്ചിനീയറിംഗ് നടത്തിയിരിക്കുന്നത്.
നിയാണ്ടര്‍താല്‍ മനുഷ്യര്‍ തിരിച്ചു വരുമോ?

ജുറാസിക് പാര്‍ക്ക് എന്ന ഹോളിവുഡ് ചലച്ചിത്രത്തില്‍ ദിനോസറുകളെ പുനസൃഷ്ടിക്കുന്നതാണ് കഥാതന്തു. ഇതേ രീതിയിലാണ് റഷ്യ, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളിലെ ഒര് സംഘം ശാസ്ത്രജ്ഞര്‍ ചിന്തിക്കുന്നത്. സൈബീരിയയിലെ ഹിമപാളികളില്‍ നിന്ന് ലഭിച്ച മാമോത്തിന്റെ ശവശരീരത്തില്‍ നിന്നും അവയുടെ ജീനോം മാപിംഗ് നടത്തുന്നതിന് ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആനയുടെ പൂര്‍വ്വികനാണ് മാമോത്ത്. പ്രത്യുത്പാദന ശേഷിയുടെ ഒരു മാമോത്ത് സിക്താണ്ഡം വികസിപ്പിച്ചെടുക്കാനുളള ശ്രമത്തിലാണ് ഇപ്പോള്‍ ശാസ്ത്ര സംഘം. ശ്രമം വിജയിച്ചാല്‍ 5000 വര്‍ഷങ്ങള്‍ക്ക് ശേഷം മാമോത്തുകള്‍ വീണ്ടും ഭൂമിയില്‍ പിറക്കും. ഇത്തരം പരീക്ഷണങ്ങള്‍ മനുഷ്യനിലേക്കും വ്യാപിപ്പിക്കാം എന്ന് കരുതുന്നവരാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍. ഹോമോസാപ്പിയന്‍സിന്റെ കുടിയേറ്റത്തിന് മുന്‍പ് യൂറോപ്പിലാകമാനം വ്യാപിച്ചിരുന്ന മനുഷ്യവര്‍ഗ്ഗമാണ് നിയാണ്ടതാല്‍ മനുഷ്യര്‍. ഇവരുടെ ഫോസിലുകള്‍ ലഭിച്ചിട്ടിട്ടുണ്ട്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോര്‍ജ്ജ് ചര്‍ച്ചിന്റെ നേതൃത്വത്തിലുളള ശാസ്ത്രസംഘം ഇപ്പോള്‍ നിയാണ്ടര്‍താല്‍ മനുഷ്യന്റെ ജീനോം പ്രൊജക്ടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. ഇത് പൂര്‍ത്തിയായാല്‍ നിയാണ്ടര്‍താല്‍ ഡി.എന്‍.എ പുനര്‍നിര്‍മിക്കാന്‍ കഴിയും. പ്രസ്തുത ഡി.എന്‍.എ ഒരു ഹോമോസാപിയന്‍ വനിതയുടെ ഗര്‍ഭനാളിയില്‍ നിക്ഷേപിച്ചാല്‍ 30,000 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു നിയാണ്ടര്‍താല്‍ ശിശു പിറക്കും. ഇതിനകം നിരവധി സ്ത്രീകള്‍ ഇതിന് സന്നദ്ധത പ്രകടിച്ചിട്ടുണ്ട്. ഹോമോസാപ്പിയന്‍സിനേക്കാള്‍ കായികക്ഷമത കൂടുതലുളള മനുഷ്യവര്‍ഗ്ഗമായിരുന്നു നിയാണ്ടര്‍താല്‍. ആഫ്രിക്കയില്‍ നിന്നും യൂറോപ്പിലേക്ക് കുടിയേറിയ ഹോമോസാപ്പിയന്‍സാണ് നിയാതണ്ടര്‍താല്‍ മനുഷ്യരുടെ വംശനാശത്തിന് കാരണമായതെന്നാണ് കരുതുന്നത്. സഹിഷ്ണുത തീരെയില്ലാത്ത ജീവിവര്‍ഗ്ഗമാണ് ഹോമോസാപ്പിയന്‍സ്. മതം, രാഷ്ട്രീയം, ഭക്ഷണം, നിറം, ലിംഗ വ്യത്യാസം എന്നിങ്ങനെ ദുര്‍ബലമായ ന്യായങ്ങള്‍ നിരത്തി സ്വന്തം വര്‍ഗ്ഗത്തെ തന്നെ ഉന്‍മൂലനം ചെയ്യാന്‍ മടികാണിക്കാത്ത ഹോമാസാപ്പിയന്‍സിന്റെ ആധുനിക പതിപ്പ് ഏതാനും ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്രമാത്രം ആക്രമണോത്സുകതയുളളതായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുളളൂ. ഹോമോസാപ്പിയന്‍സിന്റെ കടന്ന് കയറ്റമാണ് നിയാണ്ടര്‍താല്‍ മനുഷ്യന്റെ വംശനാശത്തിന് കാരണമായതെങ്കില്‍ അവരെ പുനരുജ്ജീവിപ്പിക്കുവാനുളള ധാര്‍മിക ഉത്തരവാദിത്വവും ആധുനിക മനുഷ്യനുണ്ട്.
