Pages

ഈജിപ്റ്റ്‌

ഈജിപ്റ്റ്‌
വടക്കേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് ഈജിപ്ത് (അറബി: مصر , ഔദ്യോഗിക നാമം അറബ് റിപ്പബ്ലിക്ക് ഓഫ് ഈജിപ്ത്). ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേക്കുള്ള കരമാർഗ്ഗമായ സിനായ് ഉപദ്വീപ് ഈജിപ്തിലാണ്. ഈജിപ്തിന്റെ വിസ്തീർണ്ണം 1,001,450 ച.കി.മീ (386,560 ച.മൈൽ‌) ആണ്. ലിബിയ (പടിഞ്ഞാറ്), സുഡാൻ (തെക്ക്), ഗാസ, ഇസ്രായേൽ (കിഴക്ക്) എന്നിവയാണ് ഈജിപ്തിന്റെ അതിരുകൾ. ഈജിപ്തിന്റെ വടക്കേ തീരം മെഡിറ്ററേനിയൻ കടലും (മദ്ധ്യധരണാഴി) കിഴക്കേ തീരം ചെങ്കടലും ആണ്.
ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ ഒന്നാണ് ഈജിപ്ത്. ഈജിപ്തിലെ 7.8 കോടി ജനങ്ങളിൽ (2007-ലെ വിവരം) ഭൂരിഭാഗവും നൈൽ നദീതടങ്ങൾക്ക് സമീപം താമസിക്കുന്നു. (ഏകദേശം 40,000 ച.കി.മീ അല്ലെങ്കിൽ 15,450 ച.മൈൽ) നൈൽ നദീതടങ്ങൾ മാത്രമാണ് ഈജിപ്തിൽ കൃഷിക്ക് അനുയോജ്യമായ ഭൂവിഭാഗം. ഈജിപ്തിലെ ഒരു വലിയ ഭാഗം സഹാറ മരുഭൂമിയുടെ ഭാഗമാണ്. ഇവിടെ ജനവാസം വളരെ കുറവാണ്. ഈജിപ്തിന്റെ ജനസംഖ്യയുടെ പകുതിയും നഗരങ്ങളിൽ താമസിക്കുന്നു. ഇതിൽ കൂടുതലും ജനസാന്ദ്രത കൂടിയ കൈറോ, അലക്സാണ്ഡ്രിയ, എന്നീ നഗരങ്ങളിലും നൈൽ നദീതടത്തിലെ മറ്റ് നഗരങ്ങളിലും വസിക്കുന്നു.
പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിനു പ്രശസ്തമാണ് ഈ രാജ്യം. ഗിസയിലെ പിരമിഡുകൾ, സ്ഫിങ്സ്, തുടങ്ങി ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിൽ ചിലത് ഈജിപ്തിലാണ്. തെക്കൻ നഗരമായ ലക്സറിൽ ഒരുപാട് പുരാതന സ്മാരകങ്ങൾ ഉണ്ട്. കർണാക്ക് ക്ഷേത്രം, രാജാക്കന്മാരുടെ താഴ്വര (വാലി ഓഫ് കിങ്ങ്സ്) തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇന്ന് ഈജിപ്ത് മദ്ധ്യപൂർ‌വ്വ ദേശത്തെ ഒരു പ്രധാന രാഷ്ട്രീയ സാംസ്കാരിക കേന്ദ്രമാണ്.
