Pages

sirius mystery

പശ്ചിമമാലിയിലെ നൈജർ നദിക്കു കിഴക്ക് പടിഞ്ഞാറൻ ആഫ്രിക്കയില്‍ ജീവിക്കുന്ന ഒരു ഗോത്ര വിഭാഗമാണ്‌ ഡോഗോണ്‍ (Dogon). ഏകദേശം അഞ്ചു ലക്ഷത്തോളം വരുന്ന ഇവരുടെ മുഖം മൂടി നൃത്തം വളരെ പ്രശസ്തമാണ് . വളരെയധികം പ്രത്യേകതകള്‍ ഉള്ള ഇവരുടെ മതവും വിശ്വാസങ്ങളും ഏറെക്കുറെ ചുരുള്‍ നിവര്‍ന്നത്‌ 1930 കാലഘട്ടങ്ങളില്‍ ഫ്രഞ്ച് നരവംശ ശാസ്ത്രഞന്‍ ആയ Marcel Griaule ഇവരെ കുറിച്ച് വിശദമായി പഠിച്ചപ്പോള്‍ ആണ് . മറ്റു ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്വന്തമായി ഒരു പ്രപഞ്ച വിജ്ഞാന ശാഖ തന്നെ ഇവര്‍ക്കുണ്ടായിരുന്നു ! സിറിയസ് എന്ന നക്ഷത്രമായിരുന്നു ഇവരുടെ പ്രപഞ്ചത്തിന്റെ കേന്ദ്രം . അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലായിരുന്നു . കാരണം രാത്രിയില്‍ പെട്ടന്ന് കണ്ണില്‍ പെടുന്ന തിളക്കമുള്ള ഒരു നക്ഷത്രമാണ് സിറിയസ് . സത്യത്തില്‍ നാം നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണുന്ന സിറിയസ് യഥാര്‍ത്ഥത്തില്‍ സിറിയസ് A ആണ് . ഇതിന്‍റെ പ്രഭാവത്തിന്റെ മറവില്‍ സിറിയസ് B എന്ന ഒരു വെള്ളക്കുള്ളന്‍ നക്ഷത്രം കൂടെ ഉണ്ട് . ഒരു ടെലിസ്കൊപ്പിന്റെ സഹായത്തോടു കൂടി മാത്രം കാണാവുന്ന സിറിയസ് B ,1800 കളില്‍ മാത്രം ആണ് ആധുനിക മനുഷ്യന്‍റെ കണ്ണില്‍ പെട്ടത് . പക്ഷെ അങ്ങിനെയുള്ള സിറിയസ് B യെ കുറിച്ചുള്ള വിവരങ്ങള്‍ പ്രാകൃതരായ ഡോഗോണ്‍ ഗോത്രക്കാര്‍ക്കു അറിവ് ഉണ്ടായിരുന്നു എന്ന കാര്യം Griaule നെ ഞെട്ടിക്കുക തന്നെ ചെയ്തു . മാത്രവുമല്ല , എല്ലാ അറുപത് കൊല്ലങ്ങള്‍ കൂടും തോറും സിറിയസ് B യുടെ ഉത്സവം അവര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു . വെള്ളക്കുള്ളനായ സിറിയസ് B യെ പ്രതിനിധീകരിച്ചു വെളുത്ത ചായം ദേഹമാസകലം പൂശിയാണ് ആണുങ്ങള്‍ ഇതില്‍ പങ്കെടുത്തിരുന്നത് . ഈ ഇരട്ട നക്ഷത്രങ്ങളുടെ സ്വാധീനം മൂലം ഇവരുടെ പല കാര്യങ്ങളിലും രണ്ട് എന്ന സംഖ്യക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടായിരുന്നു . (സിറിയസ് A പെണ്ണും സിറിയസ് B ആണും). അതിനാല്‍ ഇരട്ട കുട്ടികള്‍ ഉണ്ടാവുന്നത് വലിയൊരു ആഘോഷം തന്നെ ആയിരുന്നു . ഇതിനും പുറമേ ആശ്ചര്യം ജനിപ്പിക്കുന്ന മറ്റൊരു കാര്യവും Griaule പറയുന്നു . വളരെ പണ്ട് സിറിയസ് നക്ഷത്രത്തിന്റെ  അടുത്തുള്ള ഏതോ ഗ്രഹത്തിൽ നിന്നും വന്ന നോമോസ്  എന്ന ഏലിയന്‍ വര്‍ഗ്ഗം ആണ്   തങ്ങളെ കലകളും , ആയുധ വിദ്യകളും പഠിപ്പിച്ചത് എന്നും ആണ് ഡോഗോണ്‍ വര്‍ഗ്ഗക്കാര്‍ പറയുന്നത് ! ഇതിനൊക്കെ പുറമേ വ്യാഴത്തിന്‍റെ റിoഗുകളെ പറ്റിയും ഇവര്‍ക്ക് അറിവ് ഉണ്ടായിരുന്നു .
“തിളങ്ങുന്ന പ്രഭാത നക്ഷത്രം !
അതിരാവിലെ സൂര്യനോടൊപ്പം കിഴക്കേ ചക്രവാളത്തിൽ കാണപ്പെടുന്ന ആകാശഗോളങ്ങൾ ആണ് പൊതുവെ പ്രഭാത നക്ഷത്രങ്ങൾ എന്ന് അറിയപ്പെടുന്നത് . Venus (ശുക്രൻ), Mercury (ബുധൻ ), സിറിയസ് (Syrius) എന്നിവയാണ് സൂര്യൻ ഉദിക്കുന്നതിന് തൊട്ടുമുൻപും ചിലപ്പോൾ അതിന് ശേഷവും കിഴക്കേ ചക്രവാളത്തിൽ കാണപ്പെടുന്ന തിളങ്ങുന്ന ഗോളങ്ങൾ . സത്യത്തില്‍ ഇക്കൂട്ടത്തില്‍ ശരിയായ നക്ഷത്രം സിറിയസ് മാത്രമാണ് ! പക്ഷെ സൂര്യനിൽ നിന്നും 47 ഡിഗ്രീ മാറിക്കാണപ്പെടുന്ന ശുക്രനാണ് സൂര്യൻ ഉദിക്കുന്നതിന് മുൻപ് ഏറ്റവും പ്രഭയുള്ളത്. അതിനാല്‍ പ്രഭാത നക്ഷത്രം എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം വരിക ശുക്രന്‍ ആയിരിക്കും . രാത്രിയിൽ നഗ്നനേത്രങ്ങളാല്‍ കാണാവുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണ് സിറിയസ് (visual apparent magnitude of −1.46 അഥവാ പ്രകാശമാനം ) . ഒറ്റനോട്ടത്തിൽ തന്നെ ഈ നക്ഷത്രത്തെ നമ്മുക്ക് കാണുവാൻ സാധിക്കും . ആകാശത്ത് നേർ രേഖയിൽ വരുന്ന മൂന്ന് നക്ഷത്രങ്ങളെ (ഖിബ്ല നക്ഷത്രങ്ങള്‍) മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാവും അത് വേട്ടക്കാരൻ എന്ന പേരുള്ള ഒറിയോൻ നക്ഷത്ര വ്യൂഹത്തിലെ (വേട്ടക്കാരന്‍, ഏണം, ശബരഗണം ) ഒറിയോൻ ബെൽറ്റ്‌ ആണ് . ഈ വേട്ടക്കാരന്റെ കാൽ ചുവട്ടിൽ വേട്ടക്കാരന്റെ നായ (ബൃഹത് ശ്വാനന്‍, Canis Major, വലിയനായ) എന്നറിയപ്പെടുന്ന ഒരു നക്ഷത്ര വ്യൂഹം ഉണ്ട് . ഈ വ്യൂഹത്തിലെ ഏറ്റവും പ്രഭാപൂര്ന്നനായ നക്ഷത്രമാണ് സിറിയസ് . ഒരു നക്ഷത്രമായിട്ടാണ് തോന്നുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ഇതൊരു ഇരട്ട നക്ഷത്രമാണ്. സിറിയസ് A യും സിറിയസ്സ് B യും. സിറിയസ്സ് ബി ഒരു വെള്ളക്കുള്ളൻ നക്ഷത്രമാണ്. നാം നഗ്നനേത്രങ്ങളാല്‍ കാണുന്നത് സിറിയസ്സ് A നെ ആണ് എന്ന് മാത്രം. 8.6 പ്രകാശവര്‍ഷം മാത്രം അകലെയാണ് സിറിയസ്സ് നില്‍ക്കുന്നത്. ഇത്രയും പ്രകാശം തോന്നുവാനുള്ള കാരണവും ഈ അടുപ്പമാണ്. ഈ നക്ഷത്രവും ഭൂമിയും തമ്മിലുള്ള അകലം ദിനം പ്രതി കുറഞ്ഞുകൊണ്ടിരിക്കുകയാണ് . അതായയത് സിറിയസിന്റെ തിളക്കം ഇനിയും കൂടിക്കൊണ്ടിരിക്കും എന്ന് സാരം ! സിറിയസ് A യ്ക്ക് സൂര്യനേക്കാൾ ഇരട്ടി ഭാരവും 25 മടങ്ങ് പ്രകാശ തീവ്രതയുമുണ്ട്. Dog star എന്നതാണ് ഈ നക്ഷത്രത്തിന്റെ ഇരട്ടപ്പേര് . കൂടുതൽ ഭാരമുള്ളത് സിറിയസ് B യ്ക്ക് ആണെങ്കിലും 12 കോടി വർഷങ്ങൾക്ക് മുൻപ് ഉർജോല്പാദനം നിലയ്ക്കുകയും ചുവന്ന ഭീമൻ നക്ഷത്രമായതിന് ശേഷം ഇന്നത്തെ അവസ്ഥയിലുള്ള വെള്ളകുള്ളൻ നക്ഷത്രമായി തീരുകയും ചെയ്തു എന്ന് അനുമാനിക്കപ്പെടുന്നു. സിറിയസ് ഉദിക്കുന്നത് കിഴക്കന്‍ ചക്രവാളത്തിലാണ്. ജനുവരി മാസം സന്ധ്യക്ക് കിഴക്കന്‍ ചക്രവാളം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും പോയി നില്‍ക്കുക (കേരളത്തില്‍ ആകണം ) . സൂര്യന്റെ പ്രകാശം കുറയുന്നതിനനുസരിച്ച് ഓരോരോ നക്ഷത്രങ്ങളായി തെളിഞ്ഞുവരും. ഒട്ടും സംശയിക്കേണ്ട അല്പം തെക്ക് മാറി ആദ്യം തെളിഞ്ഞ് വരുന്ന ആ നക്ഷത്രമാണ് സിറിയസ്സ്. സിറിയസ്സിനെ കണ്ടതിന് ശേഷമേ മറ്റേത് നക്ഷത്രത്തേയും നിങ്ങള്‍ക്ക് അപ്പോള്‍ കാണുവാന്‍ കഴിയൂ. കാരണം ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ഏറ്റവും പ്രഭയേറിയ നക്ഷത്രമാണത്.

സിറിയസ് മതങ്ങളില്‍
പൌരാണിക ഈജിപ്തിൽ സിറിയസിന്റെ ഉദയവും അസ്തമയവും നോക്കിയാണ് നൈൽ നദിയിലെ വെള്ളപ്പൊക്കം പ്രവചിച്ചിരുന്നത് . ഈജിപ്ഷ്യൻ മരണ ദേവനായ Osiris ന്റെ അടയാളം ഇതേ നക്ഷത്രമാണ് . ഗ്രീസിൽ ആകട്ടെ , വേനൽക്കാലം ഉണ്ടാകുന്നത് സിറിയസ് നക്ഷത്രത്തിന്റെ (Dog Star ) സാമിപ്യം മൂലമാണ് എന്നുള്ള വിശ്വാസത്തിൽ ചൂടുകാലത്തെ Dog Days എന്നാണ് വിളിച്ചിരുന്നത്‌ . സെനഗലിലെ Serer വർഗ്ഗക്കാർ ലോകത്തിന്റെ പ്രതീകമായി അഞ്ചു കാലുള്ള സിറിയസ് നക്ഷത്രത്തിന്റെ ചിത്രമാണ് ഉപയോഗിക്കുന്നത് . സംസ്കൃതത്തിൽ Mrgavyadha എന്നറിയപ്പെടുന്നതും ഇതേ നക്ഷത്രം ആണ് . പുരാണങ്ങളിൽ രുദ്രൻ എന്ന പേരുകാരനായ ഈ നക്ഷത്രം ശിവനെ പ്രതിനിധാനം ചെയ്യുന്നു . ശബരിമലയിൽ മകരവിളക്ക്‌  സമയത്ത് ആകാശത്ത് കാണുന്ന മകര ജ്യോതി എന്ന നക്ഷത്രവും സാക്ഷാൽ സിറിയസ് ആണ് . ഖുറാനില്‍ സൂറ നജൂം 53:49 ലും (“അവന്‍ തന്നെയാണ്‌ ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌ “) സൂറ നജൂം 53:9 ലും (അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു ) സിറിയസിനെ പരാമര്‍ശിക്കുന്നുണ്ട് . ചൈനീസ് പുരാണങ്ങളിൽ സിറിയസ് നായയുടെ വേഷം മാറ്റി ചെന്നായുടെ വേഷമാണ് അണിയുന്നത് (“celestial wolf”). ഹോമർ തന്റെ വിഖ്യാതമായ ഇലിയഡിൽ അക്കിലീസിന്റെ ട്രോയിലെക്കുള്ള വരവിനെ സിറിയസിനോടാണ് ഉപമിക്കുന്നത് .
“Sirius rises late in the dark, liquid sky

On summer nights, star of stars,

Orion’s Dog they call it, brightest

Of all, but an evil portent, bringing heat

And fevers to suffering humanity”


Nomo

രാത്രിയിലെ തിളങ്ങുന്ന താരകമായ സിറിയസിന് സര്‍വ്വ മതങ്ങളിലും പരാമര്‍ശം ഉണ്ടായതെങ്ങിനെ എന്നതാണ് അതിശയം ! ഡോഗോണ്‍ വര്‍ഗ്ഗക്കാര്‍ക്ക് മറഞ്ഞു നില്‍ക്കുന്ന സിറിയസ് B എങ്ങിനെ പിടികിട്ടി എന്നതും ചുരുള്‍ അഴിയാത്ത രഹസ്യം തന്നെ ആണ് . സിരിയസില്‍ നിന്നും അന്യഗ്രഹജീവികള്‍ ഇവിടെ എത്തി അവരെ കാര്യങ്ങള്‍ പഠിപ്പിച്ചു എന്ന് വിശ്വസിക്കുന്നവര്‍ തീരെ കുറവല്ല . പകല്‍ സൂര്യന്‍ ആണ് ലോകം ഭരിക്കുന്നതെങ്കില്‍ രാത്രിയിലെ രാജാവ് സിറിയസ് ആണ് . അതുകൊണ്ട് തന്നെ സിറിയസിനെ ചുറ്റിപറ്റിയുള്ള കഥകള്‍ക്ക് ദുരൂഹത ഏറും ………..Robert K. G യുടെ The Sirius Mystery എന്ന പുസ്തകം ഈ കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യുന്നത് . ചന്ദ്രനേക്കാളും , മറ്റു ഗ്രഹങ്ങളെക്കാലും പ്രാധാന്യം സിറിയസിന് ഉണ്ടായതിനു കാരണം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു .

0 comments:

Post a Comment