ഇത്തരം പരീക്ഷണങ്ങള്‍ നിയാണ്ടര്‍താല്‍ മനുഷ്യനില്‍ നിര്‍ത്തേണ്ട എന്ന് കരുതുന്ന ശാസ്ത്രജ്ഞരുമുണ്ട്. കുറേക്കൂടി ബുദ്ധിമാന്‍മാരും ആരോഗ്യവാന്മാരുമായ മനുഷ്യരെ ഡിസൈന്‍ ചെയ്യാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എലികളില്‍ നടത്തുന്ന ജെനറ്റിക് എഞ്ചിനീയറിംഗാണ് അവര്‍ക്ക് ഈ പ്രതീക്ഷ നല്‍കുന്നത്. ഇതിലൂടെ എലികളുടെ ബുദ്ധിശക്തി ഗണ്യമായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. എലിയുടെ ജിനോമില്‍ 2.5 ബില്യന്‍ ന്യൂക്ലിയോബേസുകളാണുളളത്. മനുഷ്യ ജിനോമില്‍ 29 ബില്യനാണ് ന്യൂക്ലിയോബേസുകള്‍. 14 ശതമാനം മാത്രം കൂടുതല്‍. അതുകൊണ്ടു തന്നെ ജെനിറ്റിക് എഞ്ചിനിയറിംഗ് ഉപയോഗിച്ച് അതിബുദ്ധിമാന്‍മാരുമായ രോഗപ്രതിരോധശേഷി കൂടിയ മനുഷ്യരേയും ചിരഞ്ജീവികളെത്തന്നെയും സൃഷ്ടിക്കുവാന്‍ കഴിയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കായിക ശേഷികൂടിയ നിയാണ്ടര്‍താല്‍ മനുഷ്യനേയും മറ്റ് ജീവി വര്‍ഗ്ഗങ്ങളേയും പരാജയപ്പെടുത്തി ഭൂമിയുടെ അധിപരാകാന്‍ ഹോമോസാപ്പിയന്‍സിന് കഴിഞ്ഞത് മസ്തിഷ്‌ക്കത്തിന്റെ വലിപ്പ കൂടുതല്‍ കൊണ്ടല്ല, മറിച്ച് മസ്തിഷ്‌ക്കത്തിനുളളില്‍ നടന്ന ബൗദ്ധിക വിപ്ലവം കാരണമാണ്. അതുകൊണ്ടു തന്നെ വീണ്ടുമൊരു ബൗദ്ധിക വിപ്ലവത്തിന് മനുഷ്യ മസ്തിഷ്‌ക്കത്തില്‍ ഇടമുണ്ട്. മസ്തിഷ്‌ക്കത്തിന്റെ ആന്തരിക ഘടനയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ രണ്ടാമത്തെ ബൗദ്ധിക വിപ്ലവം സംഭവിക്കും. എന്നാല്‍ അങ്ങിനെ സൃഷ്ടിക്കപ്പെടുന്ന ഡിസൈനര്‍ ഹോമോസാപ്പിയന്‍സ് എങ്ങനെയായിരിക്കും ഇപ്പോഴുളള മനുഷ്യനോട് പെരുമാറുക എന്ന് പ്രവചിക്കുവാന്‍ കഴിയില്ല. പ്രത്യേകിച്ചും അസഹിഷ്ണുത സഹജ സ്വഭാവമായുളള ഒരു ജീവി വര്‍ഗ്ഗത്തിന്റെ സൂപ്പര്‍ പതിപ്പാകുമ്പോള്‍.
സൈബോര്‍ഗ് എഞ്ചിനിയറിംഗ്
ജൈവ – അജൈവ സംഘാതമാണ് സൈബോര്‍ഗ് എഞ്ചിനിയറിംഗ്. കണ്ണട, കോണ്‍ടാക്ട് ലെന്‍സുകള്‍, ദന്തക്രമീകരണ വിദ്യ, പേസ്‌മേക്കറുകള്‍ എന്നിങ്ങനെ മനുഷ്യനില്‍ സൈബോര്‍ഗ് എഞ്ചിനിയറിംഗിന്റെ പ്രയോഗം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. എന്തിനേറെ കമ്പ്യൂട്ടറുകളും, മൊബൈല്‍ ഫോണും വരെ സൈബോര്‍ഗ് എഞ്ചിനിയറിംഗിന്റെ ഭാഗമാണ്. തലച്ചോറിന്റെ സ്റ്റോറേജ് ശേഷിയും കണക്കു കൂട്ടല്‍ ശേഷിയും തലച്ചോറിന് പുറത്തേക്ക് എത്തിക്കുന്നതിനും പല മടങ്ങായി വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം ഉപകരണങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. യു.എസ്. ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രൊജക്ട് ഏജന്‍സി ഈച്ചകളിലും പാറ്റകളിലും സൈബോര്‍ഗ് എഞ്ചിനിയറിംഗ് നടത്തി ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇത്തരം കീടങ്ങള്‍ക്ക് വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനും ട്രാന്‍സ്മിറ്റ് ചെയ്യുന്നതിനും സാധിക്കും. അന്തര്‍വാഹിനികളുടെയും മൈനുകളുടെയും സാന്നിധ്യം കണ്ടെത്തുന്നതിന് സൈബോര്‍ഗ് എഞ്ചിനിയറിംഗ് നടത്തിയ സ്രാവുകളെ ഉപയോഗിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ യു.എസ്.നേവല്‍ അണ്ടര്‍സീവാര്‍ഫെയര്‍ സെന്റര്‍ 200 ല്‍ ആരംഭിച്ചുകഴിഞ്ഞു.ഇത്തരം സ്രാവുകള്‍ മറ്റേതൊരു മനുഷ്യനിര്‍മിത യന്ത്രസംവിധാനത്തേക്കാളും ഫലപ്രദമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