ചരിത്രം
കറുത്ത ഭൂമി എന്നർത്ഥം വരുന്ന കെമെറ്റ് എന്നായിരുന്നു ഈജിപ്തിന്റെ പഴയ പേര്.നൈൽ നദിയിലെ വെള്ളപ്പൊക്കം വഴി വന്നടിയുന്ന കറുത്ത മണ്ണാണ് ഭൂരിഭാഗവും. നൈൽ നദീതീരങ്ങളിൽ ശിലായുഗമനുഷ്യർ ജീവിച്ചിരുന്നു എന്നതിന് ശിലാലിഖിതങ്ങൾ പറയുന്നു. ചില ഭാഗങ്ങൾ മരുഭൂമിയാകും‌വരെ വേട്ടയാടലും മീൻപിടുത്തവും മുഖ്യ‌ ഉപജീവനമാർഗ്ഗമായിരുന്നു. ബി.സി. 6000ത്തോടെ ധാരാളം കെട്ടിടങ്ങളും കൃഷിയിടങ്ങളും ഉണ്ടായി. നവീന ശിലായുഗ കാലത്ത് ഗോത്രങ്ങളുണ്ടാവുകയും രാജവംശങ്ങളായി പരിണമിയ്ക്കുകയും ചെയ്തു. ഫറോവമാർ ഉൾപ്പെടെ പ്രശസ്തങ്ങളായ പല രാജവംശങ്ങളും ഈജിപ്ത് ഭരിച്ചു.
ഈജിപ്തിൽ ഉപയോഗത്തിലിരുന്ന ആഭരണങ്ങൾ
ബി.സി.343ഓടെ പേർഷ്യൻ ആക്രമത്തോടെ ഫറവോവംശം നാമാവശേഷമായി.പിന്നീട് ഗ്രീക്,റോമൻ ഭരണാധികാരികളാണ് ഭരിച്ചത്.എ.ഡി ഒന്നാം‌നൂറ്റാണ്ടോടെ ക്രിസ്തുമതം ഈജിപ്തിൽ പ്രചരിച്ചു.തുർക്കി അസ്ഥാനമായ സാമ്രാജ്യം ആക്രമിയ്ക്കപ്പെട്ടതുവഴി ക്രിസ്തുമതക്കാർ പീഡിപ്പിയ്ക്കപ്പെടുകയും ശേഷം എ.ഡി639വരെ മുസ്‌ലിം ഭരണത്തിൻകീഴിലായി.
1798ൽ നടന്ന ഫ്രഞ്ച് അധിനിവേശത്തെത്തുടർന്ന് ഈജിപ്തിൽ സാമൂഹികപരിവർത്തനങ്ങളുണ്ടായി. തത്ഫലമായി അനേകം ആഭ്യന്തരയുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. അൽബേനിയനായ മുഹമ്മദ് അലി ഭരണം ഏറ്റെടുത്തു. ഈജിപ്തിനെ ആധുനികവൽക്കരിയ്ക്കുന്നതിൽ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചു. ജലസേചനം, കാർഷികവികസനം, വ്യവസായവത്ക്കരണം ഇങ്ങനെ പല മേഖലകളിലും പുരോഗതിയുണ്ടായി. 1869ൽ ഇദ്ദേഹത്തിന്റെ ചെറുമകൻ ഇസ്മയിൽ പാഷയാണ് സൂയസ് കനാലിന്റെ പണിപൂർത്തിയാക്കിയത്. തുടർന്ന് ബ്രിട്ടീഷുകാർ ഈജിപ്ത് കീഴടക്കി.
1822 മുതൽ 1906വരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. ഇക്കാലത്ത് ആദ്യരാഷ്ട്രീയപ്പാർട്ടി രൂപം‌കൊണ്ടു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ശക്തിയേറിയ സ്വാതന്ത്ര്യസമരങ്ങൾക്ക് ഒടുവിൽ 1922 ഫെബ്രുവരി22ന് ഈജിപ്ത് സ്വതന്ത്രമായി.
ഭരണഘടന
1923ൽ ഭരണഘടന നിലവിൽ വരികയും സാദ്‌സഗ്‌ലുൽ ആദ്യപ്രധാനമന്ത്രി ആവുകയും ചെയ്തു. ദുർബലമായ ഭരണസം‌വിധാനമായിരുന്നു ഇക്കാലങ്ങളിൽ ഉണ്ടായത്. നിരുത്തരവാദിത്വവും അരാജകത്വവും 1952ൽ ഭരണകൂടത്തിന്റെ പിരിച്ചുവിടലിൽ അവസാനിച്ചു. ശേഷം 1953 ജൂൺ18ന് ഈജിപ്ത് റിപബ്ലിക് ആയി പ്രഖ്യാപിയ്ക്കപ്പെട്ടു. ജനറൽ മുഹമ്മദ് നയ്യിബ് ആദ്യ പ്രസിഡന്റായി അധികാരമേറ്റു. 1956ഓടെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽനിന്നും പൂർണ്ണമായും ഈജിപ്ത് സ്വതന്ത്രമയി.
