Pages

akhenaten

continue:-

കാരിരുമ്പിന്റെ മതില്‍ക്കെട്ടുകളും കല്‍പ്പിരമിഡുകളും കരുത്തുറ്റ കോട്ടകളും കൈപ്പിടിയില്‍ സൈന്യങ്ങളുമുണ്ടായിരുന്ന ഫറോവ രാജവംശം ഒന്നിന്റെയും മുന്നില്‍ പകച്ചുപോയ ചരിത്രമില്ലായിരുന്നു. മുഷ്ടിയില്‍ മരവടിയും മുദ്രാവാക്യങ്ങളും മാത്രമുണ്ടായിരുന്ന മൂസാ പ്രവാചകന്റെ മുന്നിലല്ലാതെ..

ഈജിപ്ഷ്യന്‍ സിംഹാസനങ്ങള്‍ക്കധിപതി ഫറോവ പ്രഖ്യാപിച്ചു.. “മൂസയെ ഞാന്‍ കൊല്ലാന്‍ പോകുന്നു..” എതിര്‍വാക്കുകള്‍ നിരോധിച്ച ഫറോവന്‍ ആജ്ഞക്ക് പൂര്‍ണ്ണത നല്‍കാന്‍ ഏറാന്‍മൂളികള്‍ തയ്യാറായി..

എന്നാല്‍.....
ഇസ്രായേല്‍ ആണ്‍കുട്ടികളെ മുഴുവന്‍ ഫറോവ കൊന്നൊടുക്കുമ്പോള്‍, അതേ ഫറോവയുടെ നെഞ്ചില്‍ കിടത്തി മൂസയെ വളര്‍ത്തിയ, ചരിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റിനു ജന്മം നല്‍കിയ പഴുതടച്ച തിരക്കഥയുടെ രചയിതാവിന്റെ അലംഘനീയവിധിയുടെ ആള്‍രൂപമെന്നോണം... ഫറോവയുടെ സിംഹാസനത്തിന്റെ തൊട്ടടുത്ത സിംഹാസനത്തില്‍ നിന്നും ഒരു മനുഷ്യന്‍ എഴുന്നേറ്റു. ഫറോവയുടെ ശബ്ദത്തിനും മുകളിലായി അയാളുടെ ശബ്ദം ഉയര്‍ന്നു.. “മൂസയെ കൊല്ലരുത്"

ഖുര്‍ആന്‍ ഈ സംഭവം പറയുന്നു.. “ഫറോവ പറഞ്ഞു: ''എന്നെ വിടൂ. മൂസായെ ഞാന്‍ കൊല്ലുകയാണ്........
അന്നേരം, ഫറോവയുടെ വംശത്തില്‍പെട്ട വിശ്വാസം ഒളിപ്പിച്ചുവെച്ച ഒരാള്‍ പറഞ്ഞു: ''എന്റെ നാഥന്‍ അല്ലാഹുവാണ് എന്നു പറഞ്ഞതിന്റെ പേരില്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടുവന്നിട്ടും!.....” (ഖുര്‍ആന്‍ 40:26-28)

സുദീര്‍ഘമായ ആ പ്രസംഗം ഖുര്‍ആനില്‍ പിന്നെയും തുടരുന്നുണ്ട്.. ഒടുവില്‍ ഉത്തരം മുട്ടി ഫറോവ ഇരുന്നു.. ആത്മഗതമെന്നോണം അയാള്‍ പുലമ്പുന്നുണ്ടായിരുന്നു... “'എനിക്കു ശരിയായി തോന്നുന്ന കാര്യമാണ് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത്..'' (ഖുര്‍ആന്‍ 40:29)

ആ സത്യവിശ്വാസി വീണ്ടും തന്റെ പ്രസംഗം തുടര്‍ന്നു (ഖുർആൻ 40:30-44).. ഫറോവക്കൊപ്പം കൂടി നില്‍ക്കുന്ന മുഴുവന്‍ തെമ്മാടികളെയും നിശബ്ദമാക്കുന്ന പ്രസംഗം.. കുരിശുമരങ്ങളെ അനാഥമാക്കി മരവടിയും കുത്തി തിരിഞ്ഞു നടക്കുമ്പോള്‍ ആ മനുഷ്യനെ നോക്കി പ്രവാചകന്‍ മൂസ പുഞ്ചിരിച്ചിരുന്നിരിക്കണം..

ആരായിരുന്നു ആ വിശ്വാസി? ഈജിപ്ഷ്യന്‍ രാജ്യത്ത് തന്റെ ആജ്ഞക്ക് എതിര്‍വാക്കുകള്‍ ഇല്ലാത്ത ഫറോവയുടെ ആജ്ഞയെ പോലും നിഷ്പ്രഭമാക്കാന്‍ പോന്ന ആ മനുഷ്യന്‍.. എതിരഭിപ്രായങ്ങളെ കൊന്നു മാത്രം ശീലിച്ച ഫറോവയെ നാവടക്കി ഇരിക്കാന്‍ പ്രേരിപ്പിച്ച ആ ശബ്ദത്തിന്റെ ഉടമ.. കേട്ട് കഴിഞ്ഞ ഖുര്‍ആന്‍ ക്ലാസുകളിലോ വായിച്ചു തീര്‍ത്ത ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലോ ആരും പരാമര്‍ശിച്ചു കേട്ടിട്ടില്ലാത്ത, പ്രവാചകന്‍ മൂസയെ കൊലമരത്തില്‍ നിന്നും രക്ഷിച്ച ആ മഹാന്‍..

ഖുര്‍ആന്‍ പ്രകാരം മൂന്നു കാര്യങ്ങള്‍ വ്യക്തം. ഒന്ന്, അയാള്‍ ഒരു വിശ്വാസി ആയിരുന്നു. രണ്ടു, അയാള്‍ ഫറോവയുടെ വംശമായിരുന്നു, മൂന്നു, ഫറോവയുടെ ആജ്ഞയില്‍ ഇടപെടാന്‍ മാത്രം സ്വാതന്ത്ര്യം അയാള്‍ക്കുണ്ടായിരുന്നു. ഫറോവന്‍ രാജവംശത്തിന്റെ ചരിത്രം ചികയുമ്പോള്‍ മറ്റൊരു കാര്യം കൂടി വ്യക്തം. ഒരു ഫറോവ രാജ്യം ഭരിക്കുമ്പോള്‍ അങ്ങനെ ഒരു സ്വാതന്ത്ര്യം ഉണ്ടാവുക ഫറോവയുടെ മകന് മാത്രമായിരിക്കും. സിംഹാസനത്തില്‍ ഫറോവക്ക് തൊട്ടു താഴെയോ അല്ലെങ്കില്‍ അയാള്‍ക്കൊപ്പമോ തന്നെ സ്ഥാനം ഉണ്ടാവുന്ന ഏക വ്യക്തി.. എങ്കില്‍ ആരായിരുന്നു അയാള്‍..?
.

"അഖിനാറ്റന്‍" (Akhenaten).. പ്രവാചകന്‍ മൂസയുടെ ശത്രുവായിരുന്ന അമുന്‍ഹോട്ടപ് മൂന്നാമന്‍ (Amunhotep III) എന്ന ഫറോവയുടെ മകന്‍ അമുന്‍ഹോട്ടപ് നാലാമന്‍.. (മൂസാ നബി നേരിട്ട ഫറോവ രാംസസ് രണ്ടാമന്‍ എന്ന ഫറോവയായിരുന്നു എന്ന നിഗമനത്തോട് എനിക്ക് യോജിപ്പില്ല എന്ന് കൂടി ഇവിടെ വ്യക്തമാക്കുന്നു) പില്‍ക്കാലത്ത് അഖിനാറ്റന്‍ എന്ന പേര് സ്വീകരിച്ച ഏകദൈവവിശ്വാസിയും നീതിമാനുമായിരുന്ന ഫറോവ.. ഫറോവ രാജവംശത്തിലെ ചരിത്രം നശിപ്പിക്കപ്പെട്ട ഒരേയൊരു ഫറോവ..

പത്തൊമ്പതാം നൂറ്റാണ്ടില്‍ കണ്ടെടുത്ത Akhetaten എന്ന പട്ടണത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് അത് വരെ ചരിത്രത്തില്‍ നിന്നും നിഷ്കാസിതനായിരുന്ന ഈ രാജാവിനെ കുറിച്ചുള്ള പഠനങ്ങള്‍ ആരംഭിക്കുന്നത്.. (Ref: Egypt's Golden Empire: Pharaohs of the Sun). ഇത് വരെ നടത്തിയ പഠനങ്ങളില്‍ നിന്നും വ്യക്തമാവുന്നത് അഖിനാറ്റനും പ്രവാചകന്‍ മൂസയും ഒരേ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത് എന്നാണ്‌ (BC പതിനാലാം നൂറ്റാണ്ട്‌). ഈജിപ്തിന്റെ പരമ്പരാഗതമതങ്ങളെ മുഴുവന്‍ തള്ളിക്കളഞ്ഞ ഭരണാധികാരി ആയാണ് അഖിനാറ്റന്‍ ഇന്ന് അറിയപ്പെടുന്നത്.. പല ചരിത്രപണ്ഡിതന്മാരും അദ്ദേഹത്തെ പിന്നീട് ജൂദായിസം ആയി മാറിയ ഏകദൈവവിശ്വാസത്തിന്റെ pioneer ആയി വരെ വിശേഷിപ്പിച്ചിട്ടുണ്ട്. ചില ചരിത്രകാരന്മാര്‍ പറയുന്നത് അദ്ദേഹം ഈജിപ്തിലെ എല്ലാ വിശ്വാസങ്ങളെയും തള്ളിയെങ്കിലും അദ്ദേഹം Aten എന്ന സൂര്യദൈവത്തെ മാത്രം ഏകദൈവമാക്കിയ വ്യക്തി എന്നാണു.. എന്നാല്‍ മറ്റു ചിലര്‍ അദ്ദേഹത്തെ കറകളഞ്ഞ ഏകദൈവവിശ്വാസി ആയും അദ്ദേഹം മൂസയുടെ വിശ്വാസം സ്വീകരിച്ചവനും യേശുകൃസ്തുവിന്റെ പൂര്‍വ്വഗാമി ആണെന്നും പറയുന്നു.. (Ref: Akhenaten and the religion of light, Erik Hornung, David Lorton). ഇതിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഒരു കാര്യത്തില്‍ ഇവര്‍ ഏകോപിക്കുന്നുണ്ട്. ഫറോവ രാജഭരണത്തിലെ എല്ലാ പരമ്പരാഗത വിശ്വാസങ്ങളെയും തള്ളിക്കളഞ്ഞ ഒരേയൊരു ഫറോവയായിരുന്നു അഖിനാറ്റന്‍..

മൂസാനബിയെ പിന്തുടര്‍ന്ന ഫറോവ കൊല്ലപ്പെട്ടതിനു ശേഷം ഈജിപ്ത് ഭരിച്ചത് അഖിനാറ്റനാണ്.. അദ്ദേഹം ഈജിപ്ഷ്യന്‍ ജനതയോട് ഏകദൈവവിശ്വാസം പ്രബോധനം ചെയ്തു. പക്ഷെ കാലങ്ങളായുള്ള ശീലങ്ങള്‍ കൈവെടിയാന്‍ ആ ധിക്കാരികളായ ജനം തയ്യാറായില്ല.. എന്നാല്‍, അതിശക്തനായിരുന്നെങ്കിലും തന്റെ ശരികള്‍ ഇരുമ്പുദണ്ട് കൊണ്ടും വാള്‍മുന കൊണ്ടും അടിച്ചേല്‍പ്പിക്കുന്ന മറ്റു ഫറോവമാരെ പോലെ ആയില്ല അഖിനാറ്റന്‍. ഭരണത്തില്‍ കയറിയതിന്റെ പതിനെട്ടാം വര്‍ഷം, ചരിത്രത്തിനും ചരിത്രകാരന്മാര്‍ക്കും ഇന്നും ദുരൂഹമായി തുടരുന്ന ഏതോ കാരണത്താല്‍, തന്റെ ഏതാനും ബന്ധുക്കള്‍ക്കും അനുയായികള്‍ക്കുമൊപ്പം ഒരു പാതിരാവില്‍ അഖിനാറ്റന്‍ ഈജിപ്ത് വിട്ടു.. അഖിനാറ്റന് ശേഷം ഈജിപ്ത് വീണ്ടും പഴയപടിയായി. അദ്ദേഹത്തിന്റെ സ്മരണകളും ചരിത്രങ്ങളും നശിപ്പിക്കപ്പെട്ടു..

“After his death, his monuments were dismantled and hidden, his statues were terminated and his name was not to be included in the king lists. Traditional religious practice was gradually restored, and when some dozen years later rulers without clear rights of succession from the 18th Dynasty founded a new dynasty, they discredited Akhenaten and his immediate successors, referring to Akhenaten himself as "the enemy" or "that criminal" in archival records” (Wikipedia)

അഖിനാറ്റന്‍ ഈജിപ്ത് വിട്ടു എങ്ങോട്ടാണ് പോയത്? അതിനു ശേഷം അഖിനാറ്റന് എന്ത് സംഭവിച്ചു..? ചരിത്രകാരന്മാര്‍ക്ക്‌ ഇന്നും അതിനു ഉത്തരമില്ല. കിഴക്കേ അതിരും പടിഞ്ഞാറേ അതിരും അടങ്ങുന്ന മൂന്നു നേര്‍പാതകളിലേക്ക് സഞ്ചരിച്ച് അവിടങ്ങളിലെ ജനതക്ക് ശാന്തിയും സമാധാനവും സംരക്ഷണവുമായി, ഭൌതികശക്തിയും ആത്മീയശക്തിയും ഒന്നിക്കുന്ന രണ്ടു കൊമ്പുകള്‍ ശിരസ്സിലേറ്റിയ ദുല്‍ഖര്‍നൈനി ആവാന്‍ ദൈവം നിയോഗിക്കുകയായിരുന്നോ ആ മനുഷ്യനെ..? ലോകത്തെ മുഴുവന്‍ ഭരണാധികാരികള്‍ക്കും മാതൃകയായി ഖുര്‍ആന്‍ എടുത്തു കാട്ടിയ ദുല്‍ഖര്‍നൈനി ലോകത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരിയുടെ മകനായിരുന്നോ..??

ദുല്ഖര്‍നൈനിയെ കണ്ടെത്താനുള്ള പഠനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശക്തിയും പ്രതാപവും മാത്രം കണക്കിലെടുത്ത് BC മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അലക്സാണ്ടര്‍ ആണെന്ന് വിശകലനം ചെയ്തു ചിലര്‍. എന്നാല്‍ ഭൌതികശക്തിക്കൊപ്പം നീതിയുടെ ശക്തി കൂടി കണക്കിലെടുത്ത് അത് BC അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച പേര്‍ഷ്യന്‍ രാജാവ് സൈറസ് ആണെന്നായി മറ്റു ചിലര്‍.. ദുല്ഖര്‍നൈനിയുടെ പല വിശേഷണങ്ങളുമായും സൈറസുമായി ചേര്‍ന്ന് പോകുന്നുമുണ്ട്. ഏറ്റവും പ്രചാരം നേടിയ അഭിപ്രായവും ഇതാണ്.. എന്നാല്‍, ദുല്ഖര്‍നൈനി എന്ത് കൊണ്ട് സൈറസ് ആയിക്കൂടാ? ഈ വിഷയത്തില്‍ എന്റെ ഒരു വ്യക്തിപരമായ നിഗമനം പറയാം..

ദുല്ഖര്‍നൈനിയുടെ ചരിത്രം ഖുര്‍ആനില്‍ പരാമര്‍ഷിക്കുന്നതിനു പിന്നില്‍ ഒരു പശ്ചാത്തലമുണ്ട്. പ്രവാചകന്‍ മുഹമ്മദിനെ നിശബ്ദനാക്കാന്‍ പല ശ്രമങ്ങളും നടത്തി പരാജയപ്പെട്ട ഖുറൈഷി നേതാക്കള്‍ അവസാനം തങ്ങളുടെ ബദ്ധവൈരികളായ ജൂതന്മാരുടെ സഹായം തേടാന്‍ തീരുമാനിക്കുന്നു. അതിനായി നള്റുബ്നു ഹാരിസിനെ ചില ജൂതപണ്ഡിതന്മാരുടെ അടുക്കലേക്ക് അയച്ചു. മുഹമ്മദ്‌ പ്രവാചകന്‍ അല്ലെന്നു എങ്ങനെയെങ്കിലും തെളിയിക്കണം എന്നായിരുന്നു അവരോടുള്ള അഭ്യര്‍ത്ഥന. ആ ജൂതപണ്ഡിതര്‍ ഒരു കാര്യം പറഞ്ഞു.. “ഞാന്‍ മൂന്നു ചോദ്യങ്ങള്‍ പറഞ്ഞു തരാം. അത് നിങ്ങള്‍ ഈ പറയുന്ന ആളോട് ചോദിക്കണം. അതിനു ഉത്തരം പറയാന്‍ കഴിഞ്ഞാല്‍ ഉറപ്പിക്കാം, അദ്ദേഹം പ്രവാചകനാണെന്ന്. കാരണം ദിവ്യവെളിപാടിലൂടെ അല്ലാതെ അതിനുത്തരം അദ്ദേഹത്തിന് കിട്ടാന്‍ ഒരു സാധ്യതയുമില്ല. ഇനി ഉത്തരം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ അയാള്‍ ഒരു കള്ളപ്രവാചകനും ആണ്.."

ആ മൂന്നു ചോദ്യങ്ങള്‍ ഇവയായിരുന്നു.. ‘ഒന്ന്, കഴിഞ്ഞ കാലത്ത് കടന്നുപോയ മൂന്നുയുവാക്കളുണ്ട്. അവരവരുടെ കഥയെന്താണ്? ഖദിര്‍ കഥയുടെ യാഥാര്‍ഥ്യമെന്ത്? ഭൂമിയുടെ കിഴക്കും പടിഞ്ഞാറും ചുറ്റി സഞ്ചരിച്ച ഒരു വ്യക്തിയുണ്ട്. അദ്ദേഹത്തിന്റെ വൃത്താന്തമെന്താണ്?’

ഈ മൂന്നു ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരമായിക്കൊണ്ടാണ് സൂറത്തുല്‍ കഹ്ഫ്‌ അവതരിച്ചത്.

ഈ മൂന്നു ചോദ്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക. ഇതില്‍ മൂന്നാമത്തെ ചോദ്യമായ ദുല്ഖര്‍നൈനി സംഭവം മാറ്റിനിര്‍ത്തി മറ്റു രണ്ടു ചോദ്യങ്ങള്‍ നോക്കൂ.. ആ രണ്ടു സംഭവങ്ങളും (ഗുഹാവാസികളുടെ കഥയും ഖദിര്‍ മൂസാ കൂടിക്കാഴ്ചയും) അന്ന് ഹിജാസില്‍ തികച്ചും അജ്ഞാതമായിരുന്ന കാര്യങ്ങളാണ്. ജൂതന്മാരുടെയോ ക്രൈസ്തവരുടെയോ വേദഗ്രന്ഥങ്ങളില്‍ അവയെ കുറിച്ച് പരാമര്‍ശങ്ങളില്ല. വേദക്കാരിലെ സാധാരണക്കാര്‍ക്ക് അറിവില്ലാത്ത, ഒരുപക്ഷെ ജൂതന്മാരിലെ ചില പണ്ഡിതപുരോഹിതന്മാര്‍ക്ക് മാത്രം അറിവുണ്ടായിരുന്ന കാര്യങ്ങള്‍.. അതുകൊണ്ടാണല്ലോ, അവയ്ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞാല്‍ മുഹമ്മദ്‌ പ്രവാചകന്‍ ആണെന്ന് ഉറപ്പിക്കാമെന്ന് പറഞ്ഞതും.. എന്നാല്‍ ദുല്ഖര്‍നൈനി പേര്‍ഷ്യന്‍ രാജാവായിരുന്ന സൈറസ് ആയിരുന്നെങ്കില്‍ ആദ്യത്തെ രണ്ടു ചോദ്യങ്ങളുടെ നിലവാരവും ബുദ്ധിമുട്ടും അതിനുണ്ടാവുമായിരുന്നില്ല.. കാരണം സൈറസ് അത്രയും പ്രശസ്തനാണ്. ചരിത്രം വ്യക്തമായി രേഖപ്പെടുത്തപ്പെട്ട രാജാവ്. ജൂതന്മാരിലെയും ക്രിസ്ത്യാനികളിലെയും സാധാരണക്കാരില്‍ സാധാരണക്കാര്‍ക്ക് പോലും ചിരപരിചിതനായിരുന്ന ചക്രവര്‍ത്തി. തോറയില്‍ അഞ്ചാറു തവണയെങ്കിലും പേര് പരാമര്‍ശിക്കപ്പെട്ട ഭരണാധികാരി.. പേര്‍ഷ്യയില്‍ ആ കാലത്തും എല്ലാവരാലും ഓര്‍മ്മിക്കപ്പെട്ടിരുന്ന, ഒരുപക്ഷെ പേര്‍ഷ്യന്‍ യാത്രികരായിരുന്ന ചില ഖുറൈഷികള്‍ക്ക് പോലും അറിഞ്ഞേക്കാമായിരുന്ന വ്യക്തി.. മുഹമ്മദ്‌ പ്രവാചകന്‍ അല്ലായിരുന്നെങ്കില്‍ പോലും സൈറസിനെ കുറിച്ച് പഠിക്കാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങളെയും യാത്രകളെയും ദ്വിഗ്വിജയങ്ങളെയും കുറിച്ച് മനസ്സിലാക്കാനും ഒരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ ജൂതപണ്ഡിതന്മാരുടെ തന്നെ അഭിപ്രായപ്രകാരം അങ്ങനെ എളുപ്പത്തില്‍ കിട്ടുന്ന ഉത്തരങ്ങളായിരുന്നില്ല ആ മൂന്നു ചോദ്യങ്ങളും. സൊ, ആദ്യ രണ്ടു ചോദ്യങ്ങളെ പോലെ ദുല്ഖര്‍നൈനി സംഭവം മറക്കപ്പെട്ട ചരിത്രമാണ്.. ഇത്രയും ശക്തിയും പ്രതാപവും ഉണ്ടായിരുന്ന ഏത് രാജാവാണ് ചരിത്രത്തില്‍ നിന്നും നിഷ്കാസിതനായിരിക്കുന്നത് എന്ന് തേടുമ്പോള്‍ തീര്‍ച്ചയായും എത്തുന്ന ഉത്തരം അഖിനാറ്റന്‍ എന്ന ഒറ്റ പേരിലാണ്..

ഈജിപ്ത് വിട്ടു യാത്രയായ അഖിനാറ്റന്‍ ഹോട്ട് സീ കറന്റ്സിന്‍റെ നാടായ മാല്‍ദീവ്സിലേക്ക് യാത്രയായിരുന്നതായി പറയുന്നു.. ആന്ത്രോപ്പോളജിസ്റ്റ്സ് പറയുന്നതും മൂവായിരത്തിനാന്നൂറ് കൊല്ലം മുമ്പാണ് മനുഷ്യര്‍ മാല്‍ദീവ്സിലേക്ക് പോകുന്നത് എന്നാണു. അതിനു മുമ്പ് അവിടെ വല്ല പ്രാകൃതഗോത്രങ്ങളും ഉണ്ടാവാനുള്ള സാധ്യതയെ ഒള്ളൂ.. ഈ കാലഘട്ടം അഖിനാറ്റന്റെ കാര്യത്തില്‍ യോജിച്ചു വരുന്നു. അദ്ദേഹം ജീവിച്ചിരുന്നതും അത്രയും കാലങ്ങള്‍ക്ക് മുമ്പാണ്.. സൂര്യാസ്തമയം ഏതാണ്ട് കോണ്‍സ്റ്റന്‍റ് ആയ ഒരു ഇക്വേറ്ററിലാണ് മാല്‍ദീവ്സ് സ്ഥിതി ചെയ്യുന്നത് എന്നതാണ് അതിന്റെ മറ്റൊരു പ്രത്യേകത..

“നാം അദ്ദേഹത്തിന് ഭൂമിയില്‍ അധികാരം നല്‍കി. എന്തും നിറവേറ്റാനുള്ള നേര്‍മാര്‍ഗങ്ങളെ കുറിച്ചുള്ള അറിവും നല്‍കി. അങ്ങനെ അദ്ദേഹം ഒരു വഴിയില്‍ യാത്ര തിരിച്ചു. അദ്ദേഹം സൂര്യാസ്തമയ സ്ഥാനത്തെത്തിയപ്പോള്‍ ചേറു നിറഞ്ഞ ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോകുന്നത് കണ്ടു. അതിനടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി..” (ഖുര്‍ആന്‍ 18: 84-86)

അഖിനാറ്റന്‍ പിന്നീട് സഞ്ചരിച്ചത് പസിഫിക്കിലെ കിരിബാറ്റി (kiribati islands) ദ്വീപുകളിലേക്കായിരുന്നു എന്ന് ഹംദി ബിന്‍ ഹംസ പറയുന്നു.. ആ കാലത്ത് പ്രാകൃതരായ ഗോത്രവിഭാഗങ്ങള്‍ മാത്രം വസിച്ചിരിക്കാന്‍ ഇടയുള്ള പ്രദേശം. ഈ സ്ഥലത്തിന്റെ ഒരു പ്രത്യേകത കേള്‍ക്കുക. അവിടെ ‘Sunrise hotel’ എന്നൊരു ഹോട്ടല്‍ ഉണ്ട്. ഈ നൂറ്റാണ്ടിലെ ആദ്യസൂര്യോദയത്തിന്റെ ആദ്യരശ്മികള്‍ പതിക്കുന്ന സ്ഥലം എന്ന നിലക്ക് 2000 ജനുവരി ഒന്നിന് ഒരുപാട് ഇന്റര്‍നാഷണല്‍ ഏജന്‍സികളുടെ പ്രതിനിധികളാണ് ഇവിടെ എത്തിയത്.. സൂര്യോദയം ഏതാണ്ട് കോണ്‍സ്റ്റന്‍റ് ആയിരുന്ന ഒരു ഇക്വേറ്ററിലാണ് ഈ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്..

“പിന്നീട് അദ്ദേഹം മറ്റൊരു പാത പിന്തുടര്‍ന്നു. അങ്ങനെ സൂര്യോദയ സ്ഥാനത്തെത്തിയപ്പോള്‍ അത് ഒരു ജനതയുടെ മേല്‍ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടു. സൂര്യന്നും അവര്‍ക്കുമിടയില്‍ ഒരു മറയും നാം ഉണ്ടാക്കിയിട്ടില്ല.” (ഖുര്‍ആന്‍ 18: 89,90)

അഖിനാറ്റന്‍ പിന്നീട് സഞ്ചരിച്ചത് ഇന്ന് ചൈനയിലെ ഹെനാന്‍ കൌണ്ടിയിലെ Zhenzhou എന്ന പട്ടണം സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കായിരുന്നു എന്ന് ഹംദി ബിന്‍ ഹംസ പറയുന്നു. അവിടെ എത്തിയ അഖിനാറ്റന്‍ തന്റെ ഭാഷ അറിയാത്ത, തനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗത്തെ കാണുന്നു..  അക്രമികളായ രണ്ടു ശത്രുവിഭാഗങ്ങളെ ഭയന്ന് കഴിഞ്ഞു കൂടുന്ന ജനതയായിരുന്നു അവര്‍. യഅ്ജൂജ് എന്നും മഅ്ജൂജ് എന്നും വിശേഷണം ഉള്ള ഈ വിഭാഗങ്ങളില്‍ (ഇത് യഥാക്രമം മംഗോളികളും താര്‍ത്താരികളും ആണെന്ന് പറയപ്പെടുന്നു. Yajouj and Majouj consist of a sentence of six words in Chinese meaning “inhabitants of the Asia continent and inhabitants of the horse continent.” In Chinese, Yajouj is known as Yajouren and Majouj as Majouren) നിന്നും രണ്ടു മലനിരകളുടെ അടുത്തായി ജീവിക്കുന്ന ആ ജനതയെ സംരക്ഷിക്കാനായി, ആ രണ്ടു മലകള്‍ക്കിടയില്‍ ഒരു മതില്‍ കെട്ടാന്‍ അഖിനാറ്റന്‍ തീരുമാനിക്കുന്നു. ഇരുമ്പുകട്ടികള്‍ കൊണ്ട് നിര്‍മ്മിച്ച്‌ അതില്‍ തീയൂതി പിന്നീടതില്‍ ഉരുക്കിയ ചെമ്പുദ്രാവകമൊഴിച്ച് നിര്‍മ്മിച്ച ഈ മതില്‍ Zhenzhou പട്ടണത്തിനു പുറത്ത് രണ്ടു മലനിരകള്‍ക്കിടയില്‍ കാണുന്ന വലിയ മതില്‍ക്കെട്ട് (Rampart) ആണെന്നാണ്‌ ഹംദി ബിന്‍ ഹംസ അഭിപ്രായപ്പെടുന്നത്. ഏഴു കിലോമീറ്റര്‍ നീളവും ഒമ്പത് മീറ്റര്‍ ഉയരവും ഉള്ള ഈ മതില്‍ (അദ്ദേഹം ഇതിനു മുകളില്‍ കയറി നില്‍ക്കുന്ന ഫോട്ടോ പുസ്തകത്തിലുണ്ട്) BC ആയിരത്തിനാന്നൂറിന് മുമ്പ് നിര്‍മ്മിച്ചതാണെന്നാണ്‌ കണക്കാക്കുന്നത്.. ചൈനയിലെ ആദ്യത്തെ വന്‍മതില്‍ എന്നും ഈ മതിലിനെ വിശേഷിപ്പിക്കുന്നു. (ഇതിന്റെ ഫോട്ടോ ഗൂഗിളില്‍ കിട്ടും)..

“പിന്നെ അദ്ദേഹം വേറൊരു വഴിയിലൂടെ സഞ്ചരിച്ചു. അങ്ങനെ രണ്ടു മലനിരകള്‍ക്കിടയിലെത്തിയപ്പോള്‍ അദ്ദേഹം അവയ്ക്കടുത്തായി വേറൊരു ജനവിഭാഗത്തെ കണ്ടെത്തി. പറയുന്നതൊന്നും മനസ്സിലാക്കാനാവാത്ത ജനം! അവര്‍ പറഞ്ഞു: ''അല്ലയോ ദുല്‍ഖര്‍നൈന്‍; യഅ്ജൂജും മഅ്ജൂജും നാട്ടില്‍ നാശമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അങ്ങ് അവര്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു ഭിത്തിയുണ്ടാക്കിത്തരണം. ആ വ്യവസ്ഥയില്‍ ഞങ്ങള്‍ അങ്ങയ്ക്ക് നികുതി നിശ്ചയിച്ചു തരട്ടെയോ?''
അദ്ദേഹം പറഞ്ഞു: ''എന്റെ നാഥന്‍ എനിക്ക് അധീനപ്പെടുത്തിത്തന്നത് അതിനെക്കാളെല്ലാം മെച്ചപ്പെട്ടതാണ്. അതിനാല്‍ നിങ്ങളെന്നെ സഹായിക്കേണ്ടത് ശാരീരികാധ്വാനംകൊണ്ടാണ്. നിങ്ങള്‍ക്കും അവര്‍ക്കുമിടയില്‍ ഞാനൊരു ഭിത്തി ഉണ്ടാക്കിത്തരാം.
എനിക്കു നിങ്ങള്‍ ഇരുമ്പുകട്ടികള്‍ കൊണ്ടുവന്നു തരിക.'' അങ്ങനെ രണ്ടു മലകള്‍ക്കിടയിലെ വിടവ് നികത്തി നിരത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ കാറ്റ് ഊതുക.'' അതോടെ ഇരുമ്പുഭിത്തി പഴുത്തു തീപോലെയായി. അപ്പോള്‍ അദ്ദേഹം കല്‍പിച്ചു: ''നിങ്ങളെനിക്ക് ഉരുക്കിയ ചെമ്പ് കൊണ്ടുവന്നു തരൂ! ഞാനത് ഇതിന്മേല്‍ ഒഴിക്കട്ടെ.''
പിന്നെ യഅ്ജൂജ് മഅ്ജൂജുകള്‍ക്ക് അത് കയറി മറിയാന്‍ കഴിഞ്ഞിരുന്നില്ല. അതിന് തുളയുണ്ടാക്കാനും അവര്‍ക്കായില്ല.” (ഖുര്‍ആന്‍ 18:92-97)

(വാഗ്ദത്ത സമയം വന്നാല്‍ ഈ മതില്‍ തകര്‍ത്തു യഅ്ജൂജ് മഅ്ജൂജുകള്‍ വീണ്ടും വരും എന്നൊക്കെ ഖുര്‍ആന്‍ പറയുന്നത് ഒരു മെറ്റഫര്‍ ആകാമെന്നും പില്‍ക്കാലത്ത് ഇസ്ലാമികരാഷ്ട്രത്തെ മംഗോളികളും താര്‍ത്താരികളും ആക്രമിച്ച സംഭവത്തിലേക്കുള്ള പ്രവചനമാണ് ഈ ആയത്ത് എന്നും, അതല്ല അന്ത്യനാളിന്റെ സമയത്ത് സംഭവിക്കുന്ന കാര്യമാണ് എന്നുമൊക്കെ പല അഭിപ്രായങ്ങളുണ്ട്. അതിലേക്ക് കടക്കുന്നില്ല.)

സത്യത്തില്‍ ഈ സംഭവമാണ് അഖിനാറ്റന്‍ ആണ് ദുല്ഖര്‍നൈനി എന്ന നിഗമനത്തില്‍ ഹംദി ബിന്‍ ഹംസയെ ഉറപ്പിക്കുന്നത്. ഈ മതില്‍ നിര്‍മ്മിച്ച കാലവും അഖിനാറ്റന്റെ കാലവും ഒന്നാണ്. മറ്റൊന്ന്, ഈ മതില്‍ നിര്‍മ്മിച്ച എഞ്ചിനിയറിംഗ് രീതി പേര്‍ഷ്യന്‍ എഞ്ചിനിയറിംഗിനേക്കാള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഫറോവമാരുടെ കാലത്തെ ഈജിപ്ഷ്യന്‍ എഞ്ചിനിയറിംഗിനോടാണ്.. അഖിനാറ്റനെ ആ ജനത Chu People (Alien, outsider എന്നൊക്കെ അര്‍ഥം) എന്ന് വിളിച്ചെന്നും അദ്ദേഹം അവിടെ കുറെ കാലം ഭരിച്ചു എന്നും അതില്‍ നിന്നുമാണ് Chu Dynasty ഉണ്ടായത് എന്നുമൊക്കെ അദ്ദേഹം പല ചൈനീസ് ചരിത്രകാരന്മാരെയും കണ്ടും സംസാരിച്ചുമുള്ള പഠനങ്ങള്‍ വച്ച് സമര്‍ത്ഥിക്കുന്നുണ്ട് ആ പുസ്തകത്തില്‍..
..

ഉറപ്പായും അഖിനാറ്റന്‍ തന്നെയാണ് ദുല്ഖര്‍നൈനി എന്ന് സ്ഥാപിക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം. അങ്ങനെ ഒരു വാദം ഉന്നയിക്കുന്നുമില്ല. ദുല്ഖര്‍നൈനി ആരായിരുന്നു എന്ന വിവിധപഠനങ്ങളില്‍ എനിക്ക് കൂടുതല്‍ കണ്‍വിന്‍സിംഗ് ആയ ഒരു നിഗമനം പറയുക മാത്രമാണ് ചെയ്യുന്നത്. ഈ പോസ്റ്റിനെ ഖണ്ഡിക്കാനോ തെറ്റായ നിഗമനങ്ങള്‍ ചൂണ്ടിക്കാട്ടാനോ കൂടുതല്‍ ശരിയായവ പറഞ്ഞു തരാനോ എല്ലാ സ്വാതന്ത്ര്യവും നിങ്ങള്‍ക്കുണ്ട്‌.. എന്നെ സംബന്ധിച്ചിടത്തോളം, അഖിനാറ്റന്‍ ദുല്ഖര്‍നൈനി ആവുന്നതാണ് എല്ലാം കൊണ്ടും എനിക്ക് കൂടുതല്‍ ഇഷ്ടം എന്നൊരു വശം കൂടി ഇതിലുണ്ട് എന്നത് വേറെ കാര്യം.. കാരണം....

കടല്‍ കടന്നുപോയ പ്രവാചകന്‍ മൂസാക്കും അനുയായികള്‍ക്കുമൊപ്പം ചരിത്രവും കടല്‍ കടന്നു പോയപ്പോള്‍, ചരിത്രത്തിന്റെ വെള്ളിവെളിച്ചം എത്താത്ത ഇരുളിലൂടെ, മൂസാ ദൌത്യത്തിന്റെ ഏറ്റവും വലിയ ശത്രുവിന്റെ മകന്‍ തന്നെ ആ ദൌത്യത്തിന്റെ വാഹകനായി മൂന്നു നേര്‍മാര്‍ഗത്തില്‍ സഞ്ചരിച്ചു ജനതയെ വിമോചിപ്പിക്കുന്നതാണ് എന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നത്... :)

0 comments:

Post a Comment