മനുഷ്യനും സൈബോര്‍ഗുകളായി മാറിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ ശ്രവണസഹായികളെ ‘ബയോണിക് ചെവികള്‍’ എന്നു വിളിക്കുന്നതാണ് കൂടുതല്‍ യോജിക്കുന്നത്. ഇത്തരം ശ്രവണസഹായികള്‍ ശബ്ദതരംഗങ്ങളെ ഇലക്ട്രിക് സിഗ്നലുകളായി മാറ്റുകയും അവയെ ശ്രവണനാഡികളിലേക്കും തുടര്‍ന്ന് തലച്ചോറിലേക്കെത്തിക്കുകയുമാണ് ചെയ്യുന്നത്. മനുഷ്യരുടെ ആന്തരകര്‍ണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഈ ഉപകരണം ചെയ്യുന്നുണ്ട്. കണ്ണിന്റെ കാര്യത്തിലും ഇങ്ങനെയെല്ലാമാണ് നടക്കുന്നത്. ഒരു ജര്‍മന്‍ കമ്പനിയുടെ റെറ്റിന ഇംപ്ലാന്റ് വിദ്യയില്‍ രോഗിയുടെ കണ്ണിനുള്ളില്‍ ഒരു മൈക്രോ ചിപ്പ് ഇംപ്ലാന്റ് ചെയ്യും. കണ്ണില്‍ പതിക്കുന്ന പ്രകാശകണികകളെ ഈ ചിപ്പ് വൈദ്യുതി സിഗ്‌നലുകളായി പരിവര്‍ത്തനം ചെയ്യും. ഈ സിഗ്നലുകള്‍ റെറ്റിനയിലെ നാഡീകോശങ്ങളെ ഉത്തേജിപ്പിക്കും. ഉത്തേജിപ്പിക്കപ്പെട്ട നാഡീകോശങ്ങളില്‍ നിന്നുള്ള സംവേഗങ്ങള്‍ തലച്ചോറില്‍ കാഴ്ച യാഥാര്‍ഥ്യമാക്കുന്ന കോശങ്ങളെ ഉത്തേജിപ്പിക്കും. അതിലുടെ ദ്യശ്യം വ്യക്തമാകും. ദ്യശ്യങ്ങളുടെ ത്രിമാന ദര്‍ശനവും വ്യക്തികളുടെ മുഖവും അക്ഷരങ്ങളും നിറവും വരെ തിരിച്ചറിയാന്‍ ഇത്തരം സൈബോര്‍ഗ് എഞ്ചിനിയറിംഗിലുടെ സാധിക്കുന്നുണ്ട്. ജെസി സള്ളിവന്‍ എന്ന അമേരിക്കക്കാരന്റെ കാര്യം നോക്കാം. 2001 ല്‍ ഒരു അപകടത്തില്‍പെട്ട് അദ്ദേഹത്തിന്റെ രണ്ടു കൈകളും നഷ്ടമായി. ചിക്കാഗോ റീഹാബിലിട്ടേഷന്‍ ഇന്‍സ്റ്റിറ്റൃുട്ട് നല്‍കിയ ബയോണിക് കൈളാണ് അദ്ദേഹം ഇപ്പോള്‍ ഉപയോഗിക്കുന്നത്. സാധരണ ക്യത്രിമ കൈകള്‍ പോലെയല്ല അദ്ദേഹത്തിന്റെ കൈകള്‍ പ്രവര്‍ത്തിക്കുന്നത്. ഏറെക്കുറെ ഒരു സ്വാഭാവിക കൈ പ്രവര്‍ത്തിക്കുന്നതു പോലെ മസ്തിഷക്കത്തിന്റെ ചിന്തകള്‍ക്കനുസരിച്ച് പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ കൃത്രിമ കൈകള്‍ക്ക് കഴിയും. മസ്തിഷ്‌ക്ക സന്ദേശങ്ങള്‍ സള്ളിവന്റെ ക്യത്രിമ കൈകളിലുള്ള മൈക്രോ കംപ്യുട്ടറുകള്‍ ഇലക്ട്രിക് സിഗ്നലുകളായി പരിവര്‍ത്തനം ചെയ്യുകയും അതിനനുസരിച്ച് കൈകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ക്ലോഡിയമിഷേല്‍ എന്ന അമേരിക്കന്‍ സൈനികോദ്യോഗസ്ഥയുടെ കൈയും ഇത്തരം ബയോണിക് കൈയാണ്. ഒരു റോഡപകടത്തില്‍ ഇടതുകൈ നഷ്ടമായ മിഷേല്‍ സൈബോര്‍ഗ് എഞ്ചിനിയറിംഗിന്റെ സഹായം തേടുകയായിരുന്നു. തലച്ചോറിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ബയോണിക് കൈകളില്‍ നിന്നും തലച്ചോറിലേക്ക് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്ന തികച്ചും സ്വാഭാവികമായി അനുഭവപ്പെടുന്ന കൃത്രിമ കൈകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതുവഴി ചൂടും തണുപ്പും സ്പര്‍ശവുമെല്ലാം അറിയാന്‍ സാധിക്കും. സ്വഭാവിക കൈകാലുകള്‍ക്ക് പകരം ബയോണിക് അവയവങ്ങള്‍ ഉപയോഗിക്കുന്ന കാലം അധികം ദൂരെയല്ല. സൈനികര്‍ക്കും കായികതാരങ്ങള്‍ക്കും വിശ്രമമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരം ക്ഷീണം ബാധിക്കാത്ത അവയവങ്ങളായിരിക്കും കൂടുതല്‍ ഉപയോഗപ്രദം.
നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ റീസസ് കുരങ്ങുകളുടെ തലച്ചോറില്‍ ഇലക്‌ട്രോഡുകള്‍ ഇംപ്ലാന്റ് ചെയ്ത് നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. തലച്ചോറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഈ ഇലക്‌ട്രോഡുകള്‍ സ്വീകരിക്കുകയും പുറത്തുള്ള ബയോണിക് കൈകളിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുകയും ചെയ്യുന്നു. അറോറ എന്ന പെണ്‍കുരങ്ങിന് തന്റെ സ്വാഭാവിക കൈകള്‍ കൊണ്ട് ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെല്ലാം കൃത്രിമ കൈ ഉപയോഗിച്ച് ചെയ്യാന്‍ കഴിയും. ജപ്പാനിലെ ക്യോട്ടോ യൂണിവേഴ്‌സിറ്റിയിലുള്ള ഇഡോയ എന്ന റീസസ് കുരങ്ങിന് തന്റെ ബയോണിക് കാലുകളുപയോഗിച്ച് തലച്ചോറിന്റെ നിര്‍ദ്ദേശമനുസരിച്ച് നടക്കുന്നതിനും മരം കയറുന്നതിനും സാധിക്കും. മസ്തിഷ്‌ക്കം പ്രവര്‍ത്തനക്ഷമമാണെങ്കിലും ശരീരാവയവങ്ങള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലുള്ള രോഗികള്‍ക്ക് സൈബോര്‍ഗ് എഞ്ചിനിയറിംഗ് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
തലച്ചോറില്‍ ഇംപ്ലാന്റ് ചെയ്ത ഇലക്‌ട്രോഡുകളും ബയോണിക് അവയവങ്ങളും ചേര്‍ന്ന സംഘാതത്തിന് സ്വാഭാവികമായി ഒരു വ്യക്തി ചെയ്യുന്ന ദൈനദിന കൃത്യങ്ങള്‍ അനായാസം നിര്‍വ്വഹിക്കാന്‍ കഴിയും. അതുമാത്രമല്ല, തലച്ചോറില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്‌ട്രോഡുകളുടെ സഹായത്തോടെ ഒരു വ്യക്തിയുടെ ചിന്തകള്‍ വരെ മനസിലാക്കാന്‍ അതിന് കഴിയും. ഇത്തരം സൈബോര്‍ഗുകള്‍ക്ക് കംമ്പ്യൂട്ടറുകളുമായും ഇന്റര്‍നെറ്റുമായും മറ്റ് സൈബോര്‍ഗുകളുമായും ലിങ്ക് ചെയ്യുന്നതിനും കഴിയും. ഒരാളുടെ ചിന്ത മറ്റു പലര്‍ പങ്ക് വയ്ക്കുന്ന അവസ്ഥ. മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനമികവ് പല മടങ്ങ് വര്‍ധിക്കുമെങ്കിലും ഹോമോസാപിയന്‍സ് എന്ന ജീവിവര്‍ഗ്ഗത്തിന്റെ അനന്യതയ്ക്കും വ്യക്തിപരതയ്ക്കും അത് അവസാനമായിരിക്കും. ആത്മസാക്ഷാത്കാരവും ആത്മാവ് എന്ന സങ്കല്‍പ്പവുമെല്ലാം അപ്രത്യക്ഷമാവും. ഇത്തരം സൈബോര്‍ഗുകളെ മനുഷ്യനെന്ന് വിളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഒരു ഇന്റലിജെന്റ് ഡിസൈനര്‍ക്ക് തന്റെ ഇച്ഛയ്ക്കനുസരിച്ച് സൈബോര്‍ഗുകളെ നിയന്ത്രിക്കാന്‍ കഴിയും. യൂണിവേഴ്‌സല്‍ സോള്‍ജിയര്‍ എന്ന ഹോളിവുഡ് സിനിമാ പരമ്പരയിലേതുപോലെ തന്നെ.
ഇന്‍- ഓര്‍ഗാനിക് എന്‍ജീനിയറിംഗ്
സൈബോര്‍ഗുകള്‍ പകുതി മനുഷ്യനാണെങ്കില്‍ ഇന്‍-ഓര്‍ഗാനിക് എഞ്ചിനിയറിംഗില്‍ പൂര്‍ണ്ണമായും അജൈവ വസ്തുക്കളിലാണ് ഡിസൈനിംഗ് വരുത്തുന്നത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലും കമ്പ്യൂട്ടര്‍ വൈറസുകളിലുമാണ് ഇനി പരിണാമം സംഭവിക്കുവാന്‍ പോകുന്നത്. ജെനിറ്റിക് പ്രോഗ്രാമിങ്ങിന് കമ്പ്യൂട്ടര്‍ സയന്‍സ് വളരെ പ്രാധാന്യം നല്‍കുന്നുണ്ട്. ജൈവപരിണാമത്തിന്റെ ഘട്ടങ്ങള്‍ കമ്പ്യൂട്ടിങ്ങിലും സാധുതയുണ്ടെന്ന് കരുതുന്ന കമ്പ്യൂട്ടര്‍ വിദഗ്ധര്‍ നിരവധിയാണ്. സ്വതന്ത്രമായി പരിണമിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമേഴ്‌സിന്റെ ഏറ്റവും വലിയ സ്വപ്നം. പ്രോഗ്രാമിന്റെ സ്രഷ്ടാവ് തുടങ്ങിവച്ചതില്‍ നിന്ന് മറ്റാരുടേയും സഹായമില്ലാതെ വ്യത്യസ്ത പ്രോഗ്രാമുകളായി സ്വതന്ത്രമായി പരിണമിക്കുവാന്‍ കഴിയുന്നവ. ഇതൊരു വിദൂര സ്വപ്നവുമൊന്നുമല്ല. കമ്പ്യൂട്ടര്‍ വൈറസുകള്‍ ഇത്തരം സ്വതന്ത്ര പരിണാമത്തിന്റെ പ്രാരംഭ ഘട്ടത്തിലാണിപ്പോള്‍. ഇന്റര്‍നെറ്റിലൂടെ പടര്‍ന്ന് പിടിക്കുന്ന ഒരു കമ്പ്യൂട്ടര്‍ വൈറസ് ദശലക്ഷക്കണക്കിന് ഇരട്ടിച്ചാണ് കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നത്. ആന്റി വൈറസുകള്‍ സൃഷ്ടിച്ചാണ് ഇത്തരം കമ്പ്യൂട്ടര്‍ വൈറസുകളെ സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യുന്നത്. നാളെ ഒരു കമ്പ്യൂട്ടര്‍ വൈറസിന് മ്യൂട്ടേഷന്‍ സംഭവിച്ച് മറ്റൊരു രീതിയില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയില്ല എന്ന് കരുതുവാന്‍ വയ്യ. അങ്ങനെ സംഭവിച്ചാല്‍ അവയെ തടയാന്‍ ആന്റി വൈറസിന് കഴിയാതെ വരും. ഇങ്ങനെ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസുകള്‍ ദശലക്ഷക്കണക്കിന് പുതിയ വൈറസുകളെ സൃഷ്ടിക്കും. അങ്ങനെ ഒരു ഡിസൈനറുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്വാശ്രയ വൈറസുകള്‍ സൈബോര്‍ഗുകളേയും അക്രമിക്കും. ഇലക്‌ട്രോണിക് സര്‍ക്യൂട്ടുകള്‍ കൊണ്ട് മസ്തിഷ്‌കത്തിലെ ന്യൂറോണുകളെ നിയന്ത്രിക്കുന്ന ഭാവി മനുഷ്യന്റെ മസ്തിഷ്‌കത്തെ കമ്പ്യൂട്ടര്‍ വൈറസുകള്‍ ആക്രമിച്ചാല്‍ പിന്നെയെന്താണ് സംഭവിക്കുകയെന്നത് പ്രവചനാതീതമാണ്.
2005 ല്‍ ആരംഭിച്ച ഹ്യൂമന്‍ ബ്രെയിന്‍ പ്രൊജക്ടിന് 2013 ല്‍ യൂറോപ്യന്‍ യൂണിയന്‍ 100 കോടി യൂറോ ആണ് ധനസഹായം ചെയ്തിരിക്കുന്നത്. ജീവിവര്‍ഗ്ഗങ്ങളുടെ സ്വാഭാവിക പരിണാമം പ്രകൃതി നിര്‍ധാരണത്തിലൂടെ നടക്കുന്നതിലല്ല ആധുനിക മനുഷ്യന് താല്‍പര്യം. മനുഷ്യന്‍ ഇന്റലിജന്റ് ഡിസൈനര്‍ ആവുകയാണ്. നാളത്തെ ലോകം ഇങ്ങനെ ഡിസൈന്‍ ചെയ്യപ്പെട്ട മനുഷ്യരുടേയും മറ്റ് ജീവികളുടേതുമായിരിക്കും. ഇന്നത് ആരംഭിച്ചു കഴിഞ്ഞു. നാളെ അത് യാഥാര്‍ഥ്യമാവുകയും ചെയ്യും. ഇന്നലകളിലും ഇത്തരം ഡിസൈനിംഗില്‍ മനുഷ്യന് താല്‍പര്യമുണ്ടായിരുന്നു എന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. സ്ഫിങ്‌സും നരസിംഹവുമെല്ലാം ഭാവനയിലെങ്കിലും മനുഷ്യന്റെ ഡിസൈനിംഗ് മികവാണ് കാണിക്കുന്നത്.

marxism

മാർക്സിസത്തിന്റെ മൂലഗ്രന്ഥത്തിൽ നിരീശ്വരവാദംആവശ്യപ്പെടുന്നുണ്ടോ?
മാർക്സ്‌ ദൈവം ഇല്ല എന്ന്‌ സ്ഥാപിച്ചിരുന്നുവോ? അല്ലെങ്ങിൽ അങ്ങനെ ഒരു ലക്ഷ്യം ഉണ്ടായിരുന്നുവൊ?
സി.പി.എം. ന്റെ ഭരണഘടനയിൽ നിരീശ്വരവാദംകൽപ്പിക്കുന്നുണ്ടോ? ഈശ്വരവിശ്വാസികൾക്ക്‌ അംഗത്വം വിലക്കുമോ?
ഒന്നും ഇല്ല എന്നാണ്‌ എന്റെ അറിവ്‌.
ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ മാർക്സിസ്റ്റുകാരും കമ്മ്യുണിസ്റ്റ്കാരും മതങ്ങളും നാഴികക്ക്‌ നാൽപത്തിയൊന്ന്‌ വട്ടം വിളമ്പുന്നത്‌ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്‌ എന്ന മാർക്സിന്റെ ഒരു വാചകം മാത്രം. അതിനപ്പുറത്ത്‌ ഇരുട്ട്‌ മാത്രമല്ലേ? സന്ദർഭത്തിൽ നിന്ന്‌ അടർത്തി മാറ്റിയത്‌!!!!!!
മാര്‍ക്സ് ഏറ്റവും ദീര്‍ഷവീഷണത്തോടെ മതങ്ങളെ മനസ്സിലാക്കിയിരുന്നു. മതങ്ങളുടെ നിരവധി ഗുണങ്ങള്‍ അദ്ദേഹം 'മാനിഫെസ്റ്റോ'യില്‍ എടുത്തു പറയുന്നു.