പുരാതന ഈജിപ്ത്
പ്രധാന ലേഖനം: പുരാതന ഈജിപ്ത്
ഈജിപ്ഷ്യൻ സംസ്ക്കാരത്തിന് ഏതാണ്ട് 5000വർഷത്തോളം പഴക്കമുണ്ട്. നൈൽ നദീതീരത്താണിത് ഉടലെടുത്തത്. ആയതിനാൽ തന്നെ ഈജിപ്ത് നൈലിന്റെ ദാനം എന്നാണറിയപ്പെടുന്നത്. ആദ്യത്തെ ദേശീയ സർക്കാർ, 365ദിവസങ്ങളുള്ള ആദ്യകലണ്ടർ, കടലാസിന്റെ ആദ്യ രൂപമായ പാപിറസ്, വാസ്തുവിദ്യ, വൈദ്യശാസ്ത്രം തുടങ്ങിയവ ഈജിപ്തുകാരുടെ സംഭാവനകളിൽ പെടുന്നു. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ സെമറ്റിക് ഭാഷയോട് സാദൃശ്യമുള്ളതായ ഭാഷ ഇവർ ഉപയോഗിച്ചിരുന്നു. ചിഹ്നങ്ങളുപയോഗിച്ചായിരുന്നു എഴുതിയിരുന്നത്. 700തരം ചിത്രങ്ങളടങ്ങിയിരുന്നു.
ഈജിപ്ഷ്യൻ മമ്മി
ഈജിപ്ഷ്യൻ മമ്മിയുടെ മുഖാവരണം
ജനങ്ങൾ
മൂന്നുതട്ടിലായിരുന്നു ഇവരെ വർഗ്ഗീകരിച്ചിരുന്നത്. ഉന്നതർ, ഇടത്തരക്കാർ, താഴേതട്ടിലുള്ളവർ എന്നിങ്ങനെ. ഉന്നതർ ഭൂപ്രഭുക്കൾ, പുരോഹിതർ എന്നിങ്ങനേയും കച്ചവടക്കാർ, കരകൗശലവിദ്ഗ്ധർ എന്നിവർ ഇടത്തട്ടിലും തൊഴിലാളികൾ താഴേത്തട്ടിലും പെടുന്നു. രാജാക്കന്മാർക്ക് ഒന്നിലധികം രാജ്ഞിമാരുണ്ടായിരുന്നു. സ്ത്രീകൾ പുരുഷന്മാർക്കു തുല്യം സ്ഥാനം വഹിച്ചു. വിദ്യാഭ്യാസം വളരേ കുറച്ചാളുകൾക്ക് മാത്രമേ സിദ്ധിച്ചിരുന്നുള്ളൂ.
ഈജിപ്തിൽ ഉപയോഗത്തിലിരുന്ന ആഭരണങ്ങൾ
ഭക്ഷണ, വസ്ത്രധാരണരീതികൾ
റൊട്ടി ആയിരുന്നു പ്രധാനാഹാരം. കൂടാതെ പലതരം പഴങ്ങൾ,പാൽ,വെണ്ണ എന്നിവയും ഉൾപ്പെട്ടിരുന്നു. ലിനൻ കൊണ്ടുള്ള വസ്ത്രങ്ങളായിരുന്നു വ്യാപകമായി ഉപയോഗിച്ചിരുന്നത്. നിറമുള്ള തലപ്പാവുകളും വെച്ചിരുന്നു
മൺകട്ടകളും ചെളിയും ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചിരുന്നത്. മേൽക്കൂര പനയുടെ തടി കൊണ്ട് നിർമ്മിച്ചു. താഴേതട്ടിലുള്ളവരുടെ വീടുകൾക്ക് ഒരു മുറിയും ഇടത്തരക്കാരുടെ വീടുകൾക്ക് മൂന്നുമുറികളും എന്നാൽ സമ്പന്നരുടെ വീടുകൾക്ക് 70ലേറെ മുറികളും ഉണ്ടായിരുന്നു. വേട്ടയാടൽ,മീൻപിടിത്തം,നീന്തൽ എന്നിവയായിരുന്നു മുഖ്യവിനോദങ്ങൾ.
മതം
ഈജിപ്തിൽ ഉപയോഗത്തിലിരുന്ന മോതിരം
ബഹുദൈവവിശ്വാസികളായിരുന്നു പുരാതന ഈജിപ്തുകാർ. റി എന്ന സൂര്യദേവനായിരുന്നു ആരാധനാമൂർത്തികളിൽ പ്രധാനി. നല്ല വിളവുകിട്ടാൻ റെന്നുടെറ്റ് എന്ന ദേവതേയും മാതൃത്വത്തിന്റേയും സ്നേഹത്തേയും പ്രതിനിധീകരിയ്ക്കുന്ന ഒസിറിസ് എന്നിവരും ഇവരിൽ ചിലതാണ്. ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല എന്നതിനാൽ വീടുകളിൽ വെച്ചുതന്നെ ആരാധന നടത്തിവന്നു.
പുനർജന്മത്തിൽ വിശ്വസിയ്ക്കുന്നവരായിരുന്നു പുരാതന ഈജിപ്തുകാർ. അതുകൊണ്ടുതന്നെ മരിച്ചവരോടൊപ്പം പണവും അടുത്ത ജന്മത്തേയ്ക്കെന്ന നിലയിൽ വേണ്ടവയും ചേർത്താണ് അടക്കം ചെയ്തിരുന്നത്. ബാർലിയായിരുന്നു പുരാതന ഈജിപ്തിലെ മുഖ്യകൃഷി. കൂടാതെ പയർവർഗ്ഗങ്ങൾ, ഈന്തപ്പഴം തുടങ്ങിയവയും കൃഷിചെയ്തിരുന്നു. പ്രധാനവ്യവസായം ലിനൻ വസ്ത്രങ്ങൾ ഉണ്ടാക്കി വിൽക്കലായിരുന്നു. പാത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആയുധങ്ങൾ എന്നിവയും നിർമ്മിച്ചു.ഗതാഗതം പ്രധാനമായും നൈൽ നദിയിലൂടെയായിരുന്നു. പിൽക്കാലത്ത് കുതിരകളെ കെട്ടിയ രഥങ്ങളുപയോഗിച്ചു. ചുണ്ണാമ്പുകല്ലിൽ പണിത അമ്പലങ്ങൾ, പിരമിഡുകൾ ഇവയെല്ലാം വാസ്തുവിദ്യയുടെ തെളിവായി അവശേഷിയ്ക്കുന്നു. നൈലിന്റെ വെള്ളപ്പൊക്കത്തെ കേന്ദ്രീകരിച്ച് നിർമ്മിച്ച 365ദിവസങ്ങളുള്ള ആദ്യകലണ്ടർ ഈജിപ്തുകാരുടെ സംഭാവനയാണ്.
ഭൂപ്രദേശം
വലിപ്പത്തിൽ ലോകത്തിലെ 38ആമത്തെ സ്ഥാനമാണ് ഈജിപ്തിനുള്ളത്. ഈജിപ്തിനെ നാലുപ്രധാനമേഖലകളാക്കി തിരിച്ചിരിയ്ക്കുന്നു.
നൈൽവാലിയും ഡെൽറ്റയും
പടിഞ്ഞാറൻ മരുഭൂമി
കിഴക്കൻ മരുഭൂമി
സിനൈ ഉപദ്വീപ്
ഭാഷ
അറബിയാണ് ഔദ്യോഗികഭാഷ. ഈജിപ്തിലെ കൈറോയിലെ ഭാഷയാണ് കൂടുതലായി ഉപയോഗിയ്ക്കുന്നത്. ബെർബർഎന്ന ഭാഷയും ഉപയോഗിയ്ക്കുന്നുണ്ട്.
മതം,സാംസ്ക്കാരികം
ഇസ്‌ലാം മതമാണ് ഔദ്യോഗികമതം. സുന്നി വിഭാഗത്തിൽ പെട്ട മുസ്‌ലിംകളാണ് 90 ശതമാനത്തോളം. ക്രൈസ്തവവിഭാഗത്തിൽ കോപ്റ്റിക് ക്രിസ്ത്യാനികളാണ്ഏറെയും.
മഹത്തായ സാംസ്കാരികപാരമ്പര്യമുള്ള നാടാണ് ഈജിപ്ത്. സിനിമ, സംഗീതം, നാടകം ഈ രം‌ഗങ്ങളിൽ ഇന്ന് ഈജിപ്ത് പ്രശസ്തമാണ്. പരമ്പരാഗത സംഗീതത്തിനുപുറമേ പാശ്ചാത്യസംഗീതവും ഇവർ ആസ്വദിയ്ക്കുന്നവരാണ്. ഡ്രമ്മും ടംപറ്റും ഉപയോഗിച്ച് അവതരിപ്പിയ്ക്കുന്ന സെയ്ദി എന്ന സം‌ഗീതം, ഫെലാനി, സവാഹീലി എന്നിവയും പ്രശസ്തങ്ങളാണ്. ഷാബി, അൽ-ജീൽ എന്നിവ ആധുനികസം‌ഗീതങ്ങളാണ്. ഫുട്‌ബോളും ചതുരം‌ഗവും ആണ് പ്രധാന വിനോദങ്ങൾ. തദ്ദേശീയരും വിദേശീയരും ഒരുമിച്ചാഘോഷിയ്ക്കുന്ന പരമ്പരാഗതകലാരൂപങ്ങളും സർക്കസും എല്ലാം ഇവിടെ നടത്തുന്നു.
ഈജിപ്തുകാരിൽ ഏറേയും പട്ടണങ്ങളിൽ താമസിയ്ക്കുന്നവരാണ്. തലസ്ഥാനമായ കൈറോയിലാണ് അധികവും. രണ്ടാമത്തെ വലിയ നഗരം അലക്സാൺഡ്രിയ ആണ്. ഗ്രാമങ്ങളിൽ അധികവും കൃഷിക്കാരാണ് വസിയ്ക്കുന്നത്. സ്വന്തമായ ഭൂമിയില്ലാത്ത ഇവർ പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. പട്ടണത്തിലുള്ളവർ യൂറ്യോപ്യൻ രീതിയിലുള്ള വസ്ത്രധാരണവും ഗ്രാമവാസികൾ പരമ്പരാഗത വസ്ത്രധാരണരീതിയുമാണ് സ്വീകരിച്ചിരിയ്ക്കുന്നത്. ട്രൗസറും നീളൻകുപ്പായവും പുരുഷന്മാരും പർദ്ദ സ്ത്രീകളും ധരിയ്ക്കുന്നു.
കൃഷി
ഈജിപ്തിലെ 40ശതമാനത്തോളം ജനങ്ങൾ കൃഷിചെയ്ത് ഉപജീവനം നടത്തുന്നു. നൈൽനദിക്കരയിലാണ് കൃഷിഭൂമിയിലേറേയും. കൃഷിയെ സഹായിയ്ക്കുന്നതിനുള്ള ജലസേചനമാർഗ്ഗങ്ങൾ കനാലുകൾ, ഡാമുകൾ എന്നിവ വഴിയാണ്. പരുത്തിയാണ് പ്രധാന നാണ്യവിള. ചോളം, ഓറഞ്ച്, കരിമ്പ്, ഉരുളക്കിഴങ്ങ്, അരി, തക്കാളി, ഗോതമ്പ് ഇവയും ഉണ്ട്. ആട്, ചെമ്മരിയാട്, കോഴി എന്നിവയുടെ വളർത്തലും സജീവമാണ്. നൈൽനദിക്കരയിലെ ഖനനം വഴി ധാരാളം പെട്രോളിയവും പ്രകൃതിവാതകവും ലഭിയ്ക്കുന്നു.

0 comments:

Post a Comment