പ്രോപ്പഗാണ്ട (Propaganda), ചിട്ടയായ ആശയപ്രചാരണത്തിലൂടെ നുണകളും അർദ്ധസത്യങ്ങളും ജനങ്ങളെക്കൊണ്ട് അവരറിയാതെതന്നെ വിശ്വസിപ്പിച്ച് പട്ടിയെ ആടാക്കാനും, ആടിനെ പട്ടിയാക്കാനും പേപ്പട്ടിയാക്കാനും പിന്നെ അതിനെ നാട്ടുകാരെക്കൊണ്ട് തല്ലിക്കൊല്ലിക്കാനും ഒക്കെ കഴിയുന്ന സംഘടിതമായ പൊതുജന അഭിപ്രായ രൂപവത്കരണ പ്രവർത്തനം. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഭരണകൂടങ്ങൾ പൊതുജന അഭിപ്രായം തങ്ങൾക്ക് അനുകൂലമാക്കാൻ പ്രോപ്പഗാണ്ട ഉപയോഗിച്ച് തുടങ്ങിയിരുന്നു. എന്നിരുന്നാലും ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജർമ്മനിയാണ് വ്യാപകമായ തോതിൽ ആദ്യമായി പ്രോപ്പഗാണ്ട നടത്തിതുടങ്ങിയത്.
പ്രോപ്പഗാണ്ടക്ക് പബ്ലിക് റിലേഷൻസ് എന്ന ഓമനപ്പേരിട്ട് അതിന്റെ അനന്തവിശാല സാധ്യതകളെപ്പറ്റി ആദ്യമായി ചിന്തിച്ചത് എഡ്‌വേഡ് ബെർനേയ്‌സ് എന്ന വ്യക്തിയായിരുന്നു. Public relations ന്റെ പിതാവ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
പ്രശസ്ത മനഃശാസ്ത്രജ്ഞനായിരുന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ അനന്തരവനായി 1891 ലാണ് ബെർനേയ്‌സ് വിയന്നയിൽ ജനിച്ചത്. അമേരിക്കയിലേക്ക് കുടിയേറിയ ബെർനേയ്‌സ് കൃഷിയിൽ ബിരുദം നേടിയെങ്കിലും പത്രപ്രവർത്തകനായാണ് തൊഴിൽ ആരംഭിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കക്ക് വേണ്ടി പ്രചാരണങ്ങളും പരസ്യങ്ങളും നിർമ്മിക്കുന്നതിൽ ഭാഗഭാക്കായ ബെർനേയ്‌സ് പിന്നെയുള്ള തന്റെ ജീവിതം ഈ മേഖലയിലേക്ക് തിരിച്ചുവിട്ടു.
പല തരത്തിലുള്ള പ്രചാരണങ്ങളും പരസ്യങ്ങളും ബെർനേയ്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. അവയിലൊന്നായിരുന്നു 'Torches of Freedom'. സാമൂഹിക വിലക്കുകൾ പൊട്ടിച്ച് സ്ത്രീകൾ പുകവലിക്കണമെന്നും, പുകവലിച്ച് സ്ത്രീകൾ പുരുഷമേധാവിത്തത്തെ വെല്ലുവിളിക്കണമെന്നും, പുകവലിയെ സ്ത്രീ ശാക്തീകരണത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കണമെന്നും എന്നൊക്കെയുള്ള ആശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പരസ്യമായി പുകവലിക്കുന്ന സ്ത്രീകളെ അക്കാലത്ത് അമേരിക്കയിൽ അറസ്റ്റ് ചെയ്തിരുന്നു. 1929 ൽ ന്യൂയോർക്കിൽ വെച്ച് പരസ്യമായി സ്ത്രീകൾ പുകവലിച്ചുകൊണ്ട് നടത്തപ്പെട്ട ഈസ്റ്റർ പരേഡിൽ അറിയപ്പെടുന്ന മോഡലുകളും മറ്റും പങ്കെടുത്തു. ഇത് പുകവലിക്ക് സമൂഹത്തിലും സ്ത്രീകളുടെ ഇടയിലും പുകവലിക്ക് സമ്മതി നേടിക്കൊടുത്തു. ലക്കി സ്ട്രൈക്ക് എന്ന സിഗരറ്റ് കമ്പനിക്ക് വേണ്ടിയായിരുന്നു ഈ ബെർനേയ്‌സ് ഇത്തരത്തിലുള്ള ഒരു പ്രചാരണം നടത്തിയത്. മധുരം ഒഴിവാക്കൂ പകരം ഒരു സിഗരറ്റ് വലിച്ച് നിങ്ങളുടെ വണ്ണം കുറയ്‌ക്കൂ എന്നൊരു ആശയവും ബെർനേയ്‌സ് സ്ത്രീകളുടെ ഇടയിൽ പ്രചരിപ്പിച്ചു.
പന്നിയിറച്ചികൊണ്ട് ഉണ്ടാക്കുന്ന ബേക്കണിന്റെ ഉത്പാദകർക്ക് വേണ്ടി ഒരു ബ്രേക്‌ഫാസ്റ് പ്രചാരണത്തിന് ബെർനേയ്‌സ് ചരട് വലിച്ചു. അമേരിക്കക്കാർ ശരിയായി പ്രാതൽ കഴിക്കുന്നില്ലെന്നും, ശരിയായ പ്രാതൽ ഭക്ഷണം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്നും, പന്നിയിറച്ചിയാണ് ഏറ്റവും ഉത്തമമായ ബ്രേക്‌ഫാസ്റ് ഭക്ഷണം എന്നുമൊക്കെ വാർത്തകളിൽ കൂടിയും ഡോക്ടർമാർ വഴിയും ജനങ്ങളെ ഉത്ബോധിപ്പിച്ചുകൊണ്ടാണ് ബേക്കണിന്റെ കാര്യം പറയാതെ പറഞ്ഞ് കമ്പനിയുടെ സെയിൽസ് ബെർനേയ്‌സ് കൂട്ടിയത്.
ഇങ്ങനെ ബെർനേയ്‌സ് നടത്തിയ 'പബ്ലിക് റിലേഷൻസ്' ന്റെ കഥകൾ പറഞ്ഞാൽ തീരില്ല. ചിക്വിറ്റ പഴകമ്പനിക്ക് വേണ്ടി ഗ്വാട്ടിമാലയിലെ ജനാധിപത്യ സർക്കാരിനെ മറിച്ചിട്ടതുൾപ്പടെയുള്ള അനേകം സംഭവങ്ങൾക് പിന്നിൽ ബെർനേയ്‌സ് നടത്തിയ പ്രചാരണങ്ങൾ ആണെന്ന് പറയപ്പെടുന്നു.
ഇന്ന് രാഷ്ട്രീയക്കാർ തിരഞ്ഞെടുപ്പിനിറങ്ങുന്നതിന് വർഷങ്ങൾക് മുൻപേ പബ്ലിക് റിലേഷൻസ് കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നു. അവർ ഈ നേതാക്കളെ പ്രത്യക്ഷമായും പരോക്ഷമായും പരമാവധി ബൂസ്റ്റ് ചെയ്യുന്നു. മികച്ച കമ്പനികളുമായി കരാറിൽ ഏർപ്പെടുന്നവർ പലപ്പോഴും ജയിക്കുകയും ചെയ്യുന്നു.
0 comments:
Post a Comment