 ........................................................................................മതം ലോകത്തിൻറെ സാമന്യ സിദ്ധാന്തമാണ്‌ അതിൻറെ സർവ വിജനാപന സംഷേപമാണ്,ജനപ്രിയ രൂപത്തിലുള്ള അതിൻറെ യുക്തിയാണ്,അതിൻറെ ആത്മീയപരമായ അഭിമാന പ്രശ്നമാണ്,അതിൻറെ ആവേശവും ധാർമിക അനുമതിയുമാണ്,അതിൻറെ പ്രൗഢമായ അനുപൂരകമാണ് സന്ത്വനിപ്പിക്കാനും നീതീകരിക്കാനും സാർവത്രിക ശ്രോതസ്സാണ്..മതപരമായ ദുഖം ഒരേ സമയത്ത് യഥാർത്ഥ ദുഖത്തിന് എതിരായ പ്രതിഷേധമാണ്. മതം മർദിത സൃഷ്ടിയുടെ നെടുവീർപ്പാണ് ,അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരമാണു,ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയമാണു, ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ്. ഹൃദയ ശൂന്യമായ ലോകത്തിൻറെ ഹൃദയവും ചൈതന്യ രഹിതമായ ലോകത്തിൻറെ സാഹചര്യങ്ങളുടെ ചൈതന്യവുമാണ്.അത് മനുഷ്യരുടെ മയക്കുമരുന്നാണ്.ജനങ്ങളുടെ മിഥ്യ സന്തുഷ്ടിയെന്ന നിലക്ക് മതത്തെ ഇല്ലായ്മ ചെയ്യുകയെന്നാൽ യദാർത്ഥ സന്തോഷത്തെ അവസാനിപ്പിക്കുക എന്നാണർത്ഥം-കാൾമാർക്സ്. . ...മാക്സ് എന്താണെന്നു പഠിക്കണം .എന്നിട്ടു നിങ്ങൾക്ക് വിമർശിക്കാം

sirius mystery

പശ്ചിമമാലിയിലെ നൈജർ നദിക്കു കിഴക്ക് പടിഞ്ഞാറൻ ആഫ്രിക്കയില്‍ ജീവിക്കുന്ന ഒരു ഗോത്ര വിഭാഗമാണ്‌ ഡോഗോണ്‍ (Dogon). ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന ഇവരുടെ മുഖം മൂടി നൃത്തം വളരെ പ്രശസ്തമാണ് . വളരെയധികം പ്രത്യേകതകള്‍ ഉള്ള ഇവരുടെ മതവും വിശ്വാസങ്ങളും ഏറെക്കുറെ ചുരുള്‍ നിവര്‍ന്നത്‌ 1930 കാലഘട്ടങ്ങളില്‍ ഫ്രഞ്ച് നരവംശ ശാസ്ത്രഞന്‍ ആയ Marcel Griaule ഇവരെ കുറിച്ച് വിശദമായി പഠിച്ചപ്പോള്‍ ആണ് . മറ്റു ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി ഒരു പ്രപഞ്ച വിജ്ഞാന ശാഖ തന്നെ ഇവര്‍ക്കുണ്ടായിരുന്നു ! സിറിയസ് എന്ന നക്ഷത്രമായിരുന്നു ഇവരുടെ പ്രപഞ്ചത്തിന്റെ കേന്ദ്രം . അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലായിരുന്നു . കാരണം രാത്രിയില്‍ പെട്ടന്ന് കണ്ണില്‍ പെടുന്ന തിളക്കമുള്ള ഒരു നക്ഷത്രമാണ് സിറിയസ് . സത്യത്തില്‍ നാം നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുന്ന സിറിയസ് യഥാര്‍ത്ഥത്തില്‍ സിറിയസ് A ആണ് . ഇതിന്‍റെ പ്രഭാവത്തിന്റെ മറവില്‍ സിറിയസ് B എന്ന ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം കൂടെ ഉണ്ട് . ഒരു ടെലിസ്കൊപ്പിന്റെ സഹായത്തോടു കൂടി മാത്രം കാണാവുന്ന സിറിയസ് B ,1800 കളില്‍ മാത്രം ആണ് ആധുനിക മനുഷ്യന്‍റെ കണ്ണില്‍ പെട്ടത് . പക്ഷെ അങ്ങിനെയുള്ള സിറിയസ് B യെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാകൃതരായ ഡോഗോണ്‍ ഗോത്രക്കാര്‍ക്കു അറിവ് ഉണ്ടായിരുന്നു എന്ന കാര്യം Griaule നെ ഞെട്ടിക്കുക തന്നെ ചെയ്തു . മാത്രവുമല്ല , എല്ലാ അറുപത് കൊല്ലങ്ങള്‍ കൂടും തോറും സിറിയസ് B യുടെ ഉത്സവം അവര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു . വെള്ളക്കുള്ളനായ സിറിയസ് B യെ പ്രതിനിധീകരിച്ചു വെളുത്ത ചായം ദേഹമാസകലം പൂശിയാണ് ആണുങ്ങള്‍ ഇതില്‍ പങ്കെടുത്തിരുന്നത് . ഈ ഇരട്ട നക്ഷത്രങ്ങളുടെ സ്വാധീനം മൂലം ഇവരുടെ പല കാര്യങ്ങളിലും രണ്ട് എന്ന സംഖ്യക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടായിരുന്നു . (സിറിയസ് A പെണ്ണും സിറിയസ് B ആണും). അതിനാല്‍ ഇരട്ട കുട്ടികള്‍ ഉണ്ടാവുന്നത് വലിയൊരു ആഘോഷം തന്നെ ആയിരുന്നു . ഇതിനും പുറമേ ആശ്ചര്യം ജനിപ്പിക്കുന്ന മറ്റൊരു കാര്യവും Griaule പറയുന്നു . വളരെ പണ്ട് സിറിയസ് നക്ഷത്രത്തിന്റെ  അടുത്തുള്ള ഏതോ ഗ്രഹത്തിൽ നിന്നും വന്ന നോമോസ്  എന്ന ഏലിയന്‍ വര്‍ഗ്ഗം ആണ്   തങ്ങളെ കലകളും , ആയുധ വിദ്യകളും പഠിപ്പിച്ചത് എന്നും ആണ് ഡോഗോണ്‍ വര്‍ഗ്ഗക്കാര്‍ പറയുന്നത് ! ഇതിനൊക്കെ പുറമേ വ്യാഴത്തിന്‍റെ റിoഗുകളെ പറ്റിയും ഇവര്‍ക്ക് അറിവ് ഉണ്ടായിരുന്നു .
“തിളങ്ങുന്ന പ്രഭാത നക്ഷത്രം !
അതിരാവിലെ സൂര്യനോടൊപ്പം കിഴക്കേ ചക്രവാളത്തിൽ കാണപ്പെടുന്ന ആകാശഗോളങ്ങൾ ആണ് പൊതുവെ പ്രഭാത നക്ഷത്രങ്ങൾ എന്ന് അറിയപ്പെടുന്നത് . Venus (ശുക്രൻ), Mercury (ബുധൻ ), സിറിയസ് (Syrius) എന്നിവയാണ് സൂര്യൻ ഉദിക്കുന്നതിന് തൊട്ടുമുൻപും ചിലപ്പോൾ അതിന് ശേഷവും കിഴക്കേ ചക്രവാളത്തിൽ കാണപ്പെടുന്ന തിളങ്ങുന്ന ഗോളങ്ങൾ . സത്യത്തില്‍ ഇക്കൂട്ടത്തില്‍ ശരിയായ നക്ഷത്രം സിറിയസ് മാത്രമാണ് ! പക്ഷെ സൂര്യനിൽ നിന്നും 47 ഡിഗ്രീ മാറിക്കാണപ്പെടുന്ന ശുക്രനാണ് സൂര്യൻ ഉദിക്കുന്നതിന് മുൻപ് ഏറ്റവും പ്രഭയുള്ളത്. അതിനാല്‍ പ്രഭാത നക്ഷത്രം എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരിക ശുക്രന്‍ ആയിരിക്കും . രാത്രിയിൽ നഗ്നനേത്രങ്ങളാല്‍ കാണാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ് (visual apparent magnitude of −1.46 അഥവാ പ്രകാശമാനം ) . ഒറ്റനോട്ടത്തിൽ തന്നെ ഈ നക്ഷത്രത്തെ നമ്മുക്ക് കാണുവാൻ സാധിക്കും . ആകാശത്ത് നേർ രേഖയിൽ വരുന്ന മൂന്ന് നക്ഷത്രങ്ങളെ (ഖിബ്ല നക്ഷത്രങ്ങള്‍) മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാവും അത് വേട്ടക്കാരൻ എന്ന പേരുള്ള ഒറിയോൻ നക്ഷത്ര വ്യൂഹത്തിലെ (വേട്ടക്കാരന്‍, ഏണം, ശബരഗണം ) ഒറിയോൻ ബെൽറ്റ്‌ ആണ് . ഈ വേട്ടക്കാരന്റെ കാൽ ചുവട്ടിൽ വേട്ടക്കാരന്റെ നായ (ബൃഹത് ശ്വാനന്‍, Canis Major, വലിയനായ) എന്നറിയപ്പെടുന്ന ഒരു നക്ഷത്ര വ്യൂഹം ഉണ്ട് . ഈ വ്യൂഹത്തിലെ ഏറ്റവും പ്രഭാപൂര്ന്നനായ നക്ഷത്രമാണ് സിറിയസ് . ഒരു നക്ഷത്രമായിട്ടാണ് തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊരു ഇരട്ട നക്ഷത്രമാണ്. സിറിയസ് A യും സിറിയസ്സ് B യും. സിറിയസ്സ് ബി ഒരു വെള്ളക്കുള്ളൻ നക്ഷത്രമാണ്. നാം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സിറിയസ്സ് A നെ ആണ് എന്ന് മാത്രം. 8.6 പ്രകാശവര്‍ഷം മാത്രം അകലെയാണ് സിറിയസ്സ് നില്‍ക്കുന്നത്. ഇത്രയും പ്രകാശം തോന്നുവാനുള്ള കാരണവും ഈ അടുപ്പമാണ്. ഈ നക്ഷത്രവും ഭൂമിയും തമ്മിലുള്ള അകലം ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ് . അതായയത് സിറിയസിന്റെ തിളക്കം ഇനിയും കൂടിക്കൊണ്ടിരിക്കും എന്ന് സാരം ! സിറിയസ് A യ്ക്ക് സൂര്യനേക്കാൾ ഇരട്ടി ഭാരവും 25 മടങ്ങ് പ്രകാശ തീവ്രതയുമുണ്ട്. Dog star എന്നതാണ് ഈ നക്ഷത്രത്തിന്റെ ഇരട്ടപ്പേര് . കൂടുതൽ ഭാരമുള്ളത് സിറിയസ് B യ്ക്ക് ആണെങ്കിലും 12 കോടി വർഷങ്ങൾക്ക് മുൻപ് ഉർജോല്പാദനം നിലയ്ക്കുകയും ചുവന്ന ഭീമൻ നക്ഷത്രമായതിന് ശേഷം ഇന്നത്തെ അവസ്ഥയിലുള്ള വെള്ളകുള്ളൻ നക്ഷത്രമായി തീരുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു. സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്. ജനുവരി മാസം സന്ധ്യക്ക് കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും പോയി നില്‍ക്കുക (കേരളത്തില്‍ ആകണം ) . സൂര്യന്റെ പ്രകാശം കുറയുന്നതിനനുസരിച്ച് ഓരോരോ നക്ഷത്രങ്ങളായി തെളിഞ്ഞുവരും. ഒട്ടും സംശയിക്കേണ്ട അല്പം തെക്ക് മാറി ആദ്യം തെളിഞ്ഞ് വരുന്ന ആ നക്ഷത്രമാണ് സിറിയസ്സ്. സിറിയസ്സിനെ കണ്ടതിന് ശേഷമേ മറ്റേത് നക്ഷത്രത്തേയും നിങ്ങള്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിയൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണത്.

സിറിയസ് മതങ്ങളില്‍
പൌരാണിക ഈജിപ്തിൽ സിറിയസിന്റെ ഉദയവും അസ്തമയവും നോക്കിയാണ് നൈൽ നദിയിലെ വെള്ളപ്പൊക്കം പ്രവചിച്ചിരുന്നത് . ഈജിപ്ഷ്യൻ മരണ ദേവനായ Osiris ന്റെ അടയാളം ഇതേ നക്ഷത്രമാണ് . ഗ്രീസിൽ ആകട്ടെ , വേനൽക്കാലം ഉണ്ടാകുന്നത് സിറിയസ് നക്ഷത്രത്തിന്റെ (Dog Star ) സാമിപ്യം മൂലമാണ് എന്നുള്ള വിശ്വാസത്തിൽ ചൂടുകാലത്തെ Dog Days എന്നാണ് വിളിച്ചിരുന്നത്‌ . സെനഗലിലെ Serer വർഗ്ഗക്കാർ ലോകത്തിന്റെ പ്രതീകമായി അഞ്ചു കാലുള്ള സിറിയസ് നക്ഷത്രത്തിന്റെ ചിത്രമാണ് ഉപയോഗിക്കുന്നത് . സംസ്കൃതത്തിൽ Mrgavyadha എന്നറിയപ്പെടുന്നതും ഇതേ നക്ഷത്രം ആണ് . പുരാണങ്ങളിൽ രുദ്രൻ എന്ന പേരുകാരനായ ഈ നക്ഷത്രം ശിവനെ പ്രതിനിധാനം ചെയ്യുന്നു . ശബരിമലയിൽ മകരവിളക്ക്‌  സമയത്ത് ആകാശത്ത് കാണുന്ന മകര ജ്യോതി എന്ന നക്ഷത്രവും സാക്ഷാൽ സിറിയസ് ആണ് . ഖുറാനില്‍ സൂറ നജൂം 53:49 ലും (“അവന്‍ തന്നെയാണ്‌ ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌ “) സൂറ നജൂം 53:9 ലും (അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു ) സിറിയസിനെ പരാമര്‍ശിക്കുന്നുണ്ട് . ചൈനീസ് പുരാണങ്ങളിൽ സിറിയസ് നായയുടെ വേഷം മാറ്റി ചെന്നായുടെ വേഷമാണ് അണിയുന്നത് (“celestial wolf”). ഹോമർ തന്റെ വിഖ്യാതമായ ഇലിയഡിൽ അക്കിലീസിന്റെ ട്രോയിലെക്കുള്ള വരവിനെ സിറിയസിനോടാണ് ഉപമിക്കുന്നത് .
“Sirius rises late in the dark, liquid sky

On summer nights, star of stars,

Orion’s Dog they call it, brightest

Of all, but an evil portent, bringing heat

And fevers to suffering humanity”


Nomo

രാത്രിയിലെ തിളങ്ങുന്ന താരകമായ സിറിയസിന് സര്‍വ്വ മതങ്ങളിലും പരാമര്‍ശം ഉണ്ടായതെങ്ങിനെ എന്നതാണ് അതിശയം ! ഡോഗോണ്‍ വര്‍ഗ്ഗക്കാര്‍ക്ക് മറഞ്ഞു നില്‍ക്കുന്ന സിറിയസ് B എങ്ങിനെ പിടികിട്ടി എന്നതും ചുരുള്‍ അഴിയാത്ത രഹസ്യം തന്നെ ആണ് . സിരിയസില്‍ നിന്നും അന്യഗ്രഹജീവികള്‍ ഇവിടെ എത്തി അവരെ കാര്യങ്ങള്‍ പഠിപ്പിച്ചു എന്ന് വിശ്വസിക്കുന്നവര്‍ തീരെ കുറവല്ല . പകല്‍ സൂര്യന്‍ ആണ് ലോകം ഭരിക്കുന്നതെങ്കില്‍ രാത്രിയിലെ രാജാവ് സിറിയസ് ആണ് . അതുകൊണ്ട് തന്നെ സിറിയസിനെ ചുറ്റിപറ്റിയുള്ള കഥകള്‍ക്ക് ദുരൂഹത ഏറും ………..Robert K. G യുടെ The Sirius Mystery എന്ന പുസ്തകം ഈ കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത് . ചന്ദ്രനേക്കാളും , മറ്റു ഗ്രഹങ്ങളെക്കാലും പ്രാധാന്യം സിറിയസിന് ഉണ്ടായതിനു കാരണം